ബുള്ളറ്റ് കൊമ്പനെ ഓർമയില്ലേ? മസ്തകത്തിൽ ആഴത്തിലുള്ള മുറിവേറ്റ്, വേദനതിന്നു അതിരപ്പിള്ളി മേഖലയിൽ എത്തിയവൻ. മയക്കുവെടിവെച്ച് വനം വകുപ്പ് പിടികൂടി ചികിൽസിച്ചെങ്കിലും ആന വൈകാതെ ചെരിയുകയായിരുന്നു. ബുള്ളറ്റ് കൊമ്പൻ നമുക്ക് എന്നും ഒരു നോവാണ്. എന്നാൽ, തുമ്പിക്കൈക്ക് തൊട്ട് മുകളിൽ ആഴത്തിലുള്ള ദ്വാരമുള്ള ഒരു ആനയുടെ അതിജീവന കഥയാണ് ഇനി പറയുന്നത്.
പ്രിയപ്പെട്ട രാൻഡക്കീൽ
ദക്ഷിണ ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലുള്ള പിടിയാനയാണ് രാൻഡക്കീൽ (Rhandzekile).തുമ്പിക്കൈക്ക് തൊട്ടുമുകളിൽ ആഴത്തിൽ ഉള്ള ദ്വാരവും, അതിജീവനവും, ഒരു കുഞ്ഞിന് ജന്മം നൽകിയതുമാണ് അവളെ പ്രശസ്തയാക്കിയത്. പതിനഞ്ചിനും ഇരുപതിനും ഇടയിൽ പ്രായം ഉണ്ടെന്നാണ് കണക്കാക്കുന്നത്. രാൻഡക്കീൽ എന്നാൽ പ്രിയപ്പെട്ടത് എന്നാണ് പ്രാദേശിക ഭാഷയിൽ അർത്ഥം.
എങ്ങനെ മുറിവേറ്റു?
2009ലാണ് അവൾ ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. തുമ്പിക്കൈയിലെ മുറിവ് ജന്മനാൽ ഉണ്ടായതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അത്ര വലിയ മുറിവുമായി ഒരു ആന ഇത്രയും കാലം ജീവിച്ചത് അവരെ അത്ഭുതപ്പെടുത്തി! പ്രകൃതിയുടെയും കൂട്ടുകാരുടെയും സഹായത്തോടെ വലിയ പോരാട്ടമാണ് അവൾ അതിജീവനത്തിനായി നടത്തിയത്.
പോരാട്ടത്തിന്റെ കഥ
സമാധാനത്തോടെ ഒന്ന് ശ്വസിക്കാൻ കഴിയില്ല എന്നതായിരുന്നു അവൾ നേരിട്ട ആദ്യ പ്രതിസന്ധി. രണ്ടു ശതമാനം ശ്വാസം മാത്രമാണ് തുമ്പിക്കയിലൂടെ എടുക്കാൻ കഴിയുള്ളൂ. അപ്പോൾ രാൻഡക്കീൽ തന്റെ പ്രതിസന്ധിയെതന്നെ കൂട്ടുപിടിച്ചു. ബാക്കി ശ്വാസം തുമ്പിക്കൈയിലെ ആ മുറിവിലൂടെ എടുക്കാൻ തുടങ്ങി.
സാധാരണ ആനകളെപ്പോലെ തുമ്പിക്കയിൽ വലിയ അളവിൽ വെള്ളം ശേഖരിക്കാനും കുടിക്കാനും അവൾക്ക് കഴിയില്ല. പകരം അൽപാൽപ്പമായി വെള്ളം ശേഖരിച്ചു വായിലേക്ക് ചീറ്റിച്ചു പരിഹാരം കണ്ടെത്തി. പലപ്പോഴും മറ്റ് ആനകൾ അവൾക്ക് വെള്ളം വായിൽ ഒഴിച്ച് കൊടുത്തിട്ടുണ്ടാകാം എന്ന് വിദഗ്ധർ പറയുന്നു. അതിജീവനത്തിന്, വലിയ പ്രോത്സാഹനം മറ്റ് ആനകളുടെ ഭാഗത്തു നിന്ന് രാൻഡക്കീലിനു ലഭിക്കുന്നുണ്ട്.
പലപ്പോഴും ആ മുറിവ് പഴുക്കാറുണ്ട്. അത്രയും ആഴത്തിൽ പുറത്തേക്ക് തുറന്ന മുറിവാണല്ലോ. പൊടിയും ചളിയും അണുക്കളും പ്രവേശിക്കാൻ സാധ്യത വളരെ കൂടുതൽ. മുറിവ് പഴുക്കുമ്പോൾ വനംവകുപ്പ് രാൻഡക്കീലിനെ പിടികൂടി മയക്കി, മരുന്ന് വെച്ച് വിടും. അധികം താമസിയാതെ അവൾ ആരോഗ്യം വീണ്ടെടുക്കും.
സന്തോഷവാർത്ത
എല്ലാ വേദനകളെയും വെല്ലുവിളികളെയും അതിജീവിച്ചു രാൻഡക്കീൽ ഒരു അമ്മയായി. 2021ൽ അവളെ പിടികൂടി ചികിൽസിച്ചിരുന്നു. 2022ൽ അവളെ കാണുമ്പോൾ അവളുടെ കൂടെ ഒരു കുഞ്ഞുമുണ്ടായിരുന്നു. അതായത് അവളുടെ ശരീരികമായ ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചില്ല. കുഞ്ഞിനേയും കൂട്ടി ശക്തയായ പോരാളിയായി രാൻഡക്കീൽ മുന്നോട്ട് നടക്കുന്നു. കൂട്ടിന് അവളുടെ കൂട്ടവും.