ഇംഗ്ലണ്ടിലെ നോര്‍താംപ്ടണിലെ ഇന്ത്യന്‍ റസ്റ്റൊറന്‍റിലെത്തി നാല് യുവാക്കള്‍ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന് പരാതി. നോര്‍താംപ്ടണിലെ സാഫ്രണ്‍ റസ്റ്റൊറന്‍റിലായിരുന്നു സംഭവം. മട്ടന്‍ ചാപ്സ് ഉള്‍പ്പടെയുള്ളവ കഴിച്ച നാലുപേര്‍ക്കുമായി 197.30 പൗണ്ടാണ് ബില്ലിനത്തില്‍ വന്നത്. എന്നാല്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് പിന്നാലെ ബില്‍ കാത്തുനില്‍ക്കാതെ യുവാക്കള്‍ ഭക്ഷണശാല വിടുകയായിരുന്നു. റെസ്റ്റൊറന്‍റിലെ സുരക്ഷാ ജീവനക്കാരനെ തട്ടിമാറ്റിയിട്ടാണ് സംഘം കടന്നുകളഞ്ഞത്.
റസ്റ്റൊറന്‍റ് ഉടമകളാണ് സമൂഹമാധ്യമത്തിലൂടെ യുവാക്കളുടെ വിവരം പുറത്തുവിട്ടത്. 'കഴിഞ്ഞ ദിവസം രാത്രിയില്‍ ഏകദേശം പത്തേകാലോടെ നാല് യുവാക്കള്‍ റസ്റ്റൊറന്‍റിലെത്തി. ഭക്ഷണം ആസ്വദിച്ച് കഴിച്ച ശേഷം പണം തരാതെ പോയി. ഇത്തരം പെരുമാറ്റം ഒരുതരത്തിലെ മോഷണം എന്നതിലപ്പുറം കഠിനാധ്വാനം ചെയ്ത് ബിസിനസ് നടത്തുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളി കൂടിയാണ്.
വിവരം പൊലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. സമീപപ്രദേശങ്ങളിലുള്ള കച്ചവടക്കാരും ജാഗ്രതയോടെയിരിക്കുമല്ല. ഈ നാല്‍വര്‍ സംഘത്തെ എപ്പോഴെങ്കിലും കണ്ടാല്‍ വിവരം പൊലീസിനെയോ ഞങ്ങളെയോ അറിയിക്കുമല്ലോ. ഇത്തരം പ്രവൃത്തികള്‍ക്ക് നമുക്കിടയില്‍ സ്ഥാനമില്ലെന്ന് ഉറപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പരസ്പരം സംരക്ഷിക്കാം, ഇത്തരക്കാരെ ഒറ്റപ്പെടുത്താം'- എന്നും ഭക്ഷണശാല പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ നോര്‍താംപ്ടണ്‍ഷര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.