Image Credit: x.com/ChinaSunSong
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പാലമായ ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തിന്‍റെ ഭാര പരിശോധന പൂര്‍ത്തിയായി. ഓഗസ്റ്റ് 21 മുതൽ 25 വരെ നടന്ന കർശനമായ സ്റ്റാറ്റിക് ലോഡ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ഭാര പരിശോധനയ്ക്കായി മൊത്തം 3,360 മെട്രിക് ടൺ ഭാരമുള്ള 96 ഹെവി ട്രക്കുകളാണ് പാലത്തിലൂടെ കടത്തിവിട്ടത്. 400 ലധികം സെൻസറുകൾ ഉപയോഗിച്ച്, പാലത്തിന്‍റെ പ്രധാന സ്പാൻ, ടവറുകൾ, കേബിളുകൾ, സസ്പെൻഡറുകൾ എന്നിവയിലെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിച്ചായിരുന്നു പരിശോധന. ഭാരപരിശോധനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.
പാലത്തിന്‍റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണ് ഈ ഭാരപരിശോധന. എല്ലാ തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും എന്‍ജിനീയര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ അവസാന കടമ്പയും കടന്ന് പാലം ഇനി ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഗുയിഷോ പ്രവിശ്യയിലെ കാർസ്റ്റ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന പാലം ഇതിനകം എന്‍ജിനീയറിങ് അദ്ഭുതമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വലിയ തോതിലുള്ള കോൺക്രീറ്റ് ഒഴിക്കുമ്പോഴുള്ള താപനില, കുത്തനെയുള്ള മലയിടുക്കുകളുടെ ചരിവുകൾ, ശക്തമായ കാറ്റ് എന്നിങ്ങനെ ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്ത് ഗുയിഷോ ട്രാൻസ്പോർട്ടേഷൻ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പാണ് പാലം നിര്‍മ്മിച്ചത്. 625 മീറ്റർ ഉയരമുള്ള പാലത്തിന്‍റെ ആകെ നീളം 2,900 മീറ്ററാണ്. പ്രധാന സ്പാൻ 1,420 മീറ്ററാണ്. ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായി ഇത് മാറും. ഒരു പർവതപ്രദേശത്തെ ഏറ്റവും നീളം കൂടിയ സ്പാനുള്ള പാലം എന്നീ റെക്കോർഡും ഇനി ഹുവാജിയാങ് ഗ്രാൻഡ് കാന്യണിന് സ്വന്തം.
സെപ്റ്റംബറിൽ തുറക്കാൻ പോകുന്ന പാലം പ്രാദേശിക ടൂറിസത്തെയും വികസനത്തെയും ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നുത്. ഇത് ലിയുഷിക്കും ആൻലോങ്ങിനും ഇടയിലുള്ള യാത്രാ സമയം 2 മണിക്കൂറിൽ നിന്ന് വെറും 2 മിനിറ്റായി കുറയ്ക്കുകയും ചെയ്യും. നിലവില്‍ ലോകത്തിലെ മൊത്തം പാലങ്ങളുടെ റാങ്കിങില്‍ ഇന്നും ആധിപത്യം ചൈനയ്ക്കാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് പാലങ്ങളിൽ എട്ടെണ്ണം ചൈനയില്‍ ഇതിനകം തന്നെ പ്രവർത്തനക്ഷമമാണ്. ഇവ എല്ലാം ഗുയിഷോവിലാണ് താനും. ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലം കൂടി തുറക്കുന്നതോടെ ഈ ആധിപത്യം ചൈന ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ്.