nimisha-priya-thalal-n

TOPICS COVERED

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ തടഞ്ഞതിന്‍റെ ക്രെഡിറ്റ് സംബന്ധിച്ച് തര്‍ക്കം തുടരവേ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താ മെഹ്ദി. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞതിനര്‍ഥം വിധി റദ്ദാക്കി എന്നല്ലെന്ന് തലാലിന്‍റെ സഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

‘ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത് അസാധാരണമല്ല. ഇത്ര കോലാഹലം ഉണ്ടാക്കാൻ പോന്നത്ര വലിയ അല്‍ഭുതവുമല്ല. സമാനമായ കേസുകളിൽ പലപ്പോഴും സംഭവിക്കാറുള്ള സ്വാഭാവികനടപടി മാത്രമാണ്. നിയമത്തെക്കുറിച്ച് അൽപ്പമെങ്കിലും ബോധമുള്ള ആര്‍ക്കും ഇത് നന്നായറിയാം’ – അബ്ദുള്‍ ഫത്താ മെഹ്ദി കുറിച്ചു. 

‘സെഷൻസ് കോടതിക്ക് നിശ്ചിത കാലയളവിലേക്ക് വിധി നടപ്പാക്കുന്നത് മാറ്റിവെക്കാൻ അധികാരമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാല്‍ ഞങ്ങളുടെ ഉണങ്ങാത്ത മുറിവുകളില്‍ പടുത്തുയര്‍ത്തിയ വ്യാജ വിജയത്തിനായി നിങ്ങള്‍ പ്രാര്‍ഥിക്കരുത്. സത്യം പരാജയപ്പെടില്ല. ശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി ഉടന്‍ വരും’ – മെഹ്ദി പറയുന്നു. ALSO READ: 'കാന്തപുരത്തിന് വേണ്ടി തലാലിന്‍റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു'; വിഡിയോയുമായി കെ.എ പോള്‍ ...

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ വടക്കന്‍ യെമനിലെ പ്രാദേശിക ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം ഉണ്ടായതെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടില്ല.

വധശിക്ഷ തടഞ്ഞതിനുപിന്നാലെ ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തലാല്‍ കുടുംബം രംഗത്തെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അറ്റോര്‍ണി ജനറലിന് കത്തു നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പങ്കിടരുതെന്ന് ഭര്‍ത്താവ് ടോമി തോമസും പ്രതികരിച്ചിരുന്നു. മോചനത്തിന് ഇത് തടസമാകുമെന്നാണ് കുടുംബത്തിന്‍റെ നിലപാട്.

ENGLISH SUMMARY:

Amid ongoing confusion over the delayed execution of Nimisha Priya—an Indian nurse on death row in Yemen—new statements from the victim's family have reignited the debate. Abdul Fattah Mehdi, brother of the deceased Talal Abdul Mehdi, clarified via Facebook that the postponement does not mean the sentence is canceled. He asserted that such delays are common and urged people not to celebrate a false victory. Meanwhile, conflicting reports about diplomatic negotiations and legal interventions continue, with Nimisha’s husband warning against misinformation that could jeopardize her release. The final decision on a new execution date is now awaited.