AI Generated Image

ഭര്‍ത്താവ് അന്യസ്ത്രീകളെ തേടി പോകുന്നത് തനിക്ക് സൗന്ദര്യം നഷ്ടമായത് കൊണ്ടാണെന്ന് കരുതി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ ചെയ്ത സ്ത്രീ കബളിപ്പിക്കപ്പെട്ടു. ചൈനയിലാണ് സംഭവം. സിയു എന്ന 58കാരിയാണ് മുഖത്തെയും ശരീരത്തിലെയും ചുളിവുകള്‍ മാറ്റുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി നടത്തി വഞ്ചിക്കപ്പെട്ടത്. ഏഴര ലക്ഷത്തോളം രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. 

ഭര്‍ത്താവ് തന്നെ വഞ്ചിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്നത് സൗന്ദര്യം കുറഞ്ഞതിനാലാണെന്നായിരുന്നു സിയുവിന്‍റെ ധാരണ. ഇതോടെ ഇവര്‍ കോസ്മെറ്റിക് സര്‍ജനെ സമീപിച്ചു. മുഖത്തെ ചുളിവുകളാണ് പ്രായം തോന്നിപ്പിക്കുന്നതെന്നും ചുളിവുകള്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നും സര്‍ജന്‍ സിയുവിനെ വിശ്വസിപ്പിച്ചു. സിയുവിന്‍റെ കണ്ണിന് ചുറ്റുമുള്ള ചുളിവുകളാണ് ഭര്‍ത്താവ് മറ്റു സ്ത്രീകളെ തേടി പോകാന്‍ കാരണമെന്നും സര്‍ജന്‍ വിശ്വസിപ്പിച്ചു. ഇതോടെയാണ് കൊച്ചുമകന്‍റെ ഫീസായി മാറ്റി വച്ചിരുന്ന പണവും സിയു ആശുപത്രിയില്‍ അടച്ചത്. 

പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സിയുവിന് കടുത്ത തലവേദനയും ക്ഷീണവും ആരംഭിച്ചു. വായ തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലുമായി. തുടര്‍ന്ന് മറ്റൊരാശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തിയതോടെ ഹൈഡ്രോക്ലോറിക് ആസിഡ് കുത്തിവച്ചതായി കണ്ടെത്തി. ഒറ്റ സിറ്റിങില്‍ തന്നെ അമിത ഡോസ് മരുന്നാണ് സിയുവിന് നല്‍കിയതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പറയുന്നു. ചികില്‍സ പാളിയതോടെ സിയു പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പണം നടക്കി നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. ഇതോടെയാണ് സിയുവിന്‍റെ കുടുംബം നിയമനടപടിക്ക് മുതിര്‍ന്നത്. 

ENGLISH SUMMARY:

Plastic surgery fraud led to severe health issues for a woman in China who sought to improve her appearance to prevent her husband from cheating. She was misled into believing that wrinkles were the cause of her marital problems and subsequently received a harmful injection, resulting in significant pain and the need for further medical treatment.