ആണവായുധത്തിലേക്ക് നീങ്ങിയ ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും വാദിച്ച് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ–പാക് സംഘര്‍ഷം നീങ്ങിയത് ആണവയുദ്ധത്തിലേക്കാണെന്നും യുദ്ധം അവസാനിപ്പിച്ചത് താനെന്നും ട്രംപ് അവകാശപ്പെട്ടു. ആറുമാസത്തിനിടെ ആറുയുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് ട്രംപിന്‍റെ വാദം. റഷ്യ–യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായി അലാസ്കയില്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപിന്‍റെ വാക്കുകള്‍. 

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഞാൻ ആറ് യുദ്ധങ്ങൾ പരിഹരിച്ചു. കോംഗോയും റുവാണ്ടയുമായി 31 വർഷമായി യുദ്ധം നടക്കുകയാണ്. ഞങ്ങൾ ഇതില്‍ ആറെണ്ണം പരിഹരിച്ചു. വെറുതെ പരിഹരിക്കുക മാത്രമല്ല, സമാധാനം സ്ഥാപിച്ചു.  നിങ്ങള്‍ പാക്കിസ്ഥാനെയും ഇന്ത്യയെയും നോക്കൂ. വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നു. ആറോ ഏഴോ വിമാനങ്ങള്‍ താഴെ വീണു. അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നു. ആണവയുദ്ധമാകായിരുന്നു. ഇത് ഞങ്ങള്‍ പരിഹരിച്ചു' എന്നാണ് ട്രംപിന്‍റെ വാക്കുകള്‍. 

ഇതാദ്യമായല്ല ഇന്ത്യ–പാക്ക് സംഘര്‍ഷത്തില്‍ ട്രംപിന്‍റെ വാദങ്ങള്‍. വ്യാപര കരാര്‍ ഉണ്ടാക്കില്ലെന്ന് പറഞ്ഞാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചതെന്ന് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ട്രംപിന്‍റെ വാദങ്ങള്‍ പ്രധാനമന്ത്രി ലോക്സഭയില്‍ തള്ളിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിക്കാന്‍ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ പാക്കിസ്ഥാന്‍റെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ സാറ്റാഫ് അമര്‍ പ്രീത് സിങ് ഈയിടെ  പറഞ്ഞിരുന്നു. ഇത് പാക്കിസ്ഥാന്‍ നിഷേധിച്ചു. 

ENGLISH SUMMARY:

India-Pakistan conflict de-escalation was claimed by Donald Trump, stating he prevented a nuclear war. He asserted he resolved six wars in six months amid Russia-Ukraine discussions.