nepal-protest

Demonstrators clash with riot police personnel during a protest outside the Parliament in Kathmandu on September 8, 2025, condemning social media prohibitions and corruption by the government. Nepal police fired tear gas and water cannon on September 8, to disperse thousands of demonstrators demanding the government lift its ban on social media and tackle corruption in the country. (Photo by Prabin RANABHAT / AFP)

സമൂഹമാധ്യമങ്ങള്‍ വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേപ്പാളില്‍ യുവജനങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. Gen Z വിപ്ലവം എന്ന് പേരു ലഭിച്ച പ്രതിഷേധത്തില്‍ ഒന്‍പത് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നേപ്പാള്‍ പാര്‍ലമെന്‍റിന് സമീപം പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ചതോടെയാണ് മരണം. 

അഴിമതിയും വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും അടക്കം സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ സോഷ്യല്‍ മീഡിയ നിരോധനത്തിലൂടെ പ്രതിഷേധമായി ഒഴുകി എന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ നിരോധനം മാത്രമല്ല അഴിമതിക്കെതിരെയുമാണ് പ്രതിഷേധമെന്ന് റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ഥി യുജന്‍ രാജ്ഭന്‍ദ്രി പറഞ്ഞത്. 

ജനങ്ങളെ തെരുവില്‍ ഇറക്കിയ സമൂഹ മാധ്യമങ്ങളുടെ നിരോധനത്തിന് പിന്നില്‍ എന്തായിരുന്നു കാരണം?

കഴിഞ്ഞ ദിവസം വന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് രജിസ്റ്റര്‍ ചെയ്യാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാന്‍ മന്ത്രിതല യോഗം തീരുമാനിച്ചത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ടിക്ടോക്ക് അടക്കം അഞ്ച് കമ്പനികള്‍ക്കാണ് നിരോധനം ഇല്ലാത്തത്. ഫെയ്സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സാപ്പ്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്കോര്‍ഡ്, പിന്‍ട്രസ്റ്റ്, സിഗ്നല്‍, ത്രെഡ്, വീചാറ്റ്, ക്വൂറ, ടംബ്ലര്‍, ക്ലബ്ഹൗസ്, റബ്ബിള്‍, എംഐ വിഡിയോ, എംഐ വൈക്ക്, ലൈന്‍, ഐഎംഒ, ജലോ, സോള്‍, ഹമ്രോ പട്രോ എന്നിവയാണ് നേപ്പാളില്‍ നിരോധനം നേരിടുന്ന സമൂഹ മാധ്യമ അക്കൗണ്ടുകള്‍. 

ബുധനാഴ്ചയാണ് സുപ്രീംകോടതി അഞ്ച് വര്‍ഷത്തെ ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. ലൈസന്‍സില്ലാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, ഒടിടി ആപ്പുകള്‍ ഇന്‍റര്‍നെറ്റ് ബ്രൗസറുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും കണ്ടന്‍റ് സംപ്രേക്ഷണങ്ങള്‍ക്കും നിരോധനം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അത് അംഗീകരിച്ച സുപ്രീംകോടതി ലൈസൻസില്ലാത്ത പ്ലാറ്റ്‌ഫോമുകൾ പരസ്യങ്ങളും ഉള്ളടക്കവും സംപ്രേക്ഷണം ചെയ്യുന്നത് നിർത്തണം എന്ന് വിധിച്ചു. ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാഴാഴ്ച സര്‍ക്കാറും നിര്‍ദ്ദേശം വച്ചു. 

ഏഴു ദിവസത്തെ സമയപരിധിയാണ് ഇതിനായി നിശ്ചയിച്ചത്. എന്നാല്‍ രജിസ്ട്രേഷനായി ഒരു പ്ലാറ്റ്ഫോമും അപേക്ഷ സമര്‍പ്പിച്ചില്ല.  കഴിഞ്ഞ ബുധനാഴ്ച സമയപരിധി അവസാനിച്ചതോടെ കമ്പനികള്‍ നിരോധനം നേരിട്ടു. രജിസ്റ്റർ ചെയ്യാൻ ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും നേപ്പാളിന്‍റെ നിയമങ്ങളും ഭരണഘടനയും പാലിക്കാൻ തയ്യാറല്ലെന്ന് കമ്പനി അറിയിച്ചെന്ന് സർക്കാർ വക്താവും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയുമായ പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു. രാജ്യത്ത് രജിസ്ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. 

നിരോധനം വന്ന ശേഷം കഴിഞ്ഞാഴ്ചയുടെ അവസാനത്തിലാണ് നേപ്പാളില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. നേപ്പാളിന്‍റെ മര്‍മപ്രധാനമായ ടൂറിസം മേഖലയെ നടപടി കാര്യമായി ബാധിച്ചു. പ്രമോഷനും വിദേശത്തും സ്വദേശത്തുമുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടാനും സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്ന കമ്പനികളെ നടപടി പ്രതിസന്ധിയാലാക്കി. ജോലിക്കും പഠനത്തിനുമായി വിദേശത്ത് കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. ഇതും നിരോധനത്തോടെ പ്രതിസന്ധിയാലായി. 

നിരോധനത്തിന് എതിരെ തുടക്കത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളോട് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രതികരിച്ചത് ഇങ്ങനെയാണ്. 

'രാജ്യത്തിൻ്റെ സ്വാതന്ത്ര്യം വിരലിലെണ്ണാവുന്ന വ്യക്തികളുടെ തൊഴിൽ നഷ്ടപ്പെടുന്നതിനേക്കാൾ വലുതാണ്, നിയമത്തെ ധിക്കരിക്കുന്നതും ഭരണഘടനയെ അവഗണിക്കുന്നതും ദേശീയ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അനാദരിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും?' എന്നാണ് ഞായറാഴ്ച ഒലി പറഞ്ഞത്. 

ENGLISH SUMMARY:

Nepal's social media ban has sparked widespread protests, particularly among the youth. The ban, implemented following a court order, targets unregistered platforms and has triggered concerns about freedom of expression and economic impact.