Image Credit: Screengrab from instagram.com/pearlemaany (Left) , instagram/Mariana Barutkina
ഹൈ ഹീല്‍ ചെരുപ്പുമിട്ട് ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച് ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നത് കണ്ട് മലയാളി അന്തംവിട്ടിട്ട് ആഴ്ചകളായില്ല. ഇതെങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വിഡിയോയ്ക്ക് താഴെ വന്ന കമന്‍റുകളിലധികവും. ഇപ്പോഴിതാ സമാനമായ ചലഞ്ച് അനുകരിക്കാന്‍ ശ്രമിച്ച് നട്ടെല്ല് തകര്‍ന്നിരിക്കുകയാണ് റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക്.
മരിയാന ബറുത്കിനയെന്ന 32കാരിയാണ് അടുക്കളയിലെ പാത്രത്തിന് മുകളില്‍ പോയിന്‍റഡ് ഹീല്‍സ് ധരിച്ച് വൈറല്‍ സ്റ്റിലെറ്റോയ്ക്ക് ശ്രമിച്ചത്. പ്രസവിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു മരിയാനയുടെ ഈ അഭ്യാസം. ബേബി ഫുഡിന്‍റെ ജാറിന് മുകളില്‍ കയറിയിരുന്ന മരിയാന ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.
നട്ടെല്ലിന് പരുക്കേറ്റെന്ന വിവരം മരിയാന തന്നെയാണ് പങ്കുവച്ചതും. തീര്‍ത്തും അപ്രതീക്ഷിതമായ നിമിഷങ്ങളിലാണ് നമ്മുടെ മനക്കട്ടി പരീക്ഷിക്കപ്പെടുന്നതെന്നായിരുന്നു മരിയാന കുറിച്ചത്. വീണ് നടുവൊടിഞ്ഞെങ്കിലും വൈറല്‍ ചാലഞ്ച് ചെയ്തതില്‍ തനിക്ക് കുറ്റബോധമൊന്നും ഇല്ലെന്ന് മരിയാന പറയുന്നു. വീണത് കൊണ്ട് താന്‍ കുറേക്കൂടെ വൈറലായെന്നും ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദിയെന്നും അവര്‍ കുറിച്ചു.
എന്താണ് സ്റ്റിലെറ്റോ?
നിക്കി മിനാജിന്‍റെ ഹൈ സ്കൂള്‍ പാട്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന സ്റ്റിലെറ്റോ ചലഞ്ചിന്‍റെ അടിസ്ഥാനം. ഹൈ ഹീല്‍സ് ധരിച്ച് അതി വിദഗ്ധമായി പാട്ടിനൊപ്പം വീഴാതെ ബാലന്‍സ് ചെയ്ത് ചുവടുകള്‍ വയ്ക്കുന്നതാണ് ഡാന്‍സില്‍. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഹിറ്റ് പാട്ട് പശ്ചാത്തലത്തില്‍ ഇട്ട ശേഷം കുപ്പിയുടെയും മറ്റ് വസ്തുക്കളുടെയും പുറത്ത് ഹൈ ഹീല്‍സ് ധരിച്ച് ബാലന്‍സ് ചെയ്ത് കയറിയിരിക്കുന്നതാണ് അതിവേഗം ട്രെന്‍ഡിങിലെത്തിയത്. അങ്ങേയറ്റം അപകടം പിടിച്ച ചാലഞ്ചാണിതെന്നും പലരും കുറിച്ചിട്ടുണ്ട്.