stdent

അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്  ഗണിത അധ്യാപികയെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ഥി. തായ്‌ലന്‍ഡിലെ മധ്യ പ്രവിശ്യയായ ഉതായ് താനിയിലെ ഒരു സ്കൂളിലാണ് സംഭവം. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച്  അധ്യാപികയെ വിദ്യാര്‍ഥി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ക്ലാസ് മുറിയിലെ സിസിടിവിയില്‍ പതിഞ്ഞു.‍ 'തായ് ലോ ബ്രോ' എന്ന എക്സ് അക്കൗണ്ടില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട   ഈ വീഡിയോ വളരെ വേഗത്തില്‍ വൈറലുമായി.

വിദ്യാര്‍ഥിയുടെ മര്‍ദനമേറ്റ അധ്യാപിക തായ് സമൂഹ മാധ്യമങ്ങളില്‍ സുപരിചതയാണ്. അധ്യാപിക  തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടായ 'ടീച്ചർ ആർട്ടി' എന്ന   പേജിലൂടെയും  സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചു. ശരിയായ ഉത്തരങ്ങൾ എഴുതിയെങ്കിലും, പഠനത്തിന്‍റെ ഭാഗമായുള്ള അസൈന്‍മെന്‍റുകള്‍  കൃത്യതയോടെ സമര്‍പ്പിക്കുന്നതില്‍ വിദ്യാര്‍ഥിക്ക് കഴിയാത്തതിനാലാണ് മുഴുവന്‍ മാര്‍ക്കും നല്‍കാതിരുന്നതെന്ന് അധ്യാപിക കുറിപ്പുമെഴുതി. ഫുൾ മാര്‍ക്ക് വേണമെന്ന്  ആവശ്യവുമായി വിദ്യാര്‍ഥി അധ്യാപികയെ നിരന്തരം സമീപിച്ചെങ്കിലും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായാണ് 17കാരന്‍ ആക്രമണം നടത്തിയത്. 

അധ്യാപികയുടെ മുഖത്തും തലയിലും   ക്രൂരമായ രീതിയില്‍ വിദ്യാര്‍ഥി മര്‍ദിക്കുന്നതും ഇടയ്ക്ക് ഇയാൾ അധ്യാപികയെ തൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്ലാസിലെ മറ്റ് വിദ്യാര്‍ഥികള്‍ അധ്യാപികയെ പിടിച്ച് മാറ്റി കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ഥി പിന്നാലെ ചെന്ന് മര്‍ദനം തുടരുകയാണ്. പിന്നീട് മറ്റ് അധ്യാപകര്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ഥി ആക്രമണം അവസാനിപ്പിച്ചത്. അധ്യാപികയുടെ  കണ്ണിനും തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കുപറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. വിദ്യാര്‍ത്ഥിക്ക് 20 ൽ 18 മാർക്കാണ്  ലഭിച്ചത്. അധ്യാപികയെ ഉപദ്രവിച്ചതിന്  വിദ്യാര്‍ഥിയെ സ്കൂൾ സസ്‌പെൻഡ് ചെയ്തു. എന്നാല്‍ ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളില്ല.

ENGLISH SUMMARY:

In a school in Thailand's central province of Uthai Thani, a student brutally beat his math teacher after receiving low marks on a midterm exam. The incident, which was captured on the classroom's CCTV, shows the assault taking place in front of other students. A video of the incident was shared on an X (formerly Twitter) account and quickly went viral.