almaty-airport-man-flight

Image Credit: Wikipedia/Gleb Osokin/X

ഫോണിലൂടെ ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വിമാനത്താവളത്തില്‍ വച്ച് യുവാവ് സ്വയം തീ കൊളുത്തി. കസഖിസ്ഥാനിലെ അല്‍മാട്ടി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. മേലാസകലം തീ പടര്‍ന്ന യുവാവ് പരിഭ്രാന്തനായി ഓടി നടക്കുന്നതിന്‍റെയും നിലത്ത് കിടന്ന് പുളയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

വീട്ടിലേക്കുള്ള അവസാനത്തെ ട്രെയിനും മിസായതോടെയാണ് യുവാവ് വിമാനത്താവളത്തിലേക്ക് ഓടിയെത്തിയത്. വിമാനത്താവളത്തിനുള്ളിലെ ട്രാവല്‍ ഏജന്‍സി ഓഫിസിലേക്ക് എത്തിയതിന് പിന്നാലെ ഭാര്യയോട് സംസാരിക്കുന്നതിനായി യുവാവ് ഫോണ്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ ജീവനക്കാരനോട് തിരികെ പൊയ്​ക്കോളാനും പറഞ്ഞു. ട്രെയിന്‍ ടിക്കറ്റിന് പകരമായി ഫ്ലൈറ്റ് ടിക്കറ്റ് നല്‍കണമെന്നായിരുന്നു യുവാവ് ആവശ്യപ്പെട്ടതെന്ന് വിമാനത്താവളത്തിലെ പൊലീസ് ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. യുവാവ് മദ്യപിച്ചിരുന്നോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ സ്വയം തീ കൊളുത്തിയ യുവാവ് വിമാനത്താവളത്തിലെ ജീവനക്കാരന് സമീപത്തേക്ക് പാഞ്ഞടുത്തു. ഭയന്നുപോയ മറ്റു യാത്രക്കാരും സുരക്ഷാ ജീവനക്കാരും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വിഡിയോയില്‍ കാണാം. സാരമായി പൊള്ളലേറ്റതോടെ നിലത്ത് കിടന്നുരുണ്ട് തീ അണയ്ക്കാനായി യുവാവിന്‍റെ ശ്രമം. 

ഓടിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിമാനത്താവളത്തിലേക്ക് എങ്ങനെ പെട്രോളുമായി യുവാവെത്തിയെന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ പൊലീസും വിമാനത്താവളം അധികൃതരും അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

Kazakhstan airport fire: A man set himself on fire at Almaty International Airport following a dispute with his wife. The incident is under investigation, with the man in critical condition after being rushed to the hospital.