പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോര്‍ജിയോ അർമാനി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അതീവ ദു:ഖത്തോടെ വിയോഗവാര്‍ത്ത അറിയിക്കുന്നുവെന്നും വീട്ടിലായിരുന്നു അന്ത്യമെന്നും അര്‍മാനി ഗ്രൂപ്പ് അറിയിച്ചു. ഫാഷന്‍, സംഗീതം, ഹോട്ടല്‍ മേഖലകളില്‍ തിളങ്ങിയ പ്രതിഭയാണ് അർമാനി.
കിങ് ജോര്‍ജിയോ എന്നറിയപ്പെടുന്ന അര്‍മാനി, അദ്ദേഹത്തിന്റെ ആധുനിക ഇറ്റാലിയന്‍ ശൈലിക്കും ചാരുതയ്ക്കും പേരുകേട്ട വ്യക്തിയായിരുന്നു. ഡിസൈനറുടെ കഴിവിനൊപ്പം ഒരു ബിസിനസുകാരന്റെ സൂക്ഷ്മബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിവര്‍ഷം ഏകദേശം 2.3 ബില്യൻ യൂറോ വിറ്റുവരവുള്ള കമ്പനിയായി അര്‍മാനി ഗ്രൂപ്പിനെ അദ്ദേഹം വളര്‍ത്തിയെടുത്തു. അര്‍മാനി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയാണ് ജോര്‍ജിയോ.
വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഷൂ, വാച്ചുകള്‍, ആഭരണങ്ങള്‍, കണ്ണടകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹോം ഇന്റീരിയറുകള്‍ തുടങ്ങിയ വിവിധ മേഖലകളിൽ ജോര്‍ജിയോ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മിലാൻ ഫാഷൻ വീക്കിൽ തന്റെ കൈയൊപ്പ് ചാർത്തിയ ജോർജിയോ അർമാനി ഫാഷൻ ഹൗസിൽ തന്റെ 50–ാം വാർഷികം ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുന്നതിനെടയാണ് വിടവാങ്ങിയത്.