ആശുപത്രികളില്‍ വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഫെന്‍റാനിലില്‍ അപകടകരമായ ബാക്ടീരിയകള്‍ കലര്‍ന്നതോടെ ചികില്‍സയിലായിരുന്ന 96 പേര്‍ മരിച്ചു. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐറിസ്, സാന്‍റാ ഡേ, കൊര്‍ഡോബ, ഫൊര്‍മോസ, ബ്യൂനസ് ഐറിസ് സിറ്റി എന്നിവിടങ്ങളിലെ ആശുപത്രിയികളില്‍ ചികില്‍സയിലായിരുന്നവരാണ് മരിച്ചത്.
മേയ് മാസത്തിലാണ് അനസ്തീസിയയ്ക്കും വേദനാസംഹാരിയെന്ന നിലയിലുമായി ആശുപത്രികളില്‍ നിന്ന് ഫെന്‍റാനില്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ ബാക്ടീരിയല്‍ അണുബാധ മേയ് മാസമാണ് കണ്ടെത്തിയത്. വിശദമായ പരിശോധനകള്‍ നടത്തിയതോടെ ക്ലെബ്സിയല്ല ന്യൂമോണിയ, റല്‍സ്റ്റോണിയ പിക്കെറ്റി എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മിക്ക ആന്‍റിബയോട്ടിക്കുകളെയും പ്രതിരോധിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടെന്നത് ചികില്‍സ സങ്കീര്‍ണമാക്കുകയും ചെയ്തു.
എച്ച്എല്‍ബി ഫാര്‍മ എന്ന മരുന്ന് കമ്പനിയും അവരുടെ ലബോറട്ടറി പങ്കാളിയായ ലബോററ്റോറോ റാമല്ലോയുമാണ് ബാക്ടീരിയയുടെ സാന്നിധ്യമുള്ള ഫെന്‍റാനില്‍ വിപണിയിലെത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് ബാച്ചുകളിലിലുള്ള ഫെന്‍റാനില്‍ ഉപയോഗിച്ചവരാണ് മരിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞതായി അര്‍ജന്‍റീനയുടെ ഡ്രഗ് റഗുലേറ്ററായ അന്‍മത് വെളിപ്പെടുത്തി. ഇതിലൊരു ബാച്ച് പരക്കെ വിതരണം ചെയ്തിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, കമ്പനി ഉല്‍പാദിപ്പിച്ച ഫെന്‍റാനില്‍ ഉപയോഗിച്ചവരാണ് മരിച്ചതെന്ന് വാദം എച്ച്എല്‍ബി ഫാര്‍മ തള്ളി. തീര്‍ത്തും സുരക്ഷിതമായാണ് ഫെന്‍റാനില്‍ കൈമാറിയിട്ടുള്ളതെന്നും ബാക്ടീരിയകള്‍ ആരെങ്കിലും കലര്‍ത്തിയതാകാമെന്നും അട്ടിമറി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മരുന്ന് കമ്പനി ഉടമയായ ഏരിയല്‍ ഗാര്‍സ്യ ഫര്‍ഫാറോ ആരോപിച്ചു.
300,000ത്തിലേറെ ആപ്യൂളുകളില്‍ അണുബാധയുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ 45,000 ആംപ്യൂളുകള്‍ ഇതിനകം തന്നെ വിതരണം ചെയ്തുപോയിരുന്നു. ശേഷിച്ചവ, അധികൃതര്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയധികം പേര്‍ മരിച്ചിട്ടും സംഭവത്തില്‍ ആര്‍ക്കുമെതിരെ ഇതുവരേക്കും ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ല. ഫെന്‍റാനിലിന്‍റെ ഉല്‍പാദനവും വിതരണവുമായി നേരിട്ട് ബന്ധമുള്ള 24 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ രാജ്യം വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. സ്വത്തുക്കളും മരവിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
ഫെന്‍റാനില്‍ ഉപയോഗിക്കുന്നതെന്തിന്?
അത്യന്തം ഫലവത്തായ വേദനാസംഹാരിയെന്ന നിലയിലും അനസ്തീസിയയ്ക്കുമായാണ് കൃത്രിമ ഒപിയോയിഡ് ആയ ഫെന്‍റാനില്‍ ഉപയോഗിച്ച് വരുന്നത്. മോര്‍ഫിനെക്കാള്‍ 50 മുതല്‍ 100 മടങ്ങുവരെ കാര്യക്ഷമമാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.