ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ 2019ല്‍ അമേരിക്കയിട്ട പദ്ധതി പൊളിഞ്ഞു പോയെന്ന് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. യുഎസ് നേവി സീലിലെ 6 റെഡ് സ്ക്വാര്‍ഡ്രന്‍റെ നേതൃത്വത്തിലാണ് ദൗത്യം നടന്നതെന്നും ബിന്‍ ലാദനെ വകവരുത്തിയ ടീം അംഗങ്ങളാണ് ദൗത്യസംഘത്തിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അപ്രതീക്ഷിതമായി ഉത്തര കൊറിയന്‍ തീരത്ത് ബോട്ട് കണ്ടതിനെ തുടര്‍ന്നാണ് ദൗത്യം ഉപേക്ഷിച്ച് സീലുകള്‍ മടങ്ങിയതെന്ന വിവരവും റിപ്പോര്‍ട്ടില്‍ ഉണ്ട്.
photo by US Navy
2019 ല്‍ വിയറ്റ്നാമില്‍ വച്ച് ട്രംപും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക ദൗത്യം ആരംഭിച്ചത്. ഉത്തരകൊറിയയില്‍ നിന്നും കിമ്മിനെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറംലോകത്തെത്തിക്കുകയും കിമ്മിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു ലക്ഷ്യം. അതീവ സാഹസിക ദൗത്യമായതിനാല്‍ തന്നെ യുഎസ് പ്രസിഡന്‍റിന്‍റെ നേരിട്ടുള്ള അനുമതി ആവശ്യമായിരുന്നു. ദൗത്യത്തില്‍ വരുന്ന നേരിയ പിഴവ് പോലും ലോകയുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യം ഒരുക്കുമെന്നതിനാല്‍ പരമരഹസ്യമായിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഡോണള്‍ഡ് ട്രംപ് നിഷേധിച്ചു. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് ട്രംപിന്‍റെ മറുപടി. ഇതൊക്കെ എപ്പോള്‍ സംഭവിച്ചു? താന്‍ ഇപ്പോഴാണ് അറിയുന്നത് എന്ന ആശ്ചര്യവും ട്രംപ് പ്രകടിപ്പിച്ചു.
അസ്ഥി തുളയുന്ന തണുപ്പില്‍ മാസങ്ങള്‍ നീണ്ട പരിശീലനമാണ് സീല്‍ അംഗങ്ങള്‍ നടത്തിയത്. ആണവശേഷിയുള്ള അന്തര്‍വാഹിനിയിലാണ് ദൗത്യത്തിനായി എത്താന്‍ തീരുമാനിച്ചതും. രണ്ട് കുഞ്ഞന്‍ സ്റ്റെല്‍ത്ത് അന്തര്‍വാഹിനികളും ഉത്തരകൊറിയയിലേക്ക് അകമ്പടിയായി പോയി. നാല് ഡിഗ്രി പോന്ന തണുപ്പില്‍ സ്കൂബ ഗിയറും ശരീരത്തിന് ചൂട് നല്‍കുന്ന സ്യൂട്ടുകളുമിട്ട് മണിക്കൂറുകളോളം നീന്തി ഉത്തരകൊറിയയില്‍ കടന്ന ശേഷം ലക്ഷ്യസ്ഥാനത്തെത്തി ചാര ഉപഗ്രഹം ഘടിപ്പിച്ച് ഡ്രോണുകളുടെ പോലും കണ്ണില്‍പ്പെടാതെ തിരികെ യുഎസിലേക്ക് മടങ്ങുകയായിരുന്നു ലക്ഷ്യം.
പദ്ധതി പ്രകാരം ഉത്തരകൊറിയന്‍ തീരത്തെത്തിയ സീലുകള്‍ കുറ്റാക്കൂരിരിട്ടിലും ഒരു ബോട്ട് കണ്ടു. വിവരം കമാന്‍ഡറുമായി കൈമാറാന്‍ മാര്‍ഗില്ലെന്നും അപകടമാണെന്നും തിരിച്ചറിഞ്ഞതും സീലുകള്‍ ബോട്ടിന് നേരെ വെടിയുതിര്‍ത്തു. മല്‍സ്യബന്ധനത്തിനായി ഇറങ്ങിയ മൂന്നുപേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മൂവരെയും വകവരുത്തിയതിന് പിന്നാലെ ഇവരുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ പൊങ്ങി വരാതെയിരിക്കാന്‍ ശ്വാസകോശം കത്തി കൊണ്ട്കുത്തിക്കീറി കടലില്‍ മുക്കി. പിന്നാലെ ദൗത്യം റദ്ദാക്കി സീലുകള്‍ യുഎസിലേക്ക് മടങ്ങി. നിരായുധരായിരുന്നു കൊല്ലപ്പെട്ട മൂന്നുപേരുമെന്നും ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
യുഎസ് ഫെഡറല്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു ദൗത്യമെന്നും സുപ്രധാന കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നുവരെ ദൗത്യം മറച്ചുവച്ചുവെന്നും റിപ്പോര്‍ട്ട് തുറന്നടിക്കുന്നു. ഇത്തരമൊരു സംഭവമുണ്ടായതായി പെന്‍റഗണ്‍ എവിടെയും സമ്മതിച്ചിട്ടുമില്ല. ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് പിന്നിട് സ്ഥാനക്കയറ്റം നല്‍കി. 2021ല്‍ ബൈഡന്‍ സര്‍ക്കാര്‍ ദൗത്യത്തില്‍ രഹസ്യാന്വേഷണം പ്രഖ്യാപിക്കുകയും സുപ്രധാന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇത് വിശദീകരിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.