Protesters, predominantly Houthi supporters, demonstrate to show solidarity with the Palestinians in the Gaza Strip, in Sanaa, Yemen May 23, 2025. REUTERS/Khaled Abdullah
ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതിനൊപ്പം സബ്സീ കേബിളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കമ്പനികളെ പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ 99 ശതമാനം അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കും കടന്നുപോകുന്നതിനാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ സബ്സീ കേബിളുകള്‍ നിര്‍ണായകമാണ്.
കേബിളുകളുടെ അറ്റകുറ്റപണിക്കായി മേഖലയിലെത്തുന്ന കപ്പലുകളെ ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ്. ആക്രമണ ഭീഷണി ഉയര്‍ന്നതോടെ കേബിളുകളുടെ സുരക്ഷയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുകയും പലമടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാകാതിരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് കമ്പനികള്‍. സുരക്ഷാഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ കേബിളുകള്‍ അറ്റകുറ്റപണി പൂര്‍ത്തികയാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൈറ്റ്‌സ്റ്റോം സിഇഒ അമജിത് ഗുപ്ത പറഞ്ഞു. 21,000 കിലോമീറ്റർ സബ്സീ കേബിൾ ശൃംഖല കമ്പനി നിയന്ത്രിക്കുന്നുണ്ട്.
സമുദ്രത്തിന്റെ അടിത്തട്ടിൽ സ്ഥാപിച്ചിട്ടുള്ള ഫൈബർ ഒപ്റ്റിക് കേബിളുകള്‍ വഴിയാണ് ഇന്ത്യയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിങ് മുതൽ സാമ്പത്തിക ഇടപാടുകൾ വരെ മിക്കവാറും എല്ലാ ഓൺലൈൻ പ്രവർത്തനങ്ങൾക്കും ഇത് നിർണായകമാണ്. ഗൂഗിളിന്റെ ബ്ലൂ-രാമൻ, ഭാരതി എയർടെല്ലിന്റെ 2Africa, Sea-Me-We 6, റിലയൻസ് ജിയോയുടെ ഇന്ത്യ-യൂറോപ്പ്-എക്‌സ്പ്രസ് തുടങ്ങിയ പ്രധാന സബ്സീ കേബിളുകളെല്ലാം ചെങ്കടലിലെ ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. മുംബൈയിലെയും ചെന്നൈയിലെയും കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളിലേക്ക് ഇവ എത്തുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഡാറ്റാ ട്രാഫിക്കിന്റെ സിംഹഭാഗവും ഈ കേബിളുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
2023 ല്‍ തന്ത്രപ്രധാന ചെക്ക്പോയിന്‍റായ ബാബ് എൽ-മണ്ടേബിന് സമീപം കേബിൾ മുറഞ്ഞതോടെ ഇന്ത്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഡാറ്റാ വേഗത കുറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ അന്തര്‍വാഹിനി അറ്റകുറ്റപണിക്കുള്ള കപ്പല്‍ തടഞ്ഞ് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം അടക്കം നിലനില്‍ക്കുന്നതിനാല്‍ കമ്പനികള്‍ കണക്ടിവിറ്റിയെ സ്ട്രാറ്റജി പൂര്‍ണമായും മാറിചിന്തിക്കുകയാണ്. പുതിയ ഭീഷണി മറികടക്കാന്‍ കമ്പനികള്‍ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉപയോഗിക്കുകയാണെന്നാണ് വിവരം. കടലിനടിയിലെയും കരയിലൂടെയും ഉള്ള പാതകൾ സംയോജിപ്പിക്കുന്ന ഹൈബ്രിഡ് ശൃംഖലയാണിത്.