ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ട് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യന്‍ നടപടിക്കെതിരെയാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. നിലവിലെ 25 ശതമാനം താരിഫ് വര്‍ധിപ്പിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് അധിക തീരുവ.
വ്യാഴാഴ്ച നിലവിൽ വരുന്ന 25 ശതമാനം തീരുവയ്ക്ക് പുറമെയാണ് പുതിയ തീരുവ. ഇന്ന് പ്രഖ്യാപിച്ച തീരുവ മൂന്നാഴ്ചയ്ക്കകം പ്രാബല്യത്തിൽ വരും. ഇതോടെ ചെറിയ ഇളവുകൾ നൽകിയിട്ടുള്ളവ ഒഴികെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ തീരുവ 50 ശതമാനമാകും. സ്റ്റീൽ, അലുമിനിയം തുടങ്ങിയ പ്രത്യേക മേഖലകൾക്കും ഫാർമസ്യൂട്ടിക്കൽസ് പോലുള്ള വിഭാഗങ്ങൾക്കുമാണ് ഇളവുകൾ.
ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ഇന്നലെ ട്രംപ് ആരോപിച്ചിരുന്നു. യുക്രെയ്നെതിരായ യുദ്ധത്തില്‍ ഇന്ത്യ റഷ്യയ്ക്ക് സഹായം ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചു. 'ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യയിലേക്ക് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറവാണ്. എന്നാല്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ ഇറക്കുമതി വലിയ തോതിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്കെതിരെ 25 ശതമാനം പകരം തീരുവ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതു തിരുത്തി വന്‍തീരുവ പ്രഖ്യാപിക്കും' എന്നാണ് അമേരിക്കന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.
ജൂലൈ 30 തിനാണ് ഇന്ത്യയില്‍ നിന്ന് യുഎസില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് യു.എസ് 25 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ റഷ്യന്‍ എണ്ണവാങ്ങുന്നതിനെതിരെ ഇന്ത്യയെ ലക്ഷ്യമിട്ട് ട്രംപ് നിരവധി പ്രസ്താവനകളിറക്കി. ഇന്ത്യന്‍ സാമ്പത്തികരംഗം ചത്തുപോയി എന്നായിരുന്നു ഇതിലൊന്ന്.