അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നൽകി ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതിയുടെ വിധി. ശ്രീ കോവിലിനു മുന്നിലെ കട്ടിളപ്പാളി സ്വർണ കവർച്ച കേസിൽ സ്വാഭാവിക ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിച്ചു.
എന്തിനു തന്ത്രിയെ അറസ്റ്റ് ചെയ്തു എന്ന ചോദ്യത്തിന് ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നേരിട്ട് ബന്ധം, ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണ്, വലിയ സാമ്പത്തിക നിക്ഷേപങ്ങൾ തന്ത്രിക്കുണ്ട്, ഇങ്ങനെ നീളുന്നു തന്ത്രിക്കെതിരെയുള്ള അന്വേഷണസംഘത്തിന്റെ വാദങ്ങൾ. ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ.
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എൻ വാസു എന്നിവർ മേൽക്കോടതിയെ സമീപിച്ചിട്ടു പോലും ജാമ്യം ലഭിച്ചിരുന്നില്ല. അപ്പോഴാണ് വിചാരണ കോടതിയിൽ നിന്നും തന്നെ തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു തന്ത്രിയുടെ വാദം. അതേസമയം കട്ടിള പാളി കേസിലാണ് സ്വാഭാവിക ജാമ്യം തേടി എ. പദ്മകുമാർ കോടതിയെ സമീ പിച്ചത്. 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായിഎന്നാണ് വാദം. ദ്വാരപാലക ശില്‍പ കേസിൽ റിമാൻഡ് തുടരുകയാണ്.ഫെബ്രുവരി 19 ന് വിജിലൻസ് കോടതി ഹർജി പരിഗണിക്കും. കെ പി ശങ്കർദാസിന്റെ രണ്ട് ജാമ്യഹർജികൾ 23 ന് പരിഗണിക്കും.ആരോഗ്യനില ശങ്കർദാസിന്റെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി.