യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി അടുത്ത വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അലാസ്കയിൽ വച്ചാകും കൂടിക്കാഴ്ച. ട്രംപ് സമൂഹമാധ്യമത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
അർമേനിയയും അസർബൈജാനുമായി പതിറ്റാണ്ടുകൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനുള്ള രൂപരേഖ പ്രഖ്യാപിച്ച ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് പുട്ടിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്. യോർക്കിൽ നടന്ന യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാന്‍ 2015-ലാണ് പുട്ടിൻ അവസാനമായി യുഎസ് സന്ദർശിച്ചത്. 2021-ൽ ജോ ബൈഡൻ ജനീവയിൽ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമുള്ള ആദ്യ യുഎസ്-റഷ്യ ഉച്ചകോടിയായിരിക്കും അലാസ്കയിലേത്. മൂന്നു വര്‍ഷമായി തുടരുന്ന റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ്–പുട്ടിന്‍ കൂടിക്കാഴ്ച നിര്‍ണായകമാകും. യുക്രെയ്നിന്‍റെ പക്കലുളള രണ്ട് പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധനക്കരാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്നും റഷ്യയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങൾ പരസ്പരം വച്ചുമാറേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു.
റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അധിക താരിഫ് ചുമത്തുമെന്നുമുള്ള അന്ത്യശാസനം രണ്ടാഴ്ച മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ പുട്ടിനെ ഒറ്റപ്പെടുത്താൻ യുഎസും സഖ്യകക്ഷികളും ശ്രമിക്കുന്നതിനിടെ, ട്രംപിന്‍റെ ഈ നീക്കം പുട്ടിന് അംഗീകാരം നൽകുന്നതാണ്. എന്നാല്‍ സമാധാന വ്യവസ്ഥകളിൽ മോസ്കോയും കീവും തമ്മിൽ വലിയ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനാൽ ഉടന്‍ യുദ്ധം അവസാനിക്കുമെന്ന് ഉറപ്പില്ല.