Image Credit : X

വാര്‍ത്താസമ്മേളനത്തിനിടെ കുഴഞ്ഞുവീണ് സ്വീഡന്‍റെ  ആരോഗ്യമന്ത്രി.  മന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്തസമ്മേളനത്തിനിടെയാണ് എലിസബത്ത് ലാന്‍  കുഴഞ്ഞുവീണത്.  ചൊവ്വാഴ്ചയായിരുന്നു സംഭവം. ലാന്‍ കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടയിലാണ് നാല്‍പ്പത്തെട്ടുകാരിയായ ലാന്‍ കുഴഞ്ഞുവീണത്.

സംഭവസമയത്ത് സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്‌റ്റെര്‍സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബ ബുഷ് എന്നിവരും ലാനിനൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയ ലാന്‍ നിമിഷങ്ങള്‍ക്കകം ബോധം നഷ്ടപ്പെട്ട് നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ എബ്ബയും മാധ്യമപ്രവര്‍ത്തകരും സുരക്ഷാഉദ്യോഗസ്ഥരും ലാനിന്‍റെ അടുത്തേയ്ക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നുപോയതാണ് ലാന്‍ കുഴഞ്ഞുവീഴാന്‍ കാരണമായത്. പ്രഥമ ശുശ്രൂഷ ലഭിച്ച് അല്‍പം സമയത്തിനകം തിരികെയെത്തിയ ലാന്‍ തനിക്ക് സംഭവിച്ചതെന്താണെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു. അക്കൊ അന്‍കാബെര്‍ഗ് ജൊഹാന്‍സണ്‍ രാജിവെച്ചതിന് പിന്നാലെയാണ് സ്വീഡന്റെ ആരോഗ്യമന്ത്രിയായി ലാന്‍ ചുമതലയേറ്റത്.

ENGLISH SUMMARY:

Swedish Health Minister Elisabeth Lahn collapsed during a press conference shortly after assuming office. The incident was attributed to low blood sugar, and she recovered quickly after receiving first aid.