hearing-loss

Ai Generated Image

മണിക്കൂറുകളോളം ചീവീടുകളുടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് 18കാരന് താല്‍ക്കാലികമായി കേള്‍വി നഷ്ടപ്പെട്ടു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലാണ് സംഭവം.  'യാങ്' എന്ന യുവാവിനാണ് ചീവീടുകളുടെ ശബ്ദം മൂലം താല്‍ക്കാലികമായി കേള്‍വി നഷ്ടമായത്. പ്രകൃതിദത്തമായ ശബ്ദങ്ങൾ ആരോഗ്യത്തിന് ഹാനികരമല്ലെന്ന വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നതിനാല്‍ യാങ്ങിന്‍റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്.

ജൂലൈ മാസത്തിന്‍റെ തുടക്കത്തിലാണ് യാങ് ക്യാംപിങ്ങിന്‍റെ ഭാഗമായി കാട്ടിലേക്ക് പുറപ്പെട്ടത്. ഉച്ചയോടടുത്ത് കാടിനുള്ളിൽ ചീവീടുകളുടെ കൂട്ടത്തോടെയുള്ള കരച്ചിൽ അതിരൂക്ഷമായി മാറി.  ഉയര്‍ന്ന ശബ്ദമലിനീകരണത്തില്‍ നിന്ന് കാതുകളെ സംരക്ഷിക്കാനുളള ഇയര്‍ പ്ലഗ്ഗുകളോ മറ്റ് സാമഗ്രികളോ യാങ് കയ്യില്‍ കരുതിയിരുന്നില്ല. തുടര്‍ച്ചയായി നാലുമണിക്കൂറോളം ചീവീടുകളുടെ ശബ്ദം കേട്ടതോടെ യാങ്ങിന്‍റെ കാതുകളിൽ വീക്കവും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങി. പിന്നീട് ഉയര്‍ന്ന ഫ്രീക്വന്‍സിയിലുളള ശബ്ദങ്ങള്‍ യാങ്ങിന് തീരെ കേള്‍ക്കാന്‍ പറ്റാതായി. പക്ഷികളുടെ ശബ്ദം, ഫോണിന്‍റെ ശബ്ദം ഇതൊന്നും കേള്‍ക്കാനാകാത്ത അവസ്ഥ ആയതോടെ യാങ് ആശുപത്രിയെ സമീപിക്കുകയായിരുന്നു.

ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് അമിത ശബ്ദം കാരണം താൽക്കാലിക കേൾവി തകരാറ് സംഭവിച്ചതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കൃത്യമായ ചികിത്സയ്ക്കും 14 ദിവസത്തെ പൂർണ വിശ്രമത്തിനും ശേഷമാണ് യുവാവിന് കേൾവി ശക്തി സാധാരണ നിലയിലായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം വേനൽക്കാലത്ത് ചീവീടുകളുടെ ശബ്ദം കാരണം കേൾവി വൈകല്യം സംഭവിച്ച് നിരവധി രോഗികൾ എത്താറുണ്ടെന്ന് സംഭവത്തിന് പിന്നാലെ നിങ്ബോ ഹോസ്പിറ്റലിലെ ഇ.എൻ.ടി വിഭാഗം സീനിയർ ഡോക്ടർ 'ലി ജി' പ്രതികരിച്ചു. സാധാരണഗതിയില്‍ ഒരു ചീവീട് പുറപ്പെടുവിക്കുന്ന  ശബ്ദം 70 ഡെസിബെൽ ആണെങ്കിലും കൂട്ടമായുളള ചീവീടിന്‍റെ കരച്ചില്‍ കാതുകള്‍ക്ക് വീക്കമുണ്ടാക്കാമെന്ന് ഡോക്ടർ 'ലി ജി' പറയുന്നു. ചീവീടുകളുടെ കൂട്ടക്കരച്ചില്‍ 85 ഡെസിബെല്ലിന് മുകളിലേക്ക് ഉയരുന്നത് തുടര്‍ച്ചയായി കേട്ടാല്‍ അത് മനുഷ്യന്‍റെ കേൾവിശക്തിയെ ബാധിക്കാന്‍ സാധ്യത ഏറെയാണെന്നും ഡോക്ടർ 'ലി ജി' വ്യക്തമാക്കി.

ഇത്തരം ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ ചെവിക്കുള്ളിലെ കോക്ലിയയിലുള്ള 'ഹെയർ സെല്ലുകളിൽ' നീർക്കെട്ട് ഉണ്ടാകുന്നു. ഇത് കൃത്യമായ വിശ്രമത്തിലൂടെ ഒന്ന് രണ്ട് ആഴ്ചയ്ക്കുളളില്‍ പൂർവ്വസ്ഥിതി പ്രാപിക്കുമെങ്കിലും ഈ ഹെയർ സെല്ലുകൾ പൂർണമായി നശിച്ചുപോയാൽ അവ പിന്നീട് പുനർജനിക്കില്ല. ഇത് കേള്‍വിത്തകരാറിന് കാരണമായേക്കും. തുടര്‍ന്ന് കേള്‍വിത്തകരാറ് സംഭവിച്ച വ്യക്തിക്ക് ഹിയറിംഗ് എയ്ഡുകളെ ആശ്രയിക്കേണ്ടി വരികയും ചെയ്യുമെന്നും ഡോക്ടര്‍ 'ലി ജി' കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Temporary hearing loss occurred in an 18-year-old due to prolonged exposure to loud cricket sounds during a camping trip. This incident highlights the potential health risks associated with natural sounds when they reach excessively high decibel levels.