trump-modi

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് തങ്ങള്‍ ഏര്‍പ്പെടുത്തിയതിന് സമാനമായ നികുതി ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നിര്‍ബന്ധിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയില്‍ നിന്ന് ഇന്ധനവും വാതകവും വാങ്ങുന്നതടക്കം നിര്‍ത്തി വയ്ക്കണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യുഎസ് നല്‍കിയ നിര്‍ദേശം. അനുബന്ധ ഉപരോധം ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തണമെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താതെ അധിക നികുതികള്‍ അവസാനിപ്പിക്കരുതെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ ആവശ്യം.

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്‍റെ പേരിലാണ് ഇന്ത്യയ്ക്ക് മേല്‍ ട്രംപ് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത്. ചൈനയാണ് റഷ്യയില്‍ നിന്നും ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം. യൂറോപ്യന്‍ രാജ്യങ്ങളും വന്‍തോതില്‍ എണ്ണയും വാതകവും മറ്റ് ഊര്‍ജ ഉല്‍പ്പന്നങ്ങളും റഷ്യയില്‍ നിന്ന് വാങ്ങുന്നുമുണ്ട്. എന്നിട്ടും ഇന്ത്യയ്ക്ക് മേല്‍ മാത്രം 50 ശതമാനം അധികത്തീരുവ അടിച്ചേല്‍പ്പിക്കുന്നത് കാപട്യമാണെന്നും ഇന്ത്യ തുറന്നടിച്ചിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്ന്‍ യുദ്ധത്തെ ഇന്ത്യ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഇത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണെന്നുമാണ് ട്രംപിന്‍റെ വാദം. ഇന്ത്യ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് താന്‍ പറഞ്ഞിട്ടും യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതികരിക്കാതിരുന്നതില്‍ ട്രംപിന് കടുത്ത അമര്‍ഷമുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് അല്ലാതെ മറ്റാരും മുന്‍കൈ എടുക്കുന്നില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നു. ഇതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ ഔദ്യോഗിക അഭ്യര്‍ഥന മുന്നോട്ട് വയ്ക്കാന്‍ വൈറ്റ് ഹൗസിന്‍റെ നീക്കം.

യൂറോപ്പിലേക്ക് വന്‍തോതിലാണ് ഇന്ത്യ റിഫൈന്‍ഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നത്. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത ശേഷം അത് ശുദ്ധീകരിച്ചാണ് യൂറോപ്പിലേക്ക് നല്‍കുന്നത്. കോവിഡും യുക്രെയ്ന്‍ യുദ്ധവമാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കാന്‍ കാരണമായത്. 2018–19നെ അപേക്ഷിച്ച് 2,53,788 ശതമാനമായാണ് 2023–24 ല്‍ ഇന്ത്യയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുെട കയറ്റുമതി വര്‍ധിച്ചത്. നെതര്‍ലന്‍ഡ്സാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ 2023–24 വര്‍ഷം വാങ്ങിയത്. നെതര്‍ലന്‍ഡ്സിന് പുറമെ യു.കെ, ഫ്രാന്‍സ്, റൊമാനിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍,ഇറ്റലി, ബെല്‍ജിയം, നോര്‍വേ,  പോളണ്ട്, ബള്‍ഗേറിയ,  സ്ലൊവേനിയ, ഗ്രീസ്, യുക്രെയ്ന്‍, ജര്‍മനി, പോര്‍ച്ചുഗല്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

India oil imports face potential tariffs from Europe at the insistence of the US. This pressure comes as the US seeks to curtail India's purchase of Russian oil and gas, mirroring tariffs already imposed by the US.