Image Credit: QuesnelSAR
അതിജീവനത്തിന്‍റെ അദ്ഭുത കഥകള്‍ സ്ക്രീനിലും പുസ്തകത്താളുകളിലും മാത്രം കണ്ട് പരിചയിച്ച നമുക്ക് മുന്നില്‍ ജീവനോടെ ആന്‍ഡ്രൂ ബാര്‍ബറെന്ന 39കാരന്‍ വന്ന് നില്‍ക്കുകയാണ്. നീണ്ട ഒന്‍പത് ദിവസമാണ് കൊടുങ്കാട്ടില്‍ ആന്‍ഡ്രൂ അകപ്പെട്ടത് പോയത്. ശരീരം ക്ഷീണിച്ചവശമായിട്ടും പ്രതീക്ഷ കൈവിടാതെ പാറക്കല്ലില്‍ ചെളികൊണ്ട് കോറിയിട്ട 'ഹെല്‍പ്' എന്ന നാലക്ഷരങ്ങളാണ് ആന്‍ഡ്രൂവിന് പുതുജന്‍മം നല്‍കിയത്.
ജൂലൈ 31നാണ് വാഹനം കേടായിപ്പോയതിനെ തുടര്‍ന്ന് ആന്‍ഡ്രൂ കാനഡയിലെ കൊടുങ്കാട്ടില്‍ അകപ്പെട്ട് പോയത്. വാന്‍കൂവറില്‍ നിന്നും വടക്കായി 587 കിലോമീറ്റര്‍ അകലെയുള്ള മക് ലീസ് തടാകത്തിനടുത്ത് വച്ചാണ് കാട്ടിലകപ്പെട്ടുപോയത്. വനപാതയില്‍ പതിവില്ലാതെ ഒരു ട്രക്ക് കിടക്കുന്നത് കണ്ടാണ് നിരീക്ഷണത്തിനെത്തിയ രക്ഷാസംഘത്തിന്‍റെ ഹെലികോപ്ടര്‍ തിരച്ചില്‍ ആരംഭിച്ചത്.
ഒരാഴ്ച കാട്ടില്‍ തിരഞ്ഞിട്ടും കാണാതായതോടെ രക്ഷാപ്രവര്‍ത്തകരും നിരാശരായി. പക്ഷേ ആകാശത്തും കാട്ടിലുമായി തിരച്ചില്‍ തുടര്‍ന്നു. സാധ്യമായ എല്ലാ സാങ്കേതിക വിദ്യകളും ആന്‍ഡ്രൂവിനെ കണ്ടെത്താന്‍ ഉപയോഗിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 24 മണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ആന്‍ഡ്രൂവിന് ജീവനോടെ പുറംലോകത്തെത്താന്‍ കഴിയില്ലായിരുന്നുവെന്ന് സംഘത്തിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.
കണ്ടെത്തുമ്പോള്‍ പട്ടിണിയും നിര്‍ജലീകരണവും കാരണം തീര്‍ത്തും അവശനായിരുന്നു ആന്‍ഡ്രൂ. ശരീരത്തില്‍ പലയിടത്തായി മുറിവുകളേറ്റ പാടുകളുണ്ട്. ശരീരത്തിലെ ശേഷിക്കുന്ന ജലം കൂടി നഷ്ടപ്പെടാതിരിക്കാന്‍ കാട്ടിലെ വൃത്തിഹീനമായ കുളത്തിനരികെയാണ് ആന്‍ഡ്രൂ കിടന്നിരുന്നത്. ഭക്ഷണമില്ലാതെ മനുഷ്യര്‍ക്ക് കുറേക്കാലമൊക്കെ ജീവിക്കാം. പക്ഷെ വെള്ളം ഒട്ടും കുടിക്കാതെ അധികസമയം ജീവിക്കാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കണ്ടെത്തിയതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ആന്‍ഡ്രൂവിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്ന് അധികൃതര്‍ പറയുന്നു.