മുന്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കളെയും സഹോദരിയേയും വിഷക്കൂണ്‍ നല്‍കി കൊന്ന കേസില്‍ മെല്‍ബണ്‍ സ്വദേശിനി എറിന്‍ പാറ്റേഴ്സണ് ജീവപര്യന്തം. 2023 ജൂലൈയിൽ നടന്ന സംഭവത്തില്‍ കഴിഞ്ഞ ജൂലൈ ആദ്യം അന്‍പതുകാരിയായ എറിന്‍ പാറ്റേഴ്സണ്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധി വരുന്നത്. ജീവപര്യന്തം കാലയളവില്‍ 33 വര്‍ഷത്തേക്ക് പരോളും ലഭിക്കില്ല. ഇതോടെ 2056 ൽ പരോളിന് അപേക്ഷിക്കാൻ യോഗ്യത നേടുമ്പോൾ എറിന്‍ പാറ്റേഴ്സണ് 82 വയസ്സ് തികയും. അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ എറിന് ഒക്ടോബർ 6 വരെ സമയമുണ്ട്.
കൊല്ലപ്പെട്ട ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ, ഹെതർ വിക്കിൻസണ്‍, രക്ഷപ്പെട്ട ഇയാൻ വിൽക്കിൻസൺ (ചിത്രം: ഫെയ്സ്ബുക്ക്)
‘കൂടത്തായി മോഡല്‍’ എന്ന് കേരളത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതമാണ് ഓസ്ട്രേലിയയിലെ വിഷക്കൂണ്‍ കൊല. 2023 ജൂലൈ 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ പേസ്ട്രിയില്‍ ലോകത്തിലെ ഏറ്റവും മാരകമെന്ന് കരുതപ്പെടുന്ന ഡെത്ത് ക്യാപ് കൂൺ ചേര്‍ത്താണ് എറിന്‍ തന്‍റെ മുൻ ഭർത്താവിന്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ എന്നിവരെയും ഗെയ്‌ലിന്‍റെ സഹോദരി ഹെതർ വിക്കിൻസണിനെയും അരുംകൊല ചെയ്തത്. അബദ്ധത്തില്‍ വിഷക്കൂണ്‍ പേസ്ട്രിയില്‍ വീണെന്നായിരുന്നു എറിന്‍റെ വാദമെങ്കിലും മനപ്പൂര്‍വ്വം വിഷക്കൂണ്‍ ചേര്‍ത്തതായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അന്ന് എറിന്‍ നടത്തിയ ‘മരണ’ അത്താഴത്തില്‍ നിന്ന് രക്ഷപ്പെട്ടത് പാസ്റ്റർ ഇയാൻ വിൽക്കിൻസൺ മാത്രമായിരുന്നു. ഇയാളെ വീണ്ടും കൊല്ലാന്‍ ശ്രമിച്ചതിലും എറിന്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
വര്‍ഷങ്ങളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു എറിനും ഭര്‍ത്താവ് സൈമണും. അന്നത്തെ അത്താഴത്തിന് എറിന്‍ ഭര്‍ത്താവ് സൈമണിനേയും ക്ഷണിച്ചിരുന്നു. അവസാന നിമിഷം പിന്മാറിയത് സൈമണ് രക്ഷയായി. കുട്ടികളുടെ അവകാശത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ സമയമായിരുന്നു അത്. തന്‍റെ ഗർഭാശയ കാൻസറിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേനയാണ് എറിന്‍ എല്ലാവരേയും വിളിച്ചുവരുത്തിയത്. കുട്ടികളെ അസുഖവിവരം എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കാനാണെന്ന് എറിൻ അവരോട് പറഞ്ഞു. എന്നാൽ ഗർഭാശയ കാൻസര്‍ കളവായിരുന്നുവെന്ന് പിന്നീട് വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
വിരുന്നിനെത്തിയ എല്ലാവർക്കും ആഹാരം വിളമ്പിയത് എറിനാണ്. തനിക്ക് വിഷമില്ലാത്ത ആഹാരം വിളമ്പിയ എറിൻ എല്ലാം കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. അതിഥികൾക്ക് ചാരനിറത്തിലുള്ള പ്ലേറ്റുകള്‍. എറിന്‍ ഭക്ഷണം എടുത്തത് ഓറഞ്ച് നിറത്തിലുള്ള പ്ലേറ്റില്‍. കുട്ടികൾ ഭക്ഷണത്തിന് വരേണ്ടെന്നും എറിൻ പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ മാരകമായ അമറ്റോക്സിൻ അതിഥികളുടെ രക്തത്തില്‍ കലരാന്‍ തുടങ്ങി. മൂന്നുപേരും ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് മരണം സംഭവിച്ചത്. ആഴ്ചകളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഇയാൻ വിൽക്കിൻസൺ വിഷബാധ അതിജീവിച്ചത്.
എന്താണ് ഡെത്ത് ക്യാപ്സ് മഷ്റൂം?
ഭൂമിയിലെ ഏറ്റവും മാരകമായ കൂണുകളാണ് ഡെത്ത് ക്യാപ്സ് മഷ്റൂം. കണ്ടാല്‍ ഭക്ഷ്യയോഗ്യമായ മറ്റ് കൂണുകളെപ്പോലെയാണ്. നല്ല രുചിയുള്ളതിനാല്‍ ഇവ വിഷമുള്ളതാണെന്ന് മനസിലാക്കാന്‍ പ്രയാസം. കൂണിന്റെ എല്ലാ ഭാഗങ്ങളും വിഷമുള്ളതാണ്. പാചകം ചെയ്താലോ തൊലി കളഞ്ഞാലോ വിഷാംശം പോകില്ല. കാൻബറയിലും സമീപപ്രദേശങ്ങളിലും മെല്‍ബണിലും ഡെത്ത് ക്യാപ്സ് മഷ്റൂം ധാരാളം കാണാം. ഓക്ക് മരങ്ങൾക്ക് സമീപം തഴച്ചുവളരും.