ജൂലൈ അവസാനം യുഎസിലെ മാസച്യുസിറ്റ്സിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ നടന്ന കോള്‍ഡ്പ്ലേ പരിപാടിക്കിടെ ‘കിസ് ക്യാമില്‍പ്പെട്ട ആൻഡി ബൈറണുണ്ടായ നഷ്ടം ചില്ലറയൊന്നുമല്ല. പ്രമുഖ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സ്ഥാപനമായ അസ്ട്രോണമറിന്റെ സിഇഒ സ്ഥാനം വരെ ആന്‍ഡി ബൈറണ് രാജി വയ്ക്കേണ്ടി വന്നു. ഇതിനിടെ അദ്ദേഹത്തിന്‍റെ ഭാര്യ മേഗൻ കെറിഗൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് കിംവദന്തികളും പുറത്തുവന്നു. ഏറ്റവുമൊടുവിലായി പ്രമുഖ അഡള്‍ട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോമായ ഓണ്‍ലി ഫാന്‍സില്‍ അദ്ദേഹം ചെലവിട്ട കോടികളുടെ കണക്കുകളാണ് പുറത്തുവരുന്നത്.
അന്‍പതുകാരനായ ആന്‍ഡി ബൈറണ്‍ ഓണ്‍ലി ഫാന്‍സില്‍ സബ്സ്ക്രിപ്ഷനായും വിഡിയോ കോളുകള്‍ക്കും കസ്റ്റം വിഡിയോകള്‍ക്കുമായി രണ്ടര ലക്ഷം യുഎസ് ഡോളറാണ് ചെലവഴിച്ചത്. അതായത് ഏകദേശം 2.2 കോടി ഇന്ത്യന്‍ രൂപ. പല കോണ്ടന്‍റ് ക്രിയേറ്ററുകള്‍ക്കായാണ് ആന്‍ഡി ബൈറണ്‍ ഈ തുക ചിലവഴിച്ചത്. ഇതില്‍ തന്നെ 23 കാരിയായ സോഫി റെയിനിനുമൊത്തുള്ള (യഥാര്‍ഥ പേര് ഇസബെല്ല ബ്ലെയര്‍) വിഡിയോ കോളുകള്‍ക്കായി നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ (35 ലക്ഷം രൂപ) ചിലവഴിച്ചതായും ബ്ലാസ്റ്റ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
സോഫിയയുമായി ആന്‍ഡി ബൈറണ്‍ അശ്ലീല വിഡിയോ കോളുകളില്‍ ഏര്‍പ്പെട്ടതായും ഇതിനായി രഹസ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചതായും അദ്ദേഹത്തിന്‍റെ ഭാര്യ മേഗൻ കെറിഗൻ പുറത്തുവിട്ട സ്വകാര്യ ചാറ്റ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഈ ചാറ്റുകളിലൊന്നില്‍ താന്‍ സംസാരിക്കുന്ന മിക്കവരും വിവാഹിതരാണെന്ന് ബൈറണ്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒരു ക്ലയന്‍റ് എന്ന നിലയില്‍ ആന്‍ഡി ബൈറണിന്‍റെ ഐഡന്‍റിറ്റി സ്ഥിരീകരിക്കാന്‍ സോഫി തയ്യാറായിട്ടില്ല. എങ്കിലും ആന്‍ഡി ബൈറണിന്‍റെ ചതി തുറന്നു കാട്ടിയ കോള്‍ഡ‍് പ്ലേ കിസ് ക്യാമിനെ സോഫി പ്രശംസിക്കുകയും ചെയ്തു.
ഓണ്‍ലി ഫാന്‍സ് കളക്റ്റീവായ ‘ബോപ് ഹൗസ്’ നേതാവും ബ്രസീലിയന്‍ മോഡലുമായ കാമില അറൗജോ ബൈറണ്‍ ഈ തുകയെല്ലാം ചിലവിട്ടത് വ്യത്യസ്ത കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സോഫി റെയിനും കാമില അറൗജോയും ഈ വിഷമകരമായ ഘട്ടത്തില്‍ ആന്‍ഡി ബൈറണിന്‍റെ ഭാര്യയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജൂലൈ 16നാണ് പ്രമുഖ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സ്ഥാപനമായ അസ്ട്രോണമറിന്‍റെ മുന്‍ സിഇഒ ആയ ആൻഡി ബൈറണും അതേ സ്ഥാപനത്തിലെ എച്ച്ആർ ഹെഡായ ക്രിസ്റ്റിൻ കാബോട്ടും കിസ് ക്യാം വിവാദത്തില്‍പ്പെടുന്നത്. ‘പെട്ടു’ എന്നറിഞ്ഞ നിമിഷം, ബൈറൺ കാബോട്ടിനെ തള്ളിമാറ്റി ജനക്കൂട്ടത്തിന് പിന്നിലേക്ക് ഒളിക്കാൻ ശ്രമിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ രണ്ടു പേര്‍ക്കും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ച് കമ്പനിയില്‍ നിന്ന് പടിയിറങ്ങേണ്ടതായും വന്നു.