ഓയില്‍ റിസര്‍വുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ ട്രംപിനെ പറ്റിച്ചതാണെന്ന് ബലൂച് നേതാവ് മിര്‍ യാര്‍ ബലൂച്. യു.എസ് പ്രസിഡന്‍റിന് അയച്ച തുറന്ന കത്തിലാണ് ബലൂച് നേതാവിന്‍റെ പരിഹാസം. ഓയില്‍ റിസര്‍വും പ്രകൃതി വാതകവും കോപ്പറും ലിഥിയവും യുറേനിയവും അടക്കമുള്ള പ്രകൃതി വിഭവങ്ങളുടെ ശേഖരം 'റിപ്പബ്ലിക്ക് ഓഫ് ബലൂചിസ്ഥാനില്‍' ആണെന്നും കത്തിലുണ്ട്.
'പ്രദേശത്തെ എണ്ണ–ധാതു ശേഖരത്തെ പറ്റിയുള്ള നിങ്ങളുടെ ധാരണ ശരിയാണ്. എന്നാല്‍ മേഖലയുടെ യഥാര്‍ഥ ഭൂമിശാസ്ത്രത്തെയും ഉടമസ്ഥാവകാശത്തെയും പറ്റി ജനറൽ അസിം മുനീർ നിങ്ങളെ പറ്റിച്ചിട്ടുണ്ട്. എണ്ണയും പ്രകൃതിവാതകവും ധാതു സമ്പത്തുകളും പാക്കിസ്ഥാനില്‍ അല്ല. പാക്കിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന റിപ്പബ്ലിക്ക് ഓഫ് ബലൂചിസ്ഥാനിലാണ്. ഇത് പാക്കിസ്ഥാനിലാണെന്ന വാദം തെറ്റാണെന്ന് മാത്രമല്ല ബലൂചിസ്ഥാന്‍റെ സമ്പത്ത് രാഷ്ട്രീയ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുകയാണ്' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബലൂച് ജനതയുടെ സമ്മതമില്ലാതെ പാക്കിസ്ഥാനെയോ ചൈനയെയോ മറ്റേതെങ്കിലും വിദേശ ശക്തിയെയോ ബലൂചിസ്ഥാന്‍റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും കത്തിലുണ്ട്.
ഇന്ത്യയ്ക്ക് നേരെ 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ശേഷമാണ് പാക്കിസ്ഥാനുമായി യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഊര്‍ജ കരാര്‍ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍റെ വൻതോതിലുള്ള എണ്ണ ശേഖരം ഉപയോഗപ്പെടുത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ എണ്ണ വില്‍ക്കുന്ന കാലം വരില്ലെന്ന് ആരു കണ്ടു എന്ന് കൊള്ളിച്ച് പറഞ്ഞാണ് ട്രംപ് സമൂഹമാധ്യമത്തിലെ കുറിപ്പ് അവസാനിപ്പിച്ചത്. ഇതിന് പിന്നിലെ പാക്കിസ്ഥാനിലെ ഏറ്റവും വലിയ റിഫൈനറിയായ സിനര്‍ജൈക്കോ 10 ലക്ഷം ബാരൽ അമേരിക്കൻ എണ്ണ ഇറക്കുമതി ചെയ്യാൻ വിറ്റോളുമായി കരാർ ഉറപ്പിച്ചിട്ടുണ്ട്.