(Image: Gofundme)
എംആര്‍ഐ സ്കാനറിനുള്ളില്‍ കുടുങ്ങി ഭര്‍ത്താവ് മരണടഞ്ഞതിന് ദൃക്ഷ്സാക്ഷികേണ്ടിവന്നതിന്‍റെ മാനസികപിരിമുറക്കത്തില്‍ മോചിതയാകാതെ ഭാര്യ. ന്യൂയോർക്കിലെ നാസാവു ഓപ്പൺ എംആർഐയില്‍ ജൂലൈയിലായിരുന്നു സംഭവം. മരണം നടന്നിട്ട് മാസങ്ങളായെങ്കിലും ആ മരണത്തിന്‍റെ ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ല മരിച്ച കീത്ത് മക്അലിസ്റ്ററിന്റെ ഭാര്യ അഡ്രിയൻ.
കീത്തും ഭാര്യയും | ചിത്രം: ഫെയ്സ്ബുക്ക്
അഡ്രിയന്‍റെ കാല്‍മുട്ട് സ്കാന്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായ മരണം കീത്തിന്‍റെ ജീവന്‍ കവര്‍ന്നത്. സ്കാനിങിന് ശേഷം അഡ്രിയനെ എഴുന്നേൽക്കാൻ സഹായിക്കുന്നതിനായാണ് കീത്ത് സ്കാനിങ് റൂമിലേക്കെത്തുന്നത്. ഈ സമയം ഭാരം കൂടിയ വെയിറ്റ് ട്രെയിനിങ് ചെയിന്‍ ധരിച്ചെത്തിയ കീത്തിനെ ഓണായിരുന്ന എംആര്‍ഐ മെഷീന്‍ അകത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറാണ് കീത്ത് മെഷീനിനുള്ളില്‍പ്പെട്ടത്. ഈ സമയമത്രയും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യ ‘ആരെങ്കിലും അതൊന്ന് ഓഫ് ചെയ്യൂ’ എന്നു പറഞ്ഞ് അലറിക്കരയുകയായിരുന്നു.
ന്യൂസ് 12 ലോങിനോടായിരുന്നു അഡ്രിയൻ ആ ദിവസത്തെക്കുറിച്ച് വീണ്ടും സംസാരിച്ചത്. ‘ആ മെഷീന്‍ ഓഫ് ചെയ്യാനും 911 ല്‍ വിളിക്കാനും ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. ശരീരം മുഴുവന്‍ തളര്‍ന്ന നിലയിലാണ് അദ്ദേഹത്തെ പുറത്തെടുത്തത്. ഹൃദയാഘാതത്തെ തുടർന്ന് കീത്ത് അടുത്ത ദിവസം മരിക്കുകയും ചെയ്തു’ അഡ്രിയന്‍ പറയുന്നു. ‘എനിക്കൊന്നും വിശ്വസിക്കാന്‍ പോലുമായില്ല, ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല’ അഡ്രിയന്‍ ആ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുന്നു.
കീത്തിന്‍റെ മരണത്തിന് പിന്നാലെ ധനസഹായത്തിനായി ഗോ ഫണ്ട് മി പേജും കുടുംബം തുറന്നിട്ടുണ്ട്. പേജില്‍ പങ്കുവച്ച കുറിപ്പില്‍ കീത്തിന്‍റെ മകള്‍ സാമന്ത ബോഡൻ കീത്തിന്‍റെ മരണത്തിന് കാരണം ടെക്നീഷ്യന്‍റെ അശ്രദ്ധയാണെന്ന് ആരോപിക്കുന്നുണ്ട്. ‘അമ്മയെ എഴുന്നേല്‍പ്പിക്കാനാണ് അച്ഛന്‍ സ്കാനിങ് റൂമിലെത്തിയത്. ടെക്നീഷ്യനാണ് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നത്. എന്നാല്‍ കഴുത്തിലെ മാല ഊരിമാറ്റാന്‍ അദ്ദേഹത്തെ അറിയിക്കാന്‍ അയാള്‍ മറന്നു’, കുറിപ്പില്‍ പറയുന്നു. ‘കീത്തിന് മുറിയിൽ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന തരത്തില്‍ നിരവധി വാർത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ടെക്നീഷ്യനാണ് അദ്ദേഹത്തെ മുറിയിലെത്തിച്ചത്’ മകള്‍ പറയുന്നു.
ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് അഥവാ എംആര്‍ഐ. ശക്തമായ കാന്തങ്ങൾ ഉപയോഗിച്ച് ശക്തമായ ഒരു കാന്തികക്ഷേത്രം സൃഷ്ടിച്ചാണ് എംആര്‍ഐ മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഈ കാന്തികശക്തി യന്ത്രത്തിനപ്പുറത്തേക്ക് വ്യാപിക്കുകയും ചുറ്റുമുള്ള ലോഹവസ്തുക്കളില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ശരീരത്തിലെ എല്ലാ ലോഹ വസ്തുക്കളും ആഭരണങ്ങളും നീക്കം ചെയ്ത് ഇംപ്ലാന്റുകളുണ്ടെങ്കില്‍ അവയെക്കുറിച്ച് ടെക്നീഷ്യന്മാരെ അറിയിച്ചതിനുശേഷമായിരിക്കും രോഗികളെ സ്കാന്‍ ചെയ്യുന്നത്. തീര്‍ത്തും സുരക്ഷിതമായ കാന്തികവലയത്തില്‍ നടക്കുന്ന എംആര്‍ഐ സ്കാനിങ്ങില്‍, ഹാനികരമായി ഒന്നും ഇല്ല.
എംആര്‍ഐ മെഷീനുകള്‍ കാരണമുള്ള ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂർവമാണെങ്കിലും ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട്. 2001ൽ സ്കാനിങിനിടെ ഓക്സിജൻ ടാങ്കുമായി മുറിയില്‍ പ്രവേശിച്ചിട്ടുണ്ടായിരുന്ന അപകടത്തില്‍ ആറ് വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചിരുന്നു. 2018 ൽ ഇന്ത്യയിലും ഓക്സിജൻ സിലിണ്ടർ വഹിച്ചുകൊണ്ട് എംആർഐ മുറിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ വർഷം, കലിഫോർണിയയില്‍ എംആർഐ മെഷീനും ആശുപത്രി കിടക്കയ്ക്കും ഇടയിൽ കുടുങ്ങി ഒരു നഴ്‌സിനും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു.