Image: Social Media
അമേരിക്കയിലെ കലിഫോര്‍ണിയയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ ചോദ്യം ചെയ്തതിന് ഇന്ത്യക്കാരനായ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം ജോലിസ്ഥലത്തിനടുത്തുള്ള റോഡിന് സമീപത്തായിരുന്നു സംഭവം. ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള 26 കാരനായ കപില്‍ ആണ് കൊല്ലപ്പെട്ടത്. കലിഫോര്‍ണിയയിലെ ഒരു കടയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു കപില്‍.
കപില്‍ ഡ്യൂട്ടിയിലിരിക്കെ തന്‍റെ കടയ്ക്ക് സമീപമുള്ള റോഡിൽ ഒരു ഒരു യുഎസ് പൗരന്‍ മൂത്രമൊഴിക്കുന്നത് കാണുകയും ഇവിടെ മൂത്രമൊഴിക്കരുതെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ തന്‍റെ പിസ്റ്റൾ പുറത്തെടുത്ത് കപിലിനെ വെടിവയ്ക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. കപിലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. യുഎസില്‍ രണ്ട് ദിവസത്തെ അവധിയായതിനാൽ പോസ്റ്റ്‌മോർട്ടം ബുധനാഴ്ച നടത്തും. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാൻ 15 ലക്ഷം രൂപ നൽകേണ്ടിവരുമെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, 2022 ൽ ഒരു ഏജന്‍റിന് 45 ലക്ഷം രൂപ നൽകിയാണ് കപില്‍ നിയമവിരുദ്ധമായി യുഎസിലെത്തുന്നത്. പിന്നാലെ അറസ്റ്റിലായെങ്കിലും നിയമനടപടികളിലൂടെ മോചിതനായ കപില്‍ പിന്നീട് രാജ്യത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. ഹരിയാനയില്‍ നിന്നുള്ള കർഷക കുടുംബത്തിലെ ഏക മകനാണ് കപില്‍. രണ്ട് സഹോദരിമാരും മാതാപിതാക്കളുമടങ്ങുന്നതാണ് കപിലിന്‍റെ കുടുംബം. യുഎസിൽ താമസിക്കുന്ന ഒരു ബന്ധുവാണ് മരണവാർത്ത കുടുംബത്തെ അറിയിച്ചത്.
ഓഗസ്റ്റ് അവസാനം, ലോസ് ഏഞ്ചൽസ് നഗരത്തിലെ നടുറോഡില്‍വച്ച് ആയുധവുമായി ‘ഗഡ്ക’ അഭ്യാസം നടത്തിയ സിഖുകാരനെ യുഎസ് പൊലീസ് വെടിവച്ചുകൊന്നിരുന്നു. ലോസ് ഏഞ്ചൽസ് നഗരത്തിലെ ക്രിപ്‌റ്റോ.കോം അരീനയ്ക്ക് സമീപമാണ് സംഭവം. ആയുധവുമായെത്തിയ ഇയാള്‍ റോഡിലൂടെ തലങ്ങും വിലങ്ങും ഓടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദേശങ്ങളൊന്നും അനുസരിക്കാതെ വന്നതോടെയാണ് വെടിവച്ചുവീഴ്ത്തിയത്.