Image Credit: skydive_kenya / Instagram
ആനയ്ക്ക് ബീയര്‍ നല്‍കിയ സംഭവത്തില്‍ വിനോദസഞ്ചാരിക്കെതിരെ അന്വേഷണം. കെനിയയിലെ ഒല്‍ ജോഗി കണ്‍സെര്‍വന്‍സിയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് വിനോദ സഞ്ചാരി സംരക്ഷിത കേന്ദ്രം സന്ദര്‍ശിച്ചതും ആനയ്ക്ക് ബീയര്‍ നല്‍കിയതും. എന്നാല്‍ ഇതിന്‍റെ വിഡിയോ ഇപ്പോഴാണ് ഇയാള്‍ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സംരക്ഷിത കേന്ദ്രത്തിലെ വിനോദ സഞ്ചാരികളുടെ പ്രിയങ്കരനായ 'ബുപ' എന്ന ആനയ്ക്കാണ് താന്‍ കുടിച്ചിരുന്ന ടിന്‍ ബീയര്‍ ഇയാള്‍ നല്‍കിയത്. 1989 ല്‍ എട്ടുവയസുള്ളപ്പോഴാണ് ബുപയെ സംരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നത്. ബുപയുടെ തുമ്പിക്കൈയിലേക്ക് ബീയര്‍ ഒഴിച്ച് നല്‍കുകയായിരുന്നു. അഞ്ഞൂറിലേറെ ആനകളെയാണ് ഒല്‍ ജോഹിയില്‍ സംരക്ഷിച്ചുവരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഡിയോ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്.
സംരക്ഷിത കേന്ദ്രത്തിലെ കാണ്ടാമൃഗത്തിന് കാരറ്റ് കൊടുക്കുന്ന വിഡിയോയും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനെതിരെയും വ്യാപക വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങേയറ്റം അപലപനീയമായ പ്രവര്‍ത്തിയാണിതെന്നും ഇത്തരം ദ്രോഹങ്ങള്‍ ചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും പലരും ആവശ്യപ്പെട്ടു. സാധാരണയായി മൃഗങ്ങളുടെ സമീപത്തേക്ക് പോകാന്‍ വിനോദ സഞ്ചാരികളെ അനുവദിക്കാറില്ല. എന്നിട്ടും ഇയാള്‍ എങ്ങനെ അതിക്രമിച്ചു കയറി എന്നതില്‍ അന്വേഷണം നടക്കുകയാണ്.
മൃഗശാല അധികൃതരുടെ ആവശ്യത്തെ തുടര്‍ന്ന് ആനയ്ക്ക് ബീയര്‍ നല്‍കുന്ന വിഡിയോ വിനോദ സഞ്ചാരി സമൂഹ മാധ്യമത്തില്‍ നിന്നും നീക്കം ചെയ്തു. കാണ്ടാമൃഗങ്ങള്‍ അരുമകളല്ലെന്നും ഇവയുടെ അടുത്ത് പോകുന്നതും ഭക്ഷണം നല്‍കുന്നതും കുറ്റകരമാണെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ബീയര്‍ പോലെയുള്ള ലഹരി വസ്തുക്കള്‍ ആനയ്ക്ക് നല്‍കുന്നത് അപകടകരമാണെന്നും അവയുടെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാമെന്നും ഇത്തരം പ്രവര്‍ത്തികളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.