pak-cricket-ground-blast

പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനമാണ് ഉണ്ടായതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ സ്ഫോടനത്തിന് പിന്നാലെ പുക ഉയരുന്നതും ആളുകൾ ഓടുന്നതും കാണാം. സ്ഫോടനത്തിന് പിന്നില്‍ ഭീകരവാദ സംഘടനകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച പ്രദേശത്ത് നടന്ന ‘ഓപ്പറേഷൻ സർബകഫിന്’ മറുപടിയായി തീവ്രവാദികൾ നടത്തിയ ആക്രമണണാണിതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഓപ്പറേഷൻ സർബകഫിന്‍റെ ഭാഗമായി രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലീസ് കോൺസ്റ്റബിളിനും പ്രദേശവാസിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, മറ്റൊരു സംഭവത്തില്‍ ലാച്ചി തെഹ്‌സിലിലെ ദർമലക് പൊലീസ് ചെക്ക്‌പോസ്റ്റിനു സമീപം അജ്ഞാതരായ അക്രമികൾ പൊലീസ് വാഹനം ആക്രമിക്കുകയും ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം, പാകിസ്ഥാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഏഴ് ജില്ലകളിലായി പൊലീസ് സ്റ്റേഷനുകൾ, ചെക്ക്‌പോസ്റ്റുകൾ, പട്രോളിങ് സംഘങ്ങള്‍ എന്നിവയ്ക്കെതിരെ പാക്കിസ്ഥാൻ താലിബാൻ എന്നും അറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ കൊലപ്പെട്ടിരുന്നു.

ENGLISH SUMMARY:

A deadly explosion rocked a cricket ground in Khyber Pakhtunkhwa, Pakistan, during a match, killing one person and injuring several others. According to reports, the blast was caused by an improvised explosive device (IED). Disturbing videos circulating on social media show smoke rising and people fleeing the scene in panic. Authorities suspect the involvement of terrorist groups, though no organization has claimed responsibility yet. Security officials believe the attack may be retaliation for the recent “Operation Sarbakaf,” in which three militants were killed. In another incident in the region, unidentified assailants targeted a police vehicle, killing a constable. Last month, on Independence Day, the Tehrik-e-Taliban Pakistan (TTP) launched multiple attacks across seven districts, killing six officers.