ഗ്ലോസ്റ്ററിലെ സീരിയല്‍ കില്ലര്‍മാര്‍ – ഫ്രെഡ് വെസ്റ്റും റോസ് വെസ്റ്റും
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കൊണ്ടുമാത്രം തെളിഞ്ഞ 12 കൊലപാതകങ്ങള്‍. എല്ലാം പെണ്‍കുട്ടികള്‍. അതേ കാലയളവില്‍ കാണാതായ അനേകം പെണ്‍കുട്ടികളെക്കുറിച്ച് ഇന്നും ഒരറിവുമില്ല. അതേക്കുറിച്ച് അറിയാവുന്ന ഒരാളുണ്ട്. തെളിയിക്കപ്പെട്ട കൊലപാതകങ്ങളിലെല്ലാം പങ്കാളിയായ ഒരു സ്ത്രീ. ജീവിതാന്ത്യം വരെ തടവിനുശിക്ഷിക്കപ്പെട്ട് ഇംഗ്ലണ്ടിലെ ഫ്‌ളോക്ടണിലുള്ള ന്യൂഹാള്‍ ജയിലില്‍ കഴിയുകയാണ് അവര്‍. റോസ്മേരി വെസ്റ്റ്. ലോകത്തെ ഏറ്റവും പൈശാചിക മനസുള്ള സ്ത്രീകളില്‍ ഒരാള്‍.
റോസ് വെസ്റ്റിനെ കോടതിയില്‍ നിന്ന് പുറത്തിറക്കുന്നു (AI സഹായത്തോടെ പുനസൃഷ്ടിച്ചത്)
ഇനി കഥയിലെ ഒന്നാമന്‍ – ഫ്രെഡ് വെസ്റ്റ്. റോസ് മേരിയുടെ ഭര്‍ത്താവ്. പൈശാചിക കൃത്യങ്ങളില്‍ റോസിന്‍റെ തലതൊട്ടപ്പന്‍. ഗ്ലോസ്റ്റര്‍ എന്ന ചരിത്രനഗരത്തിന്‍റെ തലവര പോലും മാറ്റിയെഴുതി, ഈ ദമ്പതികള്‍. ലോകം ഇന്നോളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകപരമ്പരയുടെ അമരക്കാര്‍. തുടര്‍ച്ചയായ കൊലപാതകങ്ങള്‍, അതിക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍, ബലാല്‍സംഗം, ഇരയെ വേദനയുടെ പരകോടിയിലെത്തിച്ച് കൊലപ്പെടുത്തുന്ന അങ്ങേയറ്റത്തെ സാഡിസ്റ്റിക് മനോനില. 20 വര്‍ഷത്തോളം ആരുമറിയാതെ നടത്തിയ കൊലപാതക പരമ്പരയ്ക്കൊടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ വെസ്റ്റ് വെളിപ്പെടുത്തിയ വിവരങ്ങള്‍ ഇംഗ്ലണ്ടിനെയെന്നല്ല, ലോകത്തെ തന്നെ ശ്വാസംമുട്ടിച്ചു.
25, ക്രോംവെല്‍ സ്ട്രീറ്റ്. ഗ്ലോസ്റ്ററിലെ സാധാരണ റസിഡന്‍ഷ്യല്‍ ഏരിയയിലുള്ള ഈ വീട്ടില്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. അയല്‍ക്കാര്‍ക്കോ ഇടപെടുന്ന മറ്റുള്ളവര്‍ക്കോ ഒരു സംശയവും തോന്നാത്ത സാഹചര്യം. അച്ഛനും അമ്മയും ആറ് മക്കളും ഉള്ള കുടുംബം. നാട്ടുകാരോട് അടുപ്പമില്ലായ്മയോ സഹകരണക്കുറവോ ഒന്നുമില്ല. അങ്ങനെയാണ് ഫ്രെഡ് വെസ്റ്റും റോസ് മേരിയും മക്കളും കഴിഞ്ഞിരുന്നത്. പക്ഷേ 1987ല്‍ ഫ്രെഡിന്‍റെ 16 വയസുള്ള മകള്‍ ഹീതറിനെ കാണാതായതുമുതല്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി. ഹീതര്‍ സ്കൂളിലെ അടുത്ത കൂട്ടുകാരോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള തയാറെടുപ്പിലാണെന്നും ഇനി സഹിക്കാന്‍ കഴിയില്ലെന്നും ആ പെണ്‍കുട്ടി സഹപാഠികളോട് പറഞ്ഞു. എന്നാല്‍ ഹീതര്‍ പിന്നീട് സ്കൂളില്‍ എത്തിയില്ല. വീട്ടുകാര്‍ ആരും പൊലീസിനെ സമീപിച്ചുമില്ല.
ഫ്രെഡ് വെസ്റ്റും റോസ് വെസ്റ്റും കൊലപ്പെടുത്തിയ പെണ്‍കുട്ടികള്‍
മാസങ്ങള്‍ പിന്നിട്ടു. ഹീതറിന്‍റെ അഞ്ച് സഹോദരങ്ങളുടെ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഇടയ്ക്കിടെ കുട്ടികള്‍ ഒരു തമാശ പറയുന്നത് ശ്രദ്ധിച്ചു. ‘കാണാതായ മകള്‍ മുറ്റത്തുണ്ട്’ എന്നായിരുന്നു കുട്ടികള്‍ കേട്ട തമാശ. ഇതുകേട്ടപ്പോള്‍ തോന്നിയ ആശങ്ക സോഷ്യല്‍ വര്‍ക്കര്‍മാര്‍ പൊലീസിനെ അറിയിച്ചു. ഫ്രെഡിനോട് ചോദിച്ചപ്പോള്‍ മകളെ അടുത്തിടെ കണ്ടിരുന്നു എന്നായിരുന്നു മറുപടി. ഇതോടെ സംശയം വര്‍ധിച്ചു. ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രോംവെല്‍ സ്ട്രീറ്റിലെ ഇരുപത്തഞ്ചാം നമ്പര്‍ വീട് പരിശോധിക്കാനുള്ള സെര്‍ച്ച് വാറണ്ട് നേടിയെടുത്തു. 1994 ഫെബ്രുവരി 24. ഫ്രെഡ് വെസ്റ്റും റോസും 1972 മുതല്‍ താമസിക്കുന്ന വീട്ടിലേക്ക് പൊലീസ് കടന്നുചെന്നു. ആദ്യം തന്നെ മുറ്റത്ത് പതിച്ചിരുന്ന ടൈലുകള്‍ ഇളക്കിമാറ്റി കുഴിച്ചുനോക്കി. ഒരുപാട് ക്രൈം സീനുകള്‍ കണ്ട പൊലീസുകാരുടെ സിരകളില്‍പ്പോലും ഭയം നിറഞ്ഞു. അവര്‍ക്കുമുന്നില്‍ തെളിഞ്ഞ ചെറിയ ദ്വാരങ്ങളില്‍ ഹീതറിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍!
25, ക്രോംവെല്‍ സ്ട്രീറ്റില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നു
ഫ്രെഡിനോട് പൊലീസ് ഒരിക്കല്‍ക്കൂടി സംസാരിച്ചു. മകളെ കൊലപ്പെടുത്തിയതാണെന്ന് അയാള്‍ സമ്മതിച്ചു. അന്നുതന്നെ ഫ്രെഡിനെയും റോസ് മേരിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായിരുന്ന കുട്ടികളെ സാമൂഹ്യനീതി വകുപ്പിന്‍റെ സംരക്ഷണത്തിലാക്കി.
റോസ് മേരി വെസ്റ്റും ഫ്രെഡ് വെസ്റ്റും കുട്ടികള്‍ക്കൊപ്പം
പൊലീസ് ഫ്രെഡിനെയും റോസിനെയും ചോദ്യംചെയ്യുന്നത് തുടര്‍ന്നു. കഥകള്‍ മാറ്റിമാറ്റിപ്പറഞ്ഞ് ഫ്രെഡും, തികഞ്ഞ മൗനം പാലിച്ച് റോസും അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കി. ഈ സമയത്ത് അവരുടെ വീട്ടുമുറ്റത്തുനിന്ന് കണ്ടെത്തിയ എല്ലിന്‍ കഷണങ്ങളില്‍ രണ്ടെണ്ണം ഹീതറിന്‍റേതല്ലെന്ന് പാത്തോളജിസ്റ്റ് അറിയിച്ചു. ഇതോടെ കയ്യിലുള്ള കേസ് നിസാരമല്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. രണ്ടുദിവസത്തിനുശേഷം ഫ്രെഡ് വെസ്റ്റ് രണ്ട് പെണ്‍കുട്ടികളെക്കൂടി കൊലപ്പെടുത്തിയ കാര്യം സമ്മതിച്ചു. 18 വയസുള്ള ഷെര്‍ലി റോബിന്‍സണും പതിനാറുകാരി ആലിസണ്‍ ചേംബേഴ്സും. മുറ്റത്തെ പൂന്തോട്ടത്തിനടിയില്‍ നിന്ന് ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടി.
വെസ്റ്റ് ദമ്പതികളുടെ വീട്ടില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നു
മാര്‍ച്ച് നാലിന് ജയിലിലെ സന്ദര്‍ശക മുറിയില്‍ വച്ച് ഫ്രെഡ് വെസ്റ്റ് തന്‍റെ അഭിഭാഷകന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കത്ത് കൈമാറി. അത് വായിച്ച സോളിസിറ്ററുടെ കൈകള്‍ വിറച്ചു. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ – ‘എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഞാന്‍ 9 കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ട്.’ ഷാര്‍മെയ്ന്‍, റെന, ലിന്‍ഡ എന്നീ പേരുകളും ആ കത്തില്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട മറ്റുള്ളവരെ വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. തെരേസ, ഷെര്‍ലി ഹുബ്ബാര്‍ഡ്, ലൂസി പാര്‍ട്ടിങ്‍ടണ്‍, യുവാനിറ്റ മോത്ത്, കരോള്‍ കൂപ്പര്‍ എന്നിവര്‍. എല്ലാം 15 മുതല്‍ 21 വരെ പ്രായമുള്ള പെണ്‍കുട്ടികളും യുവതികളും. തുടര്‍ന്നുള്ള 11 ദിവസങ്ങളില്‍ ക്രോംവെല്‍ സ്ട്രീറ്റിലെ ഇരുപത്തഞ്ചാം നമ്പര്‍ വസതിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 9 പെണ്‍കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി.
ഗ്ലോസ്റ്ററിലെ ക്രോംവെല്‍ സ്ട്രീറ്റ്
പൊതുവില്‍ ബഹളങ്ങളില്ലാത്ത ഗ്ലോസ്റ്ററില്‍ പിന്നീടങ്ങോട്ട് തിരക്കായിരുന്നു. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമസംഘങ്ങള്‍ ക്രോംവെല്‍ സ്ട്രീറ്റിലും പരിസരത്തും തമ്പടിച്ചു. അന്വേഷണത്തിന്‍റെയും തിരച്ചിലിന്‍റെയും ഓരോ ഘട്ടവും തല്‍സമയം ടെലിവിഷന്‍ പ്രേക്ഷകരിലേക്കെത്തി. കേസന്വേഷിച്ചവരെയും റിപ്പോര്‍ട്ട് ചെയ്തവരെയും വാര്‍ത്ത കേട്ടവരെയുമെല്ലാം ഏറ്റവും നടുക്കിയത് കൊലപാതകങ്ങള്‍ നടത്തിയ രീതിയായിരുന്നു. അവിശ്വസനീയമായ തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍. സ്വന്തം മക്കളെയുള്‍പ്പെടെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കിയ പിതാവും മാതാവും. ഫ്രെഡ് നടത്തിയ പൈശാചിക പ്രവര്‍ത്തികളേക്കാള്‍ ഇരകള്‍ ഭയന്നുവിറച്ചിരുന്നത് വെറി പൂണ്ട റോസ് മേരിയുടെ ചെയ്തികളെയായിരുന്നുവെന്ന് മക്കളിലൊരാള്‍ പിന്നീട് മൊഴി നല്‍കി.
റോസ് വെസ്റ്റിനെ പൊലീസ് വാഹനത്തില്‍ ജയിലിലേക്ക് കൊണ്ടുപോകുന്നു
കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ഇരുവരും ചേര്‍ന്ന് ചെറുകഷണങ്ങളായി മുറിക്കും. അവ വീടിന്‍റെ പല ഭാഗങ്ങളിലും മുറ്റത്തും പൂന്തോട്ടത്തിലുമെല്ലാം വീതി കുറഞ്ഞ ആഴമുള്ള ചെറിയ ദ്വാരങ്ങളുണ്ടാക്കി അതിലിട്ട് മൂടും. മിക്ക മൃതദേഹങ്ങളുടെയും കാല്‍മുട്ടുകളുടെയും കൈമുട്ടുകളുടെയും അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നില്ല. അവ ദമ്പതികള്‍ ട്രോഫികള്‍ പോലെയാണ് കണക്കാക്കിയിരുന്നുതെന്ന് അന്വേഷണസംഘം കരുതുന്നു. ഇവ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് അവരുടെ നിഗമനം. 55 ദിവസമാണ് ക്രോംവെല്‍ സ്ട്രീറ്റിലെ ഇരുപത്തഞ്ചാം നമ്പര്‍ വീടും പരിസരവും അന്വേഷണസംഘം കുഴിച്ചുമറിച്ച് അരിച്ചുപെറുക്കിയത്. ഒടുവില്‍ നാട്ടുകാരുടെ ആവശ്യപ്രകാരം ആ വീടുതന്നെ ഇടിച്ചുനിരത്തി അവിടെ റോഡ് പണിതു.
വെസ്റ്റ് ദമ്പതികളുടെ വീട് ഇടിച്ചുനിരത്തി നിര്‍മിച്ച നടപ്പാത
ഇരുണ്ട ജീവിതവഴികള്‍
തികച്ചും സാധാരണജീവിതം നയിച്ചിരുന്ന, പുറമേ അസ്വാഭാവികതകളൊന്നും പ്രകടിപ്പിക്കാതിരുന്ന രണ്ടുപേര്‍ എങ്ങനെയാണ് ലോകത്തെ നടുക്കിയ കൊലപാതകികളായി ഇരട്ടജീവിതം നയിച്ചത്? എങ്ങനെയാണ് അവരുടെ സ്വഭാവം ഇങ്ങനെയായിത്തീര്‍ന്നത്? അതന്വേഷിച്ച് അന്വേഷണസംഘം യാത്ര തുടങ്ങി. അവര്‍ കണ്ടെത്തിയ കാര്യങ്ങള്‍ പ്രതികളെക്കുറിച്ചുള്ള പല ചോദ്യങ്ങളുടെയും ഉത്തരമായിരുന്നു.
ഫ്രെഡും റോസും കുട്ടിക്കാലത്ത് (AI സഹായത്തോടെ പുനസൃഷ്ടിച്ചത്)
1953ല്‍ നോര്‍ത്ത് ഡെവണിലാണ് റോസ് മേരി ജനിച്ചത്. നേവി ഉദ്യോഗസ്ഥനായിരുന്ന ബില്‍ ലെറ്റ്‍സിന്‍റെയും ഡെയ്‍സിയുടെയും മകള്‍. ആറ് സഹോദരങ്ങള്‍ കൂടി ഉള്‍പ്പെട്ട കുടുംബം. പുറത്തുനിന്ന് കാണുന്ന ആരും ആഗ്രഹിച്ചുപോകുന്ന പശ്ചാത്തലമായിരുന്നു ആ വീടിന്‍റേത്. എന്നാല്‍ ഡെയ്‍സിയുടെ വിഷാദരോഗം അതിനുള്ളില്‍ കനലായി നിലനിന്നു. 1950ല്‍ നോര്‍ത്താമിലെ പുതിയ വീട്ടിലേക്ക് മാറിയശേഷം ഡെയ്‍സിയുടെ പ്രയാസങ്ങള്‍ വര്‍ധിച്ചു. ചിത്തഭ്രമത്തോളമെത്തിയ രോഗം നിയന്ത്രിക്കാന്‍ അവര്‍ക്ക് ഷോക്ക് ചികില്‍സ നല്‍കേണ്ടിവന്നു. ആ സമയം ഡെയ്‍സി റോസ് മേരിയെ ഗര്‍ഭം ധരിച്ചിരുന്നു. പ്രസവിക്കുന്നതിന്‍റെ തലേന്നുവരെ ഡെയ്‍സിക്ക് ഇലക്ട്രോ കണ്‍വള്‍സീവ് തെറപ്പി (ഷോക്ക് ട്രീറ്റ്മെന്‍റ്) നല്‍കി. പലപ്പോഴും അവര്‍ ബോധം കെട്ടുവീണു. ചിലപ്പോഴെല്ലാം ആക്രമാസക്തമായി പ്രതികരിച്ചു.
റോസ് വെസ്റ്റും ഫ്രെഡ് വെസ്റ്റും താമസിച്ചിരുന്ന വീട്
ഒടുവില്‍ അഞ്ചാമത്തെ മകള്‍, റോസ് മേരി പിറന്നു. കുഞ്ഞിനെ കണ്ടവരൊക്കെ അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി. പക്ഷേ അതൊരു സാധാരണ കുഞ്ഞായിരുന്നില്ല. അവള്‍ എപ്പോഴും കിടക്കയില്‍ തലയടിച്ചുകൊണ്ടിരുന്നു. അല്‍പംകൂടി വലുതായിട്ടും ആ സ്വഭാവം മാറിയില്ല. രാത്രിയില്‍ തലയണയില്‍ തലയിട്ടടിക്കുന്ന റോസിനെക്കുറിച്ച് സഹോദരങ്ങള്‍ അച്ഛനമ്മമാരോട് പരാതിപ്പെടുമായിരുന്നു. വലുതായപ്പോഴും വല്ലാത്തൊരു ഭാവത്തില്‍ തല ഇരുവശത്തേക്കും ആട്ടുന്ന സ്വഭാവം തുടര്‍ന്നു. മണിക്കൂറുകളോളം ഒന്നുംമിണ്ടാതെ തുറിച്ചുനോക്കി ഇരിക്കുകയും ചെയ്യും. ഈസമയത്ത് റോസിന്‍റെ അച്ഛനും ഗുരുതരമായ മാനസിക അസ്വാസ്ഥ്യമുണ്ടായി. അയാള്‍ മകളെ ലൈംഗികമായി ദുരുപയോഗിച്ചു. റോസിന്‍റെ മുത്തച്ഛനും അവളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തി.
ജീവിതപങ്കാളിയെ കണ്ടെത്തല്‍
റോസിന് 15 വയസുള്ളപ്പോള്‍ ഒരു ബസ് സ്റ്റോപ്പില്‍ വച്ചാണ് അവള്‍ ഫ്രെഡിനെ കാണുന്നത്. അയാള്‍ക്ക് അവളെക്കാള്‍ 12 വയസ് കൂടുതലുണ്ടായിരുന്നു. വിവാഹിതനായ ഫ്രെഡിന് രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്നു. ഷാര്‍മെയ്നും ആന്‍ മേരിയും. ബസ് സ്റ്റോപ്പിലെ കൂടിക്കാഴ്ച വൈകാതെ പ്രണയമായി. റോസ് ഫ്രെഡിനെ മക്കളുടെ നാനിയായി (കൂട്ടിരിപ്പുകാരി) അവരുടെ വീട്ടിലെത്തി. ഫ്രെഡ് വെസ്റ്റിന്‍റെ ബാല്യവും വ്യത്യസ്തമായിരുന്നില്ല. പലവട്ടം ലൈംഗികചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയായ ബാലന്‍. അപകടങ്ങളില്‍പ്പെട്ട് ഒന്നിലേറെത്തവണ തലയ്ക്ക് ഗുരുതര ക്ഷതമേറ്റു. ഇതെല്ലാം അയാളുടെ വ്യക്തിത്വത്തെ ബാധിച്ചു. കൗമാരത്തില്‍ത്തന്നെ കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങി. യുവത്വം തുടങ്ങുമ്പോള്‍ ലൈംഗികകുറ്റൃത്യങ്ങളും ആരംഭിച്ചു.
ഫ്രെഡ് വെസ്റ്റും റോസ് വെസ്റ്റും വിവാഹശേഷം
വൈകാതെ ഫ്രെഡും റോസും വിവാഹിതരായി. അതിസങ്കീര്‍ണമായ രണ്ട് ക്രിമിനല്‍ മനസുകളുടെ ഒന്നിക്കലായിരുന്നു അത്. വിവാഹത്തോടെ കുറ്റകൃത്യങ്ങളുടെ തലം തന്നെ മാറി. 1970ലാണ് ഫ്രെഡ്–റോസ് ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. ആ സമയത്ത് മൂത്ത പെണ്‍കുട്ടികളെ ഇരുവരും കടുത്ത പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. സ്വന്തം മകളുണ്ടായി ഏതാനും മാസങ്ങള്‍ക്കുശേഷം റോസ് ആദ്യത്തെ കൊലപാതകം നടത്തി. ഫ്രെഡിന്‍റെ എട്ടുവയസുകാരിയായ മകള്‍ ഷാര്‍മെയ്ന്‍ കൊല്ലപ്പെടുമ്പോള്‍ അയാള്‍ ജയിലിലായിരുന്നു. പുറത്തിറങ്ങിയ ഫ്രെഡ് മൃതദേഹം അടുക്കളയില്‍ കുഴിച്ചിടാന്‍ റോസിനെ സഹായിച്ചു.
വീടിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്ന സെല്ലാര്‍
പിന്നീടങ്ങോട്ട് കൊലപാതകളുടെയും ഹീനമായ കുറ്റകൃത്യങ്ങളുടെയും തുടര്‍ച്ച തന്നെയുണ്ടായി. വീട്ടില്‍ മക്കളെ നോക്കാനെന്ന വ്യാജേന ജോലിക്ക് വിളിക്കുന്ന പെണ്‍കുട്ടികളും ബസ് സ്റ്റോപ്പിലും വഴിയരികിലും നിന്നെല്ലാം തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടികളുമായിരുന്നു ഇരകള്‍. എല്ലാവരും രക്തം മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ക്ക് ഇരയായ ശേഷം കൊല്ലപ്പെട്ടു. ഫ്രെഡിനും റോസിനും പിറന്ന 9 മക്കളും അതിക്രൂരമായ ലൈംഗിക, ശാരീരിക ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. 1972നും 1992നുമിടയില്‍ 31 തവണ ഈ കുട്ടികള്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് രേഖകളുണ്ട്. എന്നാല്‍ ആരും പൊലീസിനെയോ സോഷ്യല്‍ സര്‍വീസിനെയോ അറിയിച്ചില്ല.
ഫ്രെഡ് വെസ്റ്റും റോസ് വെസ്റ്റും ഗ്ലോസ്റ്ററിലെ ഭക്ഷണശാലയില്‍ (വലത്ത്)
1987 ല്‍ ഹീതറിന്‍റെ കൊലപാതകമാണ് റോസിന്‍റെയും ഫ്രെഡിന്‍റെയും രഹസ്യജീവിതത്തിന്‍റെ മറനീക്കിയത്. കാര്യങ്ങള്‍ പുറത്താകുമെന്ന ഭയം കൊണ്ടാണ് ഹീതറിനെ കൊലപ്പെടുത്തിയത്. അത്തരമൊരു കാരണത്തിന്‍റെ പേരില്‍ ദമ്പതികള്‍ നടത്തിയ ആദ്യത്തെ കൊലപാതകം. ഹീതര്‍ നല്‍കിയ വിവരങ്ങള്‍ അവളുടെ സഹപാഠി പുറത്തുപറഞ്ഞതോടെ കൊടുംക്രൂരതയുടെ ചുരുളഴിച്ച അന്വേഷണത്തിന് തുടക്കമായി. ഇരുവരും അറസ്റ്റിലായി. 12 കൊലപാതകങ്ങള്‍ തെളിഞ്ഞു. പക്ഷേ അവിടെ ഒന്നും അവസാനിച്ചില്ല.
ഫ്രെഡും റോസും ചേര്‍ന്ന് കൊലപ്പെടുത്തിയ പെണ്‍കുട്ടികള്‍
1994 ഏപ്രിലോടെ പൊലീസിന്‍റെ ശ്രദ്ധ ഫ്രെഡും റോസും മുന്‍പ് താമസിച്ചിരുന്ന മിഡ്‍ലാന്‍ഡ് റോഡിലെ ഇരുപത്തഞ്ചാം നമ്പര്‍ വീട്ടിലേക്ക് മാറി. ഫ്രെഡിന് മുന്‍ ഭാര്യ കോസ്റ്റെലോയിലുണ്ടായ മകള്‍ ഷാര്‍മെയിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ അടുക്കളയുടെ താഴെ കണ്ടെത്തി. പിന്നീട് ഫ്രെഡ് പൊലീസിനെ ഗ്ലോസ്റ്ററില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള കെംപ്‍ലി എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ഒരു സ്ഥലം കാട്ടിക്കൊടുത്തു. അവിടെ മുന്‍ ഭാര്യ കോസ്റ്റെലോയുടെ മൃതദേഹം ഉണ്ടായിരുന്നു. തൊട്ടടുത്ത വയലില്‍ ഫ്രെഡിന്‍റെ മുന്‍ കാമുകി ആന്‍ മക്‌ഫാളിന്‍റെ മൃതദേഹവും കണ്ടെത്തി. അവര്‍ ഗര്‍ഭിണിയായിരിക്കേയാണ് കൊല്ലപ്പെട്ടത്.
ക്രോംവെല്‍ സ്ട്രീറ്റിലെ ഫ്രെഡ് വെസ്റ്റിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു
ഫ്രെഡിനെ 12 കൊലക്കേസുകളിലും റോസിനെ 10 കൊലക്കേസുകളിലുമാണ് പ്രതിചേര്‍ത്തത്. പക്ഷേ ഫ്രെഡ് വെസ്റ്റ് വിചാരണ നേരിടാന്‍ നിന്നില്ല. ജയില്‍ സെല്ലിനുള്ളില്‍ അയാള്‍ ആത്മഹത്യ ചെയ്തു. കുറ്റമെല്ലാം ഏറ്റെടുത്ത് റോസിനെ മോചിപ്പിക്കാനുള്ള വിഫലശ്രമമായിരുന്നു അതെന്ന് കേസ് കൈകാര്യം ചെയ്ത ഫൊറന്‍സിക് സൈക്കോളജിസ്റ്റുകള്‍ കരുതുന്നു. എന്നാല്‍ വിചാരണയ്ക്കിടെ റോസിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. തെളിവുകള്‍ ഒന്നൊന്നായി മുന്നിലെത്തിയതോടെ അവര്‍ പറഞ്ഞു – ‘എന്നോട് ക്ഷമിക്കണം’. റോസിന് പരോള്‍ ഇല്ലാതെ ജീവിതാന്ത്യം വരെ തടവുശിക്ഷയാണ് കോടതി നല്‍കിയത്.
ഫ്രെഡ് വെസ്റ്റിന്‍റെ വീട്ടിനുള്ളില്‍ കുട്ടികളെ പീഡിപ്പിച്ചിരുന്ന മുറികളിലൊന്ന്
ഫ്രെഡിന്‍റെ മൂത്തമകള്‍ ആന്‍ മേരി മാത്രമാണ് ആ കുടുംബത്തില്‍ നിന്ന് സാക്ഷിയായി വന്നത്. മറ്റുമക്കള്‍ അടുത്തടുത്താണ് താമസിക്കുന്നതെങ്കിലും പരസ്പരം കാണാറോ മിണ്ടാറോ ഇല്ല. അത്തരം കൂടിക്കാഴ്ചകള്‍ കൊടും യാതനകളുടെ ഓര്‍മകള്‍ അതിവേഗം തിരിച്ചുകൊണ്ടുവരും എന്നതുകൊണ്ടുമാത്രമാണ് ബോധപൂര്‍വമുള്ള അകല്‍ച്ച. അത്രമാത്രം മാനസികവ്യഥയിലാണ് അവര്‍ ഇന്നും ജീവിക്കുന്നത്.
ഫ്രെഡ് വെസ്റ്റും റോസ് മേരിയും
ഫ്രെഡും റോസും വാസ്തവത്തില്‍ ഒന്നും തുറന്നുപറഞ്ഞിട്ടില്ല എന്നതാണ് കേസ് അന്വേഷിച്ചവരും അതുമായി സഹകരിച്ചവരും ഇപ്പോഴും കരുതുന്നത്. കാണാതായ പതിനഞ്ചുകാരി മേരി ബാസ്തോമിനെപ്പോലെ ഒരുപാട് പെണ്‍കുട്ടികളുടെ ഉറ്റവര്‍ ഇന്നും അവരെക്കുറിച്ചോര്‍ത്ത് നീറി നീറി ജീവിക്കുന്നു. ഇപ്പോള്‍ 72 വയസുള്ള റോസ് മേരി വെസ്റ്റിന് എന്നെങ്കിലും ഒരിക്കല്‍ മാനസാന്തരമുണ്ടായാല്‍ മാത്രം, ഉള്ളിലുള്ളത് തുറന്നുപറയാന്‍ തോന്നിയാല്‍ മാത്രം അതില്‍ ചിലതെങ്കിലും പുറത്തുവന്നേക്കാം.