Image credit:x
ലഹരി മരുന്ന് ബോട്ടിന് നേരെ യുഎസ് മിസൈല്‍ ആക്രമണമുണ്ടായതിന് പിന്നാലെ അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ പാഞ്ഞടുത്ത് വെനസ്വേലയുടെ യുദ്ധവിമാനങ്ങള്‍. എഫ്–16 യുദ്ധവിമാനങ്ങളാണ് അമേരിക്കയ്ക്ക് മുന്നില്‍ ശക്തിപ്രകടനം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. തെക്കന്‍ കരീബിയന്‍ കടലില്‍ ഇന്നലെയായിരുന്നു സംഭവം. ജാസന്‍ ഡനമെന്ന യുദ്ധക്കപ്പല്‍ ലക്ഷ്യമിട്ട് വെനസ്വേല വിമാനങ്ങളയച്ചത്. ട്രംപും വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് ട്രംപിന്‍റെ ഉത്തരവിനെ തുടര്‍ന്ന് വെനസ്വേലയുടെ ലഹരി മരുന്ന് ബോട്ടിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായത്.
Image credit:x
മഡുറോ അയച്ച വിമാനങ്ങള്‍ യുദ്ധക്കപ്പലിന് നേരെ എത്തിയെന്നും ലഹരി മരുന്ന് ഭീകരവാദത്തിനെതിരായ യുഎസ് പോരാട്ടത്തിന് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പെന്‍റഗണ്‍ ആരോപിച്ചു. ഇനി ഇത്തരം ഇടപെടല്‍ ഉണ്ടാകരുതെന്ന മുന്നറിയിപ്പും പെന്‍റഗണ്‍ മുഴക്കിയിട്ടുണ്ട്. യുഎസിന്‍റെ മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, യുദ്ധത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കാനാണ് ട്രംപിന്‍റെ ശ്രമെന്ന് പ്രസിഡന്‍റ് മദൂറോ ആരോപിച്ചു. മഡുറോയെ യുഎസ് ഇതുവരെയും വെനസ്വേലയുടെ പ്രസിഡന്‍റായി അംഗീകരിച്ചിട്ടില്ല. ട്രംപിന്‍റെ നടപടി ന്യായീരിക്കാന്‍കഴിയാത്തതും ക്രിമിനല്‍ ഭീഷണിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെക്കന്‍ കരീബിയന്‍ കടലില്‍ ഏഴ് യുദ്ധക്കപ്പലുകളാണ് അമേരിക്ക നിലവില്‍ വിന്യസിച്ചിരിക്കുന്നത്.
മഡുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികമായി 50 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രഖ്യാപിച്ചത്.മഡുറോയാണ് വിദേശത്ത് നിന്നുള്ള ഭീകരവാദികളെ അമേരിക്കയിലേക്ക് എത്താന്‍ സഹായിക്കുന്നതെന്നും ബോണ്ടി ആരോപിച്ചിരുന്നു. മദൂറോയുമായി ബന്ധമുള്ളവരില്‍ നിന്ന് 30 ടണ്‍ കൊക്കെയ്നും മഡുറോയ്ക്കായി എത്തിച്ച 7 ടണ്‍ കൊക്കെയ്നും കണ്ടെത്തിയെന്നും ബോണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന്‍റെ കാലത്ത് മഡുറോയ്ക്കുള്ള വിധി നടപ്പാകുമെന്നും അവര്‍ ഭീഷണി മുഴക്കി.
2013 മുതല്‍ വെനസ്വേലയുടെ പ്രസിഡന്‍റാണ് നിക്കോളാസ് മഡുറോ. നാഷനല്‍ അംസബ്ലിയില്‍ നിന്നുള്‍പ്പടെ അധികാരം പിടിച്ചെടുത്ത് കാര്യനിര്‍വഹ വിഭാഗത്തിന് മഡുറോ കൈമാറിയത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.