Image Credit: facebook.com/pratik.pandey.004
മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ കമ്പനിയുടെ സിലിക്കൺ വാലി ഓഫീസിൽ മരിച്ച നിലയിൽ. 35 കാരനായ പ്രതീക് പാണ്ഡെയെയാണ് ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 20നാണ് സംഭവം. ഓഗസ്റ്റ് 19 ന് വൈകുന്നേരം ജോലിക്ക് പോയ പ്രതീകിനെ പിറ്റേന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ലെന്ന് സാന്താക്ലാര കൗണ്ടി മെഡിക്കൽ എക്‌സാമിനർ പറഞ്ഞു. പ്രതീകിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഓഗസ്റ്റ് 20 ന് പുലർച്ചെ 2 മണിയോടെ പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പ്രതീക് പലപ്പോഴും രാത്രി വൈകിയും ജോലി ചെയ്യാറുണ്ടെന്ന് കുടുംബം പറയുന്നു. മരണത്തില്‍ മൈക്രോസോഫ്റ്റ് അന്വേഷണം നടത്തുന്നുണ്ട്. കമ്പനി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.
കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലായിരുന്നു പ്രതീക് പാണ്ഡെയുടെ താമസം. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ബിഗ് ഡാറ്റ അനലിറ്റിക്സിനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളായ മൈക്രോസോഫ്റ്റ് ഫാബ്രിക്, സിനാപ്‌സ് എന്നിവയ്‌ക്കായി സ്കേലബിൾ സൊല്യൂഷനുകൾ നിർമ്മിക്കുന്നതിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. 2020 ൽ മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുമ്പ് വാൾമാർട്ട് ഇൻകോർപ്പറേറ്റഡ്, ആപ്പിൾ ഇൻകോർപ്പറേറ്റഡ് തുടങ്ങിയ കമ്പനികളിലും പ്രതീക് ജോലി ചെയ്തിരുന്നു.
ഇന്ത്യയിൽ ജനിച്ച പ്രതീക് ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയതിന് ശേഷമാണ് യുഎസില്‍ എത്തുന്നത്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുമായി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് കരിയറിലേക്ക് തിരിയുന്നത്.