ഡോണാള്‍ഡ് ട്രംപ്, നരേന്ദ്രമോദി, ഷി ചിന്‍പിങ്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് താൽക്കാലിക ശമനം. 145% വരെയെത്തിയ താരിഫ് ലേലം വിളിക്ക് മൂന്നുമാസത്തേക്ക് ബ്രേക്ക്. ശരിക്കും കറുപ്പും വെളുപ്പും കരുക്കള്‍ നീക്കിയുള്ള ചതുരംഗക്കളി. ഒടുവില്‍ ആരാവുമോ കൈകൊട്ടിച്ചിരിക്കുക. താരിഫ് മരവിപ്പിക്കലിനു പിന്നാലെ ‘ബ്രിക്സ്’ പങ്കാളി ബ്രസീലിലെ ലുല ഡസില്‍വയെ ഫോണില്‍ വിളിച്ച ഷി ചിന്‍പിങ് വികസ്വരരാജ്യങ്ങളുടെ ഐക്യവും സ്വാശ്രയത്വവും സുപ്രധാനമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനായാത്രയ്ക്ക് ചെക് വിളിക്കാന്‍ കൂടിയുള്ള ട്രംപിന്റെ നീക്കത്തിന് ഷി ചിന്‍ പിങ് മറുചെക്ക് വിളിച്ചതാണോ ഇത്.
ഉപഭോക്തൃവില നിലവാര സൂചിക ജൂലൈയില്‍ അല്‍പം ഉയര്‍ന്നതോടെ അമേരിക്കയില്‍ അപായസൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. മാത്രമല്ല, ‘ബ്രിക്സി’ലൂടെ പണ്ടേ വെല്ലുവിളി ഉയര്‍ത്തിയിരുന്ന റഷ്യയും ഇന്ത്യയും ചൈനയും ബ്രസീലും എല്ലാം കൂടി ഒന്നിച്ച് ഒരു ടീമായി കളിക്കാനിറങ്ങുന്നു. റഷ്യയെ ഒരു കൈകൊണ്ട് ചേര്‍ത്തുപിടിച്ച് മോദി ചൈനയ്ക്ക് അടുത്ത കൈ നീട്ടുന്നു. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഇറക്കുമതി നിലച്ചാല്‍ ഈ വരുന്ന ക്രിസ്മസിന് അമേരിക്കയില്‍ വിലക്കയറ്റം ഉറപ്പ്. അങ്ങനെ ട്രംപിന് ഷി ‘മൈ ഫ്രണ്ട്’ ആയി പ്രസിഡന്റ് ഷി ജിൻപിങ്ങും ഞാനും തമ്മിൽ വളരെ നല്ല ബന്ധമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ചൈനീസ് ഉൽപന്നങ്ങൾക്ക് 145 ശതമാനം വരെയും അമേരിക്കൻ ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെയും വന്ന തീരുവലേലം വിളികള്‍ക്ക് താല്‍ക്കാലിക ഇതോടെ താല്‍ക്കാലിക വെടിനിര്‍ത്തലായി. ചൈനീസ് ഇറക്കുമതിക്ക് 30 ശതമാനവും യുഎസ് ഇറക്കുമതിക്ക് 10 ശതമാനവും തീരുവ തുടരും. ഇതാണ് ധാരണ .
പക്ഷേ, ഈ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ചെക് വിളിക്കുന്നതു കൂടിയാണ്. കുറഞ്ഞ ചെലവിന്റെ പേരില്‍ ഇന്ത്യയില്‍ വന്ന വന്‍ കമ്പനികള്‍ ഉടന്‍ പ്രതികരിക്കില്ലെങ്കിലും ഭാവി ചോദ്യചിഹ്നമാണ്. വസ്ത്രം, ഇലക്ട്രോണിക്സ്, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ താരിഫ് ഇളവ് ഇന്ത്യയ്ക്ക് തിരിച്ചടിയും. ഇതിന് മറുപടിയായാണ് ഇന്ത്യ സ്വന്തം നിലയ്ക്ക് കളി തുടങ്ങിയത്. റഷ്യയെ കൈവിടാതെ. യുകെയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ട്. ഒപ്പം ചൈനയ്ക്ക് സൗഹൃദസന്ദേശവുമായി മോദിയുടെ യാത്രയും.
ചൈനയും ഇന്ത്യയും ബ്രസീലും റഷ്യയും ദക്ഷിണ ആഫ്രിക്കയും ഒക്കെ അടങ്ങുന്ന ‘ബ്രിക്സ്’ ചങ്ങാത്തത്തെ പൊളിക്കുക കൂടി ട്രംപിന്റെ ലക്ഷ്യമാവാം. ഇന്ത്യയെപ്പോലെ 50 ശതമാനമാണ് ബ്രസീലിനും ട്രംപ് പിഴയിട്ടത് .ദക്ഷിണ ആഫ്രിക്കയ്ക്ക് 30 ശതമാനവും. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ്. ഞാൻ ‘ബ്രിക്സി’ന് കനത്ത പ്രഹരമാണ് കൊടുത്തതെന്നും . അവർ ഇനിയും സംഘംചേർന്നാലും വളരെ വേഗം ഇല്ലാതാകുമെന്നും നമ്മളോടു കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിട്ട് ഒരുമാസം തികഞ്ഞിട്ടില്ലെന്നത് ഓര്‍ക്കുക. ഡോളറിനെ താഴേയ്ക്ക് ഇടിച്ചിടുകയാണ് ‘ബ്രിക്സി’ന്റെ ലക്ഷ്യമെന്നും ട്രംപ് ഭയക്കുന്നു.
ഷി ചിന്‍പിങ്
പക്ഷേ, ‘ബ്രിക്സ്’ പ്രതിരോധമതില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് അംഗരാജ്യങ്ങളുടെ നീക്കം. തിങ്കളാഴ്ച ബ്രസീലിന്റെ ലുല ഡസില്‍വയും പുട്ടിനും 40 മിനിറ്റ് ചര്‍ച്ച നടത്തി.ഉയര്‍ന്ന താരിഫ് മരവിപ്പിച്ച് ട്രംപുമായി ധാരണയായതിനു പിന്നാലെ ഷി ചിന്‍പിങ്ങും അടുത്ത കളിക്കിറങ്ങി. ലുല ഡസില്‍വയുമായി ഒരുമണിക്കൂര്‍ ഫോണില്‍ സംസാരിച്ചു. വികസ്വര രാജ്യങ്ങളുടെ ഐക്യത്തിന് ‘ബ്രിക്സ്’ പ്രധാന വേദിയാണെന്ന് ഷി പറഞ്ഞു. ആഗോളവെല്ലുവിളികളെ ഒന്നിച്ചുനേരിടാമെന്ന് ഉറപ്പുനല്‍കി.
ട്രംപിന് മറു ചെക് വയ്ക്കാനാണോ താരിഫ് കളിയിലെ ഇടവേള ഷി ചിന്‍പിങ് ഉപയോഗിക്കുക? ഒറ്റയ്ക്കു മുന്നേറി ഈ കളി ജയിപ്പിച്ചതിന്റെ ക്രെഡിറ്റെടുത്ത് ചൈനയെ വിക്ടറി സ്റ്റാന്‍ഡില്‍ ഒന്നാമത് നിര്‍ത്തുകയും ഷിയുടെ ലക്ഷ്യമാണ്. ഈ മൂന്നുമാസ ഇടവേളയിലാണ് ട്രംപ് – പുട്ടിന്‍, മോദി – ഷി ചിന്‍പിങ് കൂടിക്കാഴ്ചകള്‍.ആളും ആരവവും ഒപ്പമുണ്ടെന്ന് തെളിയിക്കുക കൂടി ഈ ഇടവേളയുടെ ലക്ഷ്യമാണ്. കളികള്‍ ഇനിയും ബാക്കിയുണ്ടെന്നുറപ്പ്.