ഫയല്‍ ചിത്രം

രാജ്യത്തെ ഫുട്ബോള്‍ ആരാധര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ ദിനം നാളെയാണ്. അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി നാളെ പുലര്‍ച്ചെ 1.30ന് കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. നാളെ ‘ഗോട്ട് ഇന്ത്യ ടൂര്‍ 2025’ ആരംഭിക്കുകയും ചെയ്യും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മെസ്സിക്കൊപ്പം അര്‍ജന്‍റീന താരം റോഡ്രിഗോ ഡി പോള്‍, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ടാകും. പക്ഷേ ഈ മൂന്ന് ദിവസത്തെ മെസിയുടെ ഷെഡ്യൂളാണ് ചര്‍ച്ചയാകുന്നത്. അതില്‍ എത്ര ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ട്?

ഫയല്‍ ചിത്രം

‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്‍റെ ഭാഗമായാണ് ഗോട്ട് ഇന്ത്യ ടൂര്‍ 2025 സംഘടിപ്പിക്കുന്നത്. ഡിസംബർ 13 മുതല്‍ 15 വരെ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ രാജ്യത്തെ നാല് പ്രധാനനഗരങ്ങളിലാണ് പര്യടനം. ഈ മൂന്ന് ദിവസങ്ങളിലായി മെസ്സി പ്രധാനമന്ത്രിയേയും മൂന്ന് മുഖ്യമന്ത്രിമാരെയും ഷാറൂഖ് ഖാന്‍ അടക്കമുള്ള സെലിബ്രിറ്റികളെയും കാണുന്നുണ്ട്. മുന്‍പ് വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മെസിയുടെ ഒരു ക്രിക്കറ്റ് മല്‍സരം വരെ ഷെഡ്യൂള്‍ ചെയ്തിരുന്നു. അവിടെയാണ് ഫുട്ബോളോ എന്ന ചോദ്യം ഉയരുന്നത്. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരന്‍ രാജ്യത്തെത്തുമ്പോളും ക്രിക്കറ്റിനപ്പുറം ചിന്തിക്കാനാകുന്നില്ലേ? ഒടുവിൽ ക്രിക്കറ്റ് മല്‍സരമെന്ന ആശയം പൂർണ്ണമായും ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ് ഉപേക്ഷിച്ചെങ്കിലും ഫുട്ബോളിന് ഷെഡ്യൂളില്‍ അത്രത്തോളം പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. നാളെ രാവിലെ തിരഞ്ഞെടുത്ത ആരാധകരുമായുള്ള മുഖാമുഖം പരിപാടിയാണ് ഒന്ന്. പിന്നാലെ കൊല്‍ക്കത്ത ശ്രീഭൂമി സ്പോര്‍ടിങ് ക്ലബ്ബ് നിര്‍മ്മിച്ച പ്രതിമ മെസ്സി അനാവരണം ചെയ്യും. സുരക്ഷാപ്രശ്നം കാരണം ഹോട്ടല്‍ മുറിയില്‍ നിന്നും വെര്‍ച്വലായിട്ടായിരിക്കും ചടങ്ങ്. ഷാറൂഖ് ഖാനെയും മെസി കാണുന്നുണ്ട്. കൊല്‍ക്കത്തയിലെ സ്റ്റേഡിയത്തിലെത്തുന്ന ഷാറൂഖും മെസിയും വെറുതെ സ്റ്റേജിലിരിക്കുമോ, അതോ ഫുട്ബോള്‍ കളിക്കുമോ, അതോ തന്റെ സിഗ്നേച്ചര്‍ പോസ് ഷാറൂഖ് മെസിയെ പഠിപ്പിക്കുമോ? ഇതെല്ലാമേ ചോദിക്കാനാകൂ.

ഫയല്‍ ചിത്രം

പിന്നാലെ ഹൈദരാബാദിലേക്ക്. ഹൈദരാബാദില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള പ്രദര്‍ശന മല്‍സരം. പിറ്റേദിവസം മുംബൈയിലാകട്ടെ ഫാഷന്‍ഷോയും മറ്റ് പരിപാടികളും. മുംബൈയില്‍ ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും ജാക്കി ഷറോഫും ടൈഗര്‍ ഷറോഫും മെസിയെ കാണാന്‍ എത്തും. ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും.

എന്നാല്‍ എന്തുകൊണ്ട് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമുമായി മെസിക്ക് ഒരു സെഷന്‍ പോലുമില്ലാത്തത്? ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ സുനിൽ ഛേത്രിയെ മെസിയുടെ പരിപാടിയിലേക്ക് ക്ഷണിച്ചതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മെസ്സിയുമായുള്ള കൂടിക്കാഴ്ച ഇന്ത്യൻ ഫുട്ബോളിന് കാര്യമായ ഗുണമുണ്ടാക്കില്ലെന്ന് പറഞ്ഞ് ഛേത്രി മാന്യമായി പിന്മാറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കറും എംഎസ് ധോണിയും മുംബൈയില്‍ മെസിയെ കാണുവാന്‍ എത്തുന്നുമുണ്ട്.

ഫയല്‍ ചിത്രം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അനിശ്ചിതത്വത്തില്‍ തുടരുമ്പോളാണ് മെസ്സിയുടെ സന്ദര്‍ശനം.  2011 ൽ അവസാനമായി മെസ്സിയും അര്‍ജന്‍റീന ടീമും രാജ്യത്തെത്തിയപ്പോള്‍ കൊല്‍ക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാജ്യാന്തര സൗഹൃദ മത്സരം കളിച്ചിരുന്നു. എന്നാല്‍ ഇത്തവണയോ? തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമൊത്തുള്ള പ്രദര്‍ശന മല്‍സരമാണ് ഷെഡ്യൂളിലുള്ളത്! മെസ്സിയുടെ സമയം കൂടുതലും രാഷ്ട്രീയക്കാർക്കും ബോളിവുഡ് താരങ്ങൾക്കും വേണ്ടിയും.

ഫയല്‍ ചിത്രം

ഗോട്ട് ഇന്ത്യ ടൂറിന്‍റെ ഷെഡ്യൂൾ

ഡിസംബർ 13: കൊൽക്കത്ത

  • 01:30 am: മെസിയെത്തുന്നു
  • 09:30 am–10:30 am: കൂടിക്കാഴ്ച, മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ
  • 10:30 am–11:15 am: പ്രതിമയുടെ അനാവരണം
  • 11:15 am– 12:00 pm: യുവഭാരതി സ്റ്റേഡിയത്തിലേക്ക്
  • 12.00 pm– 12:30 pm: സൗഹൃദ മത്സരം, കൂടിക്കാഴ്ച, മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ
  • 02.00 pm: ഹൈദരാബാദിലേക്ക്

ഡിസംബർ 13: ഹൈദരാബാദ്

  • 07.00 pm: മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം പ്രദർശന മത്സരം, സംഗീത പരിപാടികള്‍

ഡിസംബർ 14: മുംബൈ

  • 03.30 pm: പാഡൽ പ്രദർശനം
  • 04.00 pm: സെലിബ്രിറ്റി ഫുട്ബോൾ മത്സരം
  • 05.00 pm: വാങ്കഡെയിലെ പരിപാടികള്‍, ചാരിറ്റി ഫാഷൻ ഷോ

ഡിസംബർ 15: ഡൽഹി

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
  • ഉച്ചയ്ക്ക് 1:30ന്, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പരിപാടികള്‍, മിനെർവ അക്കാദമി കളിക്കാര്‍ക്ക് അനുമോദനം
ENGLISH SUMMARY:

Football legend Lionel Messi is set to arrive in Kolkata tomorrow (1:30 AM) to kick off the three-day 'GOAT India Tour 2025', also featuring Rodrigo De Paul and Luis Suarez. The tour, spanning Kolkata, Hyderabad, Mumbai, and Delhi, is heavily focused on meetings with politicians (PM Modi, three Chief Ministers) and celebrities (Shah Rukh Khan, John Abraham, MS Dhoni). Despite initial plans for a cricket match (later dropped), the final schedule has minimal focus on football itself. The schedule includes a virtual statue unveiling, a meet-and-greet with fans, and an exhibition match with Telangana CM Revanth Reddy. Reports suggest former Indian football captain Sunil Chhetri declined an invitation, feeling the meeting wouldn't substantially benefit Indian football. The tour highlights the perceived low priority of football compared to cricket and politics in India.