Image Credit : Reuters (Left), AP (Right)
പാക് പട്ടാള മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വീണ്ടും അമേരിക്ക സന്ദര്‍ശനത്തിനൊരുങ്ങുന്നു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാകുന്നതിന്‍റെ ലക്ഷണമാണിതെന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു. ഈ മാസം യുഎസിലെത്തുന്ന മുനീര്‍ , ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മിഷേസ്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങിലും പങ്കെടുക്കും. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നിര്‍ണായക പങ്കാളിയാണ് എന്നായിരുന്നു കുറില്ല നേരത്തെ പാക്കിസ്ഥാനെ വിശേഷിപ്പിച്ചത്. ഓഗസ്റ്റ് അവസാനവാരമാകും കുറില്ല വിരമിക്കുക. ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ സൈനിക ഓപറേഷന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് കുറില്ല.
'ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നിര്‍ണായക പങ്കാളിയാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനുമായും ഇന്ത്യയുമായും അടുത്ത ബന്ധം പുലര്‍ത്തേണ്ടതുണ്ടെന്ന് കുറില്ല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ പിന്നാക്കമാണെന്നായിരുന്നു പാക്കിസ്ഥാനെ പ്രശംസിച്ചുള്ള കുറില്ലയുടെ വാക്കുകളുടെ സംഗ്രഹം. ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തില്‍ വന്ന വലിയ മാറ്റത്തെയാണ് കാണിക്കുന്നതെന്നും നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ അമേരിക്കയോട് കൂടുതല്‍ അടുക്കുകയാണ് പാക്കിസ്ഥാന്‍. യുഎസ് പ്രസിഡന്‍റിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തതും ഈ പ്രീണനത്തിന്റെ ഭാഗമായിട്ടാണ്. ജൂണിലാണ് ട്രംപുമായി മുനീര്‍ കൂടിക്കാഴ്ച നടത്തിയതും ഉച്ചഭക്ഷണം കഴിച്ച് പിരിഞ്ഞതും. പഹല്‍ഗാം ഭീകരാക്രമണത്തിനും ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപറേഷന്‍ സിന്ദൂറിനും ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇത്. യുഎസ് പ്രസിഡന്‍റുമാരുടെ ചരിത്രത്തില്‍ ആദ്യമായാണ് പാക് സൈനിക നേതാവിനെ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഒപ്പമില്ലാതെ യുഎസ് പ്രസിഡന്‍റ് കണ്ടത്. യുദ്ധം അവസാനിപ്പിക്കാന്‍ തയാറായതില്‍ മുനീറിനെ പ്രശംസിക്കാനും ഇന്ന് ട്രംപ് തയാറായിരുന്നു.
അതേസമയം പാക്കിസ്ഥാനും യുഎസും തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധം ഇന്ത്യയ്ക്ക് തലവേദനയായേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നവരും കുറവല്ല. എന്നാല്‍ ഭയമില്ലെന്നും ഏതു വെല്ലുവിളിയെയും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും ട്രംപിന്‍റെ ഒരു ഭീഷണിയെയും വകവയ്ക്കില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.