യു.എസിലെ ഇന്ത്യന്‍ വംശജരായ നാല് വയോധികരെ കാണാതായതായി പരാതി. ന്യൂയോര്‍ക്കില്‍ നിന്ന് പെന്‍സില്‍വാനിയയിലേക്ക് റോഡ് ട്രിപ്പ് പോയതാണ് നാലുപേരും. ഡോ. കിഷോര്‍ ദിവാന്‍ (89), ആശ ദിവാന്‍ (85), ഷൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരെയാണ് കാണാതായിരിക്കുന്നത്.
ജൂലൈ 29ന് എറിയിലുള്ള പീച്ച് സ്ട്രീറ്റില്‍ ഇവര്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കടയ്ക്ക് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തുനിന്നാണ് അവസാനമായി ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നതും. പാലസ് ഓഫ് ഗോള്‍ഡിലേക്കുള്ള യാത്രക്കിടെയാണ് നാലുപേരെയും കാണാതായത് എന്നാണ് സൂചന.
ചൊവ്വാഴ്ചത്തേക്ക് പാലസ് ഓഫ് ഗോള്‍ഡിനു സമീപം താമസിക്കാനുള്ള മുറിയടക്കം ഇവര്‍ ബുക്ക് ചെയ്തിരുന്നു. പക്ഷേ ആരും ഇവിടേക്ക് എത്തിയില്ല. ജൂലൈ 29ന് ശേഷം നാലുപേരുടെയും ഫോണ്‍ സ്വിച്ച് ഓഫുമാണ്. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.