ഗാസയിലെ ആശുപത്രി സമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ 20പേരാണ് കൊല്ലപ്പെട്ടത്. ഇതേ ആശുപത്രി കെട്ടിടത്തില്‍ തൊട്ടുമുന്‍പേ നടന്ന ആക്രമണത്തില്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്ന സിവിൽ ഡിഫൻസ് ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് രണ്ടാമത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ദൃശ്യങ്ങളില്‍ സിവിൽ ഡിഫൻസ് സംഘങ്ങളടക്കമുള്ളവര്‍ കെട്ടിടത്തിന്‍റെ മുകള്‍ നിലയില്‍ നിന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യത്തെ ആക്രമണത്തില്‍ പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നത് കാണാം. പിന്നാലെ രണ്ടാമതും വ്യോമാക്രമണമുണ്ടാകുന്നു. മിസൈല്‍ പതിച്ചതോടെ ചാരനിറത്തിലുള്ള പുകയും അവശിഷ്ടങ്ങളും വായുവിലേക്ക് ഉയരുന്നത് ദൃശ്യങ്ങളിലുണ്ട്. ആളുകളുടെ നിലവിളിയും കേള്‍ക്കാം.
ആദ്യ മിസൈൽ പ്രയോഗിച്ചതിന് തൊട്ടുപിന്നാലെ അപകടസ്ഥലത്തേക്ക് ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെയും രക്ഷാപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണം ഇസ്രയേലിന്‍റെ ‘ഡബിള്‍ ടാപ്പ്’ തന്ത്രമാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. മറിയം അബു ദാഖ (അസോസിയേറ്റഡ് പ്രസ്സ്), മുഹമ്മദ് സലാമ (അൽ ജസീറ), ഹൊസം അൽ-മസ്രി (റോയിറ്റേഴ്‌സ്), മോവാസ് അബു താഹ, അഹമ്മദ് അബു അസീസ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. ആക്രമണത്തില്‍ റോയിറ്റേഴ്‌സ് ഫോട്ടോഗ്രാഫർ ഹതീം ഖാലിദിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
‘ദാരുണമായ അപകടം’ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സംഭവത്തെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ ഇസ്രയേൽ അഗാധമായി ഖേദിക്കുന്നുവെന്നും പത്രപ്രവർത്തകരുടെയും, മെഡിക്കൽ സ്റ്റാഫിന്റെയും, സാധാരണക്കാരുടെയും പ്രവർത്തനത്തെ ഇസ്രായേൽ വിലമതിക്കുന്നതായും പറഞ്ഞു. അതേസമയം, ഫോറിൻ പ്രസ് അസോസിയേഷൻ ആക്രമണത്തെ അപലപിച്ചു. ഗാസയിൽ ഏകദേശം രണ്ട് വർഷം മുമ്പ് യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര പത്രപ്രവർത്തകർക്ക് ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
മാർച്ചിൽ, തെക്കൻ റാഫയിൽ അഞ്ച് ആംബുലൻസുകൾ, ഒരു ഫയർ ട്രക്ക്, ഒരു യുഎൻ വാഹനം എന്നിവയുൾപ്പെടെ നിരവധി രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തിരുന്നു. ഈ ആക്രമണത്തില്‍ പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ എട്ട് അംഗങ്ങൾ, അഞ്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ഒരു യുഎൻ ജീവനക്കാരൻ എന്നിവരുൾപ്പെടെ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ വ്യോമാക്രമണം ആരംഭിച്ച് ഇതിനകം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 63,000 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.