ഫയല്‍ ചിത്രം.
ചൈനയിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാൻ സ്വകാര്യ ട്രെയിൻ യാത്ര നടത്തി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങ്ങിൽ നിന്നും തിങ്കളാഴ്ച രാവിലെ പുറപ്പെട്ട കിമ്മിനൊപ്പം വിദേശകാര്യ മന്ത്രി ചോയ് സോൺ-ഹുയിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇന്ന് രാവിലെയോടെ ട്രെയിൻ ചൈനയിലേക്ക് എത്തുമെന്നാണ് വിവരം.
2023 ൽ പുട്ടിനുമായുള്ള ചർച്ചയ്ക്ക് റഷ്യയിലേക്ക് പോയതിന് ശേഷം ആദ്യമായാണ് കിം ഒരു വിദേശ രാജ്യത്തേക്ക് യാത്ര പോകുന്നത്. ബീജിങിൽ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിൻ്റെ 80-ാം വാർഷിക പരേഡിൽ പുട്ടിനും ഷി ജിൻപിങിനുമൊപ്പം കിം പങ്കെടുക്കും. വർഷങ്ങളായി ചൈനയും ഉത്തരകൊറിയയും മികച്ച ബന്ധത്തിലാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധത്തിനിടെ ഉത്തരകൊറിയൻ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിർത്തുന്നത് ചൈനയുടെ പിന്തുണയാണ്. റഷ്യയുമായും മികച്ച ബന്ധമാണ് കിം പുലർത്തുന്നത്. യുക്രൈൻ യുദ്ധത്തിൽ പുട്ടിന് വലിയ സൈനിക സഹായം കിം നൽകുന്നുണ്ട്.
ഉത്തരകൊറിയൻ നേതാക്കൾ തിരഞ്ഞെടുക്കുന്ന തീവണ്ടി പാതയാണ് കിം തിരഞ്ഞെടുത്തത്. ആഡംബര ബുള്ളറ്റ് പ്രൂഫ് ട്രെയിനിലാണ് കിം ചൈനയിലേക്ക് യാത്ര തിരിച്ചത്. ഉത്തരകൊറിയുടേത് ഏറ്റവും മോശം വിമാനക്കമ്പനിയാണെന്ന് കുപ്രസിദ്ധിയുള്ളതിനാലാണ് നേതാക്കള്‍ വിദേശയാത്രയ്ക്കായി ട്രെയിനുകള്‍ തിരഞ്ഞെടുക്കുന്നത്. രണ്ടു വർഷം മുൻപ് കിമ്മിൻ്റെ റഷ്യൻ യാത്രയും ട്രെയിനിലായിരുന്നു. ട്രംപിൻ്റെ ആദ്യ ടേമിൽ വിയറ്റ്നാമിൽ ഇരു നേതാക്കളും കണ്ടപ്പോൾ 60 മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചാണ് കിം ഹനോയിലെത്തിയത്. 2018 ൽ ട്രംപിനെ കാണാൻ സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് ചൈന അനുവദിച്ച ബോയിങ് 747 വിമാനത്തിലാണ് കിം സിംഗപ്പൂരിലേക്ക് പറന്നത്.
ഇത്തവണത്തെ യാത്രയ്ക്ക് ഏത് ട്രെയിനാണ് ഉപയോഗിച്ചതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ ജീവനക്കാരെ വിന്യസിച്ച ട്രെയിനില്‍ ഭക്ഷണത്തിനടക്കം ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. 10-15 കോച്ചുകളുള്ള ട്രെയിനുകളിൽ ബെഡ്റൂം സൗകര്യങ്ങളടക്കമുണ്ട്. കിമ്മിൻ്റെ ഓഫീസ് സൗകര്യങ്ങളും കമ്മ്യൂണിക്കേഷൻ സൗകര്യങ്ങളും റസ്റ്റോറൻ്റ്, കാറുകൾ കൊണ്ടുപോവാൻ സാധിക്കുന്ന കോച്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടും.