ബ്രിട്ടനിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണം കഴിഞ്ഞ നാലു വർഷത്തിനിടെ കുതിച്ചുയർന്നപ്പോൾ, ശതമാനക്കണക്കിൽ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയത് ഇന്ത്യക്കാർക്കിടയിൽ. ബ്രിട്ടീഷ് സർക്കാർ ഡേറ്റയുടെ വിശകലനം അനുസരിച്ചാണ് ഈ കണ്ടെത്തൽ.
2021-നും 2024-നും ഇടയിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട കേസുകളിൽ 72 എണ്ണത്തിന്റെ വർധനയുണ്ടായി. ഇത് 257 ശതമാനം കുതിപ്പാണ്. ഇതേ കാലയളവിൽ വിദേശികൾ ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ആകെ രേഖപ്പെടുത്തിയ വർധന 62 ശതമാനമാണ്.
യുകെ നിയമമന്ത്രാലയത്തിന്റെ കീഴിലുള്ള പൊലീസ് നാഷനൽ കംപ്യൂട്ടറിൽനിന്നുള്ള വിവരങ്ങൾ, കുടിയേറ്റ വിരുദ്ധ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മൈഗ്രേഷൻ കൺട്രോൾ (സിഎംസി) വിശകലനം ചെയ്താണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശികളുടെ എണ്ണം 2021-ൽ 687 ആയിരുന്നത് 2024-ൽ 1,114 ആയി ഉയർന്നു. 62 ശതമാനമാണ് വർധന. ഇതേ കാലയളവിൽ ഈ കുറ്റകൃത്യങ്ങളിൽ ബ്രിട്ടനിലെ ആകെ ശിക്ഷാ നിരക്ക് 39.31 ശതമാനം വർധിച്ചതായും സിഎംസിയുടെ ഈയാഴ്ച പുറത്തിറക്കിയ വിശകലനത്തിൽ പറയുന്നു.
ഗവേഷണ സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, 2021 മുതൽ ഈ പട്ടികയിൽ ഇന്ത്യക്കാർ മുൻനിരയിലാണ്. 2021-ൽ 28 കേസുകളാണുണ്ടായിരുന്നത്. 2022-ൽ 53 ആയും 2023-ൽ 67 ആയും കഴിഞ്ഞ വർഷം 100 ആയും ഇത് വർധിച്ചു. നൈജീരിയക്കാർ (166%), ഇറാഖികൾ (160%), സുഡാനികൾ (117%), അഫ്ഗാനികൾ (115%) എന്നിവരാണ് 2021-നും 2024-നും ഇടയിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിലുള്ള മറ്റ് രാജ്യക്കാർ.
വിശകലനത്തിൽ എടുത്തുപറയുന്ന മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ, നാലു വർഷത്തിനിടെ 100 ശതമാനം വർധനയുമായി ബംഗ്ലദേശികൾ ആറാം സ്ഥാനത്തും 47 ശതമാനം വർധനയോടെ പാക്കിസ്ഥാനികൾ പതിനൊന്നാം സ്ഥാനത്തുമാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ കണക്കെടുത്താൽ, 2021-24 കാലയളവിൽ 115 ശതമാനം വർധനയുമായി ഇന്ത്യക്കാർ മൂന്നാം സ്ഥാനത്താണ്. 2021-ൽ 273 കേസുകളായിരുന്നത് കഴിഞ്ഞ വർഷം 588 ആയി ഉയർന്നു. ഇത് ഇരട്ടിയിലേറെയാണ്.
2021-നും 2024-നും ഇടയിൽ വിദേശികൾ ഉൾപ്പെട്ട ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏകദേശം 75,000 ശിക്ഷാവിധികൾ ഉണ്ടായി. ഇത് വർധനയുടെ പൊതു പ്രവണതയാണ് കാണിക്കുന്നതെന്ന് സിഎംസി കുറിക്കുന്നു.
എന്നാൽ ഇതേ കാലയളവിൽ വിദേശികൾ ശിക്ഷിക്കപ്പെട്ട അതിക്രമ, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കുറവുണ്ടായതായും സിഎംസി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം യുകെയിൽ തടവിലുള്ള ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഏകദേശം ഇരട്ടിയായെന്ന യുകെ ആഭ്യന്തര മന്ത്രാലയത്തിന്റെ സമീപകാല കണക്കുകൾക്ക് പിന്നാലെയാണ് ഈ വിശകലനം പുറത്തുവരുന്നത്. പഠന വീസ ലഭിക്കുന്നവരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്തും (98,014), തൊഴിൽ, വിനോദസഞ്ചാര വീസകൾ ലഭിക്കുന്നവരിൽ ഒന്നാം സ്ഥാനത്തുമാണെന്നും ഡേറ്റ വെളിപ്പെടുത്തിയിരുന്നു.
വർധിച്ചുവരുന്ന കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, വിദേശ കുറ്റവാളികളെ അവരുടെ അപ്പീലുകൾ പരിഗണിക്കുന്നതിന് മുൻപുതന്നെ നാടുകടത്താനുള്ള രാജ്യങ്ങളുടെ വിപുലീകരിച്ച പട്ടികയിൽ ഈ മാസം ആദ്യം ഇന്ത്യയെയും യുകെ ഉൾപ്പെടുത്തിയിരുന്നു.
“വിദേശ കുറ്റവാളികളെ വേഗത്തിൽ തിരിച്ചയയ്ക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഞങ്ങൾ നയതന്ത്ര ശ്രമങ്ങൾ നടത്തുകയാണ്. അവർക്ക് അപ്പീൽ നൽകണമെന്നുണ്ടെങ്കിൽ, സ്വന്തം രാജ്യത്ത് സുരക്ഷിതമായി ഇരുന്ന് അത് ചെയ്യാമെന്ന്” ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അന്ന് പറഞ്ഞിരുന്നു.