ചാര്‍ളി കെര്‍ക്ക് (AP Photo/Jeffrey Phelps, File)
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി കെര്‍ക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റി ക്യാംപസിലെ പരിപാടിയില്‍ പ്രസംഗത്തിനിടെയാണ് കെര്‍ക്കിന് വെടിയേറ്റത്. ട്രംപിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് കെര്‍ക്ക്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയമറിഞ്ഞ ആളാണ് കെര്‍ക്കെന്ന് ട്രംപ് കുറിച്ചു. കെര്‍ക്കിന്‍റെ മരണത്തിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരം വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ടേണിങ് പോയിന്റ് യുഎസ്എ എന്ന യുവജനസംഘടനയുടെ സഹസ്ഥാപകന്‍ കൂടിയാണ് ചാര്‍ളി കെര്‍ക്ക്.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെര്‍ക്കിന്‍റെ കൊലപാതകത്തില്‍ ഒരാൾക്ക് മാത്രമേ പങ്കുള്ളൂ എന്നാണ് പ്രാഥമിക വിവരം. എങ്കിലും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. 47,000 ത്തോളം വിദ്യാർഥികള്‍ പഠിക്കുന്ന യൂട്ടാ വാലി യൂണിവേഴ്സിറ്റി ആക്രമണത്തെത്തുടർന്ന് അടച്ചു. കെര്‍ക്ക് പങ്കെടുത്ത ക്യാംപസിലെ പരിപാടി നേരത്തെ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കെർക്കിനെ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം പോര്‍ ഒപ്പിട്ട അപേക്ഷ സര്‍വകലാശാല അധികൃതര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും സംവാദത്തിനുമുള്ള ഇടമാണ് സര്‍വകലാശാല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴുത്തിലെ മുറിവില്‍ നിന്ന് രക്തമൊഴുന്ന നിലയിലുള്ള കെര്‍ക്കിന്‍റെയും നിലവിളിച്ച് ഓടുന്ന വിദ്യാര്‍ഥികളുടെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആക്രമണത്തെ അപലപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കെര്‍ക്കിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ചു. തർക്കങ്ങൾ അക്രമത്തിലൂടെയല്ല, ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത് എന്നാണ് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പറഞ്ഞത്. ഡെമോക്രാറ്റിക് നേതാക്കളും പിന്തുണ അറിയിച്ച് രംഗത്തുണ്ട്. ആക്രമണം നീചവും, അപലപനീയവുമാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം വിശേഷിപ്പിച്ചു. രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് രാജ്യത്ത് ഒരു സ്ഥാനവുമില്ലെന്ന് മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.