നേപ്പാളിലെ പൃഥ്വി ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് ത്രീശൂലി നദിയിലേക്ക് മറിഞ്ഞ് 18 മരണം. പൊഖറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ആറ് സ്ത്രീകളും ഒരു ന്യൂസിലൻഡ് സ്വദേശിയും ഉൾപ്പെടുന്നു. അപകടത്തിൽ പരുക്കേറ്റ 25 ഓളം യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ജപ്പാൻ, നെതർലൻഡ്സ് സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ട്.
ബെനിഘട്ട് റോറാങ് റൂറൽ മുനിസിപ്പാലിറ്റിയിലെ ചരൗണ്ടിക്കടുത്തുള്ള ചിനാധാരയിലാണ് ദുരന്തം നടന്നത്. 35-ലധികം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് പതിക്കുകയായിരുന്നു. അർധരാത്രിയിലുണ്ടായ അപകടമായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. നേപ്പാൾ ആർമി, സായുധ പൊലീസ്, പ്രാദേശിക നിവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ മിക്കവരെയും തിരിച്ചറിഞ്ഞിട്ടില്ല. നേപ്പാളിലെ മലയോര പാതകളിൽ അപകടങ്ങൾ പതിവാണെങ്കിലും വിദേശികളടക്കം ഉൾപ്പെട്ട ഈ ദുരന്തം രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.