എന്താണ് ഇറാനും ഇസ്രയേലും തമ്മിലെ യഥാര്‍ഥ പ്രശ്നം ? എങ്ങനെയാണ് അവര്‍ ബദ്ധ ശത്രുക്കളായത് ? ഒരിക്കല്‍ സുഹൃത്തുക്കളായിരുന്നവര്‍ തമ്മില്‍ എവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് ? 'കൂട്ടുകാരന്‍ കുട്ടിച്ചാത്തനായ' കഥ നോക്കാം.
1948, അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ശത്രുത യുദ്ധത്തില്‍ കലാശിച്ചു. എന്നാല്‍ അന്ന് ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനിന്നു ഇറാന്‍. യുദ്ധത്തില്‍ വിജയിച്ച ഇസ്രയേലുമായി അടുത്തു. തുര്‍ക്കിക്ക് ശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ആദ്യ മുസ്ലീം രാജ്യമായി ഇറാന്‍. ഷാ മുഹമ്മദ് റിസാ പഹ്‌ലവിയായിരുന്നു ഇറാന്‍ ഭരിച്ചിരുന്നത്.
അറബ് രാജ്യങ്ങള്‍ ബഹിഷ്ക്കരിച്ച ഇസ്രയേലിന് എണ്ണ നല്‍കി ഇറാന്‍. 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഷാ ഭരണകൂടം പുറത്താക്കപ്പെട്ടു. ഇതോടെ ഇസ്രയേല്‍ – ഇറാന്‍ ബന്ധത്തിന്‍റെ കഥയും മാറി. പുതിയ ഇറാന് ഇസ്രയേല്‍ പലസ്തീനിലെ അധിനിവേശക്കാരായിരുന്നു. പരമോന്നത നേതാവ് ഇസ്രയേലിനെ കുട്ടിച്ചാത്തനെന്നും അമേരിക്കയെ വലിയ ചാത്തനെന്നും വിളിച്ചു.
അതേസമയം സൗദി അറേബ്യയെയും ഇസ്രയേലിനെയും വെല്ലുവിളിച്ച് വളരാന്‍ തുടങ്ങി. ഇസ്രയേലും ഇറാനും നേരിട്ട് ആയുധമെടുത്തില്ലെങ്കിലും പ്രോക്സികളെ ഉപയോഗിച്ച് പോരാട്ടം തുടങ്ങി. ഇറാന്‍റെ ആണവപരിപാടികള്‍ തകര്‍ക്കുകയായിരുന്നു ഇസ്രയേലിന്‍റെ പ്രധാന ലക്ഷ്യം. 2010 ല്‍ നിരവധി ശ്രമങ്ങള്‍. സൈബര്‍ യുദ്ധമുറകള്‍ പ്രയോഗിക്കപ്പെട്ടു. ഇതിനെതിരെ ഇറാന്‍ പ്രതിരോധ അച്ചുതണ്ട് രൂപീകരിച്ചു. ഇസ്രയേലിന്‍റെ ബദ്ധവൈരികളായ ഹിസ്ബുള്ളയും ഹമാസും ഇതിന്‍റെ ഭാഗമായി. ദമാസ്കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ 2024ലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും നേര്‍ക്കു നേര്‍ പോരാട്ടം തുടങ്ങി.