അലാസ്ക ചര്‍ച്ചക്കായെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് നല്‍കിയ ഗംഭീരസ്വീകരണം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു യുക്രയിന്‍ ഉദ്യോഗസ്ഥന്‍ പങ്കുവച്ച അലാസ്കയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. യുഎസ് സൈനികര്‍ പുടിന് നടന്നുവരാനുള്ള ചുവപ്പ് പരവതാനി മുട്ടുകുത്തി നേരെയാക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ‘മുട്ടുകുത്തി വീണ്ടും ഗംഭീരമാക്കുക’ എന്ന കാപ്ഷനോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്രംപ് മറ്റേതൊരു നേതാവിനും നല്‍കിയതിനേക്കാള്‍ മികച്ച രീതിയിലായിരുന്നു പുടിന് സ്വീകരണം നല്‍കിയിരുന്നത്. 2018നു ശേഷം ഇരുനേതാക്കളും ആദ്യമായി മുഖാമുഖം കാണുകയായിരുന്നു. അലാസ്കയിലെ വ്യോമതാവളത്തിൽ പുടിനായി ചുവപ്പ് പരവതാനി വിരിച്ചു. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശത്തിന് പുടിൻ ഉത്തരവിട്ടതിന് ശേഷം ആദ്യമായാണ് ഒരു പാശ്ചാത്യ മണ്ണിൽ റഷ്യൻ നേതാവിന് പ്രവേശനം അനുവദിക്കുന്നത്. റഷ്യൻ സുഹൃത്തിനായി അമേരിക്കൻ പ്രസിഡൻ്റ് വിമാനത്താവളത്തിലെ റൺവേയിൽ ക്ഷമയോടെ കാത്തുനിന്നു. പുടിൻ അടുത്തെത്തിയപ്പോൾ കൈയ്യടിച്ചും കണ്ടുമുട്ടിയപ്പോൾ ഊഷ്മളമായി ഹസ്തദാനം നൽകിയും ട്രംപ് സ്വീകരിച്ചു. ഊഷ്മളമായ പുഞ്ചിരിയോടെ അല്‍പനേരം സംസാരിച്ച ശേഷമായിരുന്നു ചര്‍ച്ചയ്ക്കായി ഇരുവരും പരവതാനിയിലൂടെ നടന്നുനീങ്ങിയത്.
റഷ്യന്‍ നേതാവിന് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ നിന്നിറങ്ങാനായി വച്ച കോണിപ്പടിയുടെ താഴെ യുഎസ് സൈനികര്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. പുടിനായി വിരിച്ച ചുവപ്പ് പരവതാനി നേരെയാക്കുകയാണ് യുഎസ് സൈനികര്‍. ഈ ചിത്രത്തെ പരിഹസിച്ചുകൊണ്ട് യുക്രെയ്ൻ സ്റ്റേറ്റ് ഏജൻസി ഫോർ റിസ്റ്റോറേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റിൻ്റെ മുൻ മേധാവി മുസ്തഫ നയ്യെം ആണ് അടിക്കുറിപ്പോടുകൂടി ചിത്രം പങ്കുവച്ചത്. ‘ഈ മുട്ടുകുത്തല്‍ വീണ്ടും മഹത്തരമാക്കുക’ എന്ന കാപ്ഷനോടെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ് ഈചിത്രം.
ട്രംപ്–പുട്ടിന്‍ കൂടിക്കാഴ്ച റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുതകുന്ന സമാധാനപാതയിലേക്കുള്ള ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. യുഎസിലെ അലാസ്കയില്‍ മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പുരോഗതിയെന്നും കരാറിലേക്കെത്തിയില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. നാറ്റോ രാജ്യങ്ങളുമായി സംസാരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, പുട്ടിനെ ഒരിക്കല്‍പോലും വിമര്‍ശിക്കാന്‍ തയാറായില്ല. അതേസമയം, യുക്രെയ്ന്‍ സഹോദരരാജ്യമാണെന്നും സാഹചര്യങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നും പുട്ടിന്‍ പറഞ്ഞു. അടുത്ത ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. രണ്ടാം ഘട്ട ചര്‍ച്ച മോസ്കോയിലാകാമെന്ന് പുട്ടിന്‍ പറഞ്ഞെങ്കിലും ട്രംപ് സമ്മതംമൂളിയിട്ടില്ല. രണ്ടാം ഘട്ട ചര്‍ച്ചയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയെക്കൂടി പങ്കെടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം.