**EDS: THIRD PARTY IMAGE** In this image released on Aug. 30, 2025, Prime Minister Narendra Modi being welcomed with a performance by artistes upon his arrival at the airport, in Tianjin, China. (PMO via PTI Photo) (PTI08_30_2025_000206B)
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചൈനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്. എസ്.സി.ഒ ഉച്ചകോടിക്കിടെ നാളെ പ്രസിഡന്റ് ഷി ചിന്‍ പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യു.എസ്. തീരുവയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. ഇന്ത്യ – ചൈന ബന്ധം ശക്തമാക്കുമെന്നും ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് സുസ്ഥിര ബന്ധം അനിവാര്യമെന്നും മോദി പറഞ്ഞു. Also Read: നൊബേലിന് ശുപാര്‍ശ ചെയ്യണമെന്ന് ട്രംപ്; പറ്റില്ലെന്ന് മോദി; ഉറ്റചങ്ങാതിമാര്‍ എതിരായത് ഒരു ഫോണ്‍ കോളില്‍
ടിയാന്‍ജിനിലെ ബിന്‍ഹായ് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ നൃത്തത്തിന്‍റെ അകമ്പടിയോടെയാണ് വരവേറ്റത്. ഹോട്ടലില്‍ ഇന്ത്യന്‍ കലാരൂപങ്ങളും അണിനിരന്നു. കാത്തുനിന്നവര്‍ക്ക് കൈകൊടുത്തും സംസാരിച്ചും മുന്നോട്ട്. നാളെ ഷി ചിന്‍ പിങ്ങുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യാപാര രംഗത്തെ സഹകരണമടക്കം സുപ്രധാന വിഷയങ്ങള്‍ ഉയര്‍ന്നുവരും. യു.എസ്. തീരുവ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികളിലെ പുരോഗതി നേതാക്കള്‍ വിലയിരുത്തും.
പരസ്പര താൽപ്പര്യത്തിനായി ആശയവിനിമയം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നും. ദീര്‍ഘകാലത്തേക്ക് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമെന്നും ഇന്നലെ ജപ്പാനിസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മോദി പറഞ്ഞിരുന്നു. തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന എസ്.സി.ഒ ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഇന്ത്യ ആവശ്യപ്പെടും. രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി ചൈനയിലേക്ക് തിരിച്ചത്.
അതേസമയം, യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തെക്കുറിച്ച് സംസാരിച്ചെന്നും സമാധാനത്തിന് പിന്തുണ ഉറപ്പുനല്‍കിയെന്നും പ്രധാനമന്ത്രി. തിങ്കളാഴ്ച മോദി–പുട്ടിന്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇന്ന് ഇരുവരും ഫോണില്‍ സംസാരിച്ചത്.