child

പ്രതീകാത്മക ചിത്രം (എ.ഐ ജനറേറ്റഡ്).

TOPICS COVERED

കെട്ടിടത്തിന്‍റെ 18–ാം നിലയില്‍ നിന്ന് താഴേക്ക് വീണ മൂന്നു വയസ്സുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞിനെ ഉറക്കികിടത്തി മുത്തശ്ശനും മുത്തശ്ശിയും സമീപത്തുള്ള കടയിലേക്ക് വീട്ടുസാധനങ്ങള്‍ വാങ്ങാനായി പോയപ്പോഴാണ് സംഭവം. ഫ്ലാറ്റിന്‍റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ടിയാണ് ഇരുവരും പോയത്. എന്നാല്‍ മുത്തശ്ശനും മുത്തശ്ശിയും തിരികെ വരുന്നതിന് മുന്‍പ് കുഞ്ഞ് ഉറക്കമുണര്‍ന്ന് ശുചിമുറിയിലേക്ക് കയറി. അവിടെ നിന്ന് പുറത്തേക്ക് തുറന്നുകിടന്നിരുന്ന മറ്റൊരു വാതിലിനരികിലെത്തി. സുരക്ഷാവേലിയില്ലാത്ത കെട്ടിടത്തിന്‍റെ ഈ ഭാഗത്ത് നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. ചൈനയിലെ ഹാങ്സുവിലുള്ള സീചിയാങ് പ്രവിശ്യയിലാണ് സംഭവം.

കുഞ്ഞ് കെട്ടിടത്തില്‍ നിന്ന് വീണത് ഒരു മരത്തിന്‍റെ മുകളിലേക്കായിരുന്നു. ഇതില്‍ നിന്നാണ് പിന്നീട് നിലത്തേക്ക് വീണത്. മരത്തില്‍ കുറച്ചുനേരം തങ്ങിനിന്നതിനുശേഷം നിലത്തേക്ക് വീണതാണ് രക്ഷയായത്. സമീപവാസിയാണ് കുഞ്ഞ് നിലത്തുവീണ് കിടക്കുന്നത് ആദ്യം കണ്ടത്. കുഞ്ഞ് വീണുകിടക്കുന്നതിന്‍റെ വിഡിയോ പകര്‍ത്തി ഇയാള്‍ ഫ്ലാറ്റിന്‍റെ സമൂഹമാധ്യമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഇത് കണ്ട കുഞ്ഞിന്‍റെ പിതാവ് ഉടന്‍ തന്നെ ഫ്ലാറ്റിലേക്ക് ഓടിയെത്തി.

ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ നടുക്കുന്നതായിരുന്നു എന്നാണ് പിതാവ് പിന്നീട് പറഞ്ഞത്. 18–ാം നിലയില്‍ നിന്നാണ് കുഞ്ഞ് വീണതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് പിതാവ് പറയുന്നു.17–ാം നിലയില്‍ ഒരു ജനാല തുറന്നുകിടന്നിരുന്നു. അതാണ് രക്ഷയായത്. അതില്‍ തട്ടിയാണ് കുഞ്ഞ് മരത്തിലേക്ക് വീണത്. അല്ലായിരുന്നുവെങ്കില്‍ നേരെ തറയിലേക്ക് വീഴുമായിരുന്നു. മരത്തില്‍ നിന്ന് കുറ്റിക്കാട് പോലെയുള്ള ഭാഗത്തേക്കാണ് കുഞ്ഞ് വീണതെന്നും അവനെ ജീവനോടെ കിട്ടിയത് ഭാഗ്യം എന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ക്കും പറയാനുണ്ടായിരുന്നത് കുഞ്ഞിന്റെ അദ്ഭുതരക്ഷയെക്കുറിച്ചായിരുന്നു. കുഞ്ഞിന്‍റെ ഇടത് കൈക്ക് ഒടിവ് പറ്റിയിട്ടുണ്ട്. നട്ടെല്ലിനും ആന്തരിക അവയവങ്ങള്‍ക്കും പരുക്കുണ്ട്. തലയ്ക്ക് ഒരു പോറല്‍ പോലുമേറ്റിട്ടില്ല എന്നതാണ് അദ്ഭുതം. മാത്രമല്ല കുഞ്ഞിന് ബോധം നഷ്ടമായില്ലെന്നതും അമ്പരപ്പുണ്ടാക്കി. അതേസമയം വീണതിന്‍റെയോ പരുക്കേറ്റതിന്‍റെയോ യാതൊരു ഭാവമാറ്റവും ഇല്ലാതെ കളിപ്പാട്ടം വാങ്ങിത്തരാനാണ് അവന്‍ ആദ്യം ആവശ്യപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിനെ രക്ഷിച്ച ആ മരത്തിന് ചുവന്ന പൂക്കള്‍ അര്‍പ്പിച്ചാണ് പിതാവ് നന്ദിയറിയിച്ചത്. നന്ദിയറിയിക്കാനായി ആളുകള്‍ ചൈനയില്‍ പൊതുവായി സ്വീകരിക്കുന്ന മാര്‍ഗമാണിത്. ആ മരമില്ലായിരുന്നുവെങ്കില്‍ എന്‍റെ കുഞ്ഞിന്‍റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ആലോചിക്കാനാകുന്നില്ല. ഇത്രയുമെങ്കിലും ആ മരത്തോട് ചെയ്യാതിരിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു പിന്നീട് കുഞ്ഞിന്‍റെ പിതാവ് പ്രതികരിച്ചത്.

ENGLISH SUMMARY:

A three year-old boy in China miraculously survived a fall from the 18th floor of his apartment. The incident occurred in Hangzhou, Zhejiang province, when the little boy was left in the care of his grandparents. Believing that the child was asleep, the grandparents briefly left home to buy groceries, locking the door of the flat to ensure that the toddler stayed inside. However, the child woke up and went to the bathroom, where he climbed onto the toilet and out of an unlocked window that had no safety bars, plunging down. The boy's fall was broken by a tree, and he miraculously survived.