എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ബഹിരാകാശ യാത്രികനായി ചമഞ്ഞ് പ്രണയം നടിച്ച് വയോധികയില്‍ നിന്ന് തട്ടിയത് ആറു ലക്ഷത്തോളം രൂപ. ഓണ്‍ലൈനില്‍ പരിചയപ്പെട്ടയാളാണ് ജപ്പാനിലെ ഹോക്കൈഡോ ദ്വീപില്‍ നിന്നുള്ള വയോധികയെ കബളിപ്പിച്ചത്. തന്‍റെ ബഹിരാകാശ പേടകം ആക്രമണത്തിനിരയായെന്നും അതിജീവിക്കാൻ ഓക്സിജൻ ആവശ്യമാണെന്നും അതിനായി പണം വേണമെന്നുമാണ് ഇയാള്‍ വയോധികയോട് പറഞ്ഞത്. തുടര്‍ന്ന് ഏകദേശം 1 മില്യൺ യെൻ (6,700 ഡോളർ) ആണ് വയോധികയില്‍ നിന്നും തട്ടിയെടുത്തത്. അതായത് ആറു ലക്ഷത്തോളം ഇന്ത്യന്‍ രൂപ.
ജൂലൈയില്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന സന്ദേശങ്ങള്‍. അങ്ങിനെ വയോധികയ്ക്ക് അയാളിലുള്ള അടുപ്പവും വിശ്വാസവും വളര്‍ന്നു. ഇരുവരും പ്രണയത്തിലായി. ഇതിനിടെ ബഹിരാകാശത്തുനിന്നുള്ള വ്യാജമായി നിര്‍മ്മിച്ച ചിത്രങ്ങളും ഇയാള്‍ അയച്ചുകൊടുത്തു. പിന്നാലെയാണ് പേടകം ആക്രമണത്തിനിരയായെന്നും ഓക്സിജൻ ആവശ്യമാണെന്നും അതിനായി പണം വേണമെന്നും വയോധികയോട് ആവശ്യപ്പെടുന്നത്. ഭൂമിയിലേക്ക് മടങ്ങാൻ സഹായം വേണമെന്നും ഇയാള്‍ പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ ഓക്സിജൻ വാങ്ങാൻ ഓൺലൈനായി പണം നൽകാൻ ആവശ്യപ്പെടുകയും വയോധിക അയച്ചുനല്‍കുകയും ചെയ്തു. സംശയം തോന്നിയതിനുശേഷമാണ് താൻ വഞ്ചിക്കപ്പെട്ടതായി വയോധികയ്ക്ക് മനസ്സിലാക്കിയത്.
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയില്‍ നിന്നാണ് ഇത്തരത്തില്‍ പണം തട്ടിയത്. ഏകാന്തത അനുഭവിക്കുന്ന പ്രായമായ വ്യക്തികൾ ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂടുതലായി ഇരയാകുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഓൺലൈൻ കുറ്റവാളികളുടെ പ്രധാന ലക്ഷ്യങ്ങളും ഇവരാണ്. സംഭവത്തിനു പിന്നാലെ ഓൺലൈൻ ഇടപെടലുകളിൽ ജാഗ്രത പാലിക്കണമെന്ന് ഹോക്കൈഡോ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടുന്ന ഒരാൾ അടിയന്തര സാഹചര്യങ്ങളിൽ പോലും പണം ആവശ്യപ്പെട്ടാൽ അത് സംശയാസ്പദമായി കണക്കാക്കി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡേറ്റിങ് ആപ്പുകൾ, സോഷ്യൽ മീഡിയ, പേഴ്സണല്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവയാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി നടപടികൾ ശക്തമാക്കണമെന്ന് ലോകമെമ്പാടുമുള്ള നിയമനിർമ്മാതാക്കൾ ടെക് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്... നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾക്ക് ഒരിക്കലും പണം അയയ്ക്കരുത്. അവര്‍ പറഞ്ഞത് വിശ്വസിക്കും മുന്‍പ് വിഡിയോ കോളുകൾ വഴിയോ മറ്റേതെങ്കിലും രീതിയിലോ ഇവരുടെ ഐഡന്റിറ്റി പരിശോധിക്കുക. വൈകാരിക തലങ്ങളെ (പ്രത്യേകിച്ച് ജീവൻ മരണ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട അടിയന്തര അഭ്യർത്ഥനകൾ) ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പില്‍ ജാഗ്രത പാലിക്കുക. സംശയാസ്‌പദമായ പ്രൊഫൈലുകൾ ഉടൻ തന്നെ പ്ലാറ്റ്‌ഫോമിലും ലോക്കൽ പൊലീസിലും റിപ്പോർട്ട് ചെയ്യുക.