• കരാര്‍ വിവരം പുറത്തുവിട്ടത് ട്രൂത്ത് സോഷ്യലിലൂടെ
  • ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം ഇറക്കുമതിത്തീരുവയും പിഴയും
  • സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാനിലെ എണ്ണപ്പാടങ്ങളുടെ വികസനത്തിന് യുഎസുമായി കരാറിലെത്തിയെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അതേസമയം ഏത് അമേരിക്കന്‍ കമ്പനിയാകും ഇക്കാര്യത്തിന് മുന്‍കൈയെടുക്കുകയെന്നതില്‍ തീരുമാനമായില്ല. കരാര്‍ നിലവില്‍ വരുന്നതോടെ എന്നെങ്കിലും ഒരിക്കല്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു.  ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധികത്തീരുവ ചുമത്തി മണിക്കൂറുകള്‍ക്കകമാണ് പാക്കിസ്ഥാനുമായി കരാറിലെത്തിയ വാര്‍ത്ത ട്രംപ് പുറത്തുവിട്ടത്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിര്‍ത്തിരുന്നു. 

'എണ്ണപ്പാടങ്ങളുടെ വികസനത്തിനായി പാക്കിസ്ഥാനും അമേരിക്കയും കൂട്ടായി പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് അമേരിക്കയുടെ സഹായമുണ്ടാകും. അതേസമയം, ഏത് കമ്പനിയാകും നേതൃത്വം വഹിക്കുകയെന്നതില്‍ ആലോചനകള്‍ നടക്കുന്നതേയുള്ളൂ. ഒരിക്കല്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണവില്‍ക്കില്ലെന്ന് ആര് കണ്ടു?' എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. അമേരിക്കയെ അതീവ സന്തോഷത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന ചില രാജ്യങ്ങളുടെ നേതാക്കന്‍മാരുമായി താന്‍ സംസാരിച്ചുവെന്നും  വ്യാപാരത്തീരുവ സംബന്ധിച്ച് പല രാജ്യങ്ങളും യുഎസ് അനുകൂല നിലപാട് സ്വീകരിച്ചുവെന്നും ട്രംപ് വിശദീകരിക്കുന്നു. ദക്ഷിണ കൊറിയയ്ക്ക് നിലവില്‍ 25 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് തീരുമാനമെന്നറിയാല്‍ കാത്തിരിക്കുകയാണെന്നും മറ്റ് രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഓഫറുകളിലും തനിക്ക് താല്‍പര്യമുണ്ടെന്നും ഇവയെല്ലാം അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, യുഎസ് പ്രഖ്യാപിച്ച 25 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താല്‍ക്കാലികമായെങ്കിലും ബാധിക്കും എന്നുറപ്പ്. കാര്‍ഷികോല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍, ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍  തുടങ്ങിയ മേഖലകളിലാണ് കാര്യമായ പ്രഹരം ഉണ്ടാവുക. രാജ്യത്തിന്റെ ഏറ്റവു വലിയ വ്യാപാര പങ്കാളികളില്‍ ഒന്നായിരുന്ന യുഎസിലേക്കായിരുന്നു ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനവും. മല്‍സ്യം, മാംസം, സംസ്കരിച്ച സമുദ്രോല്‍പന്നങ്ങള്‍, പഞ്ചസാര, കൊക്കോ, സുഗന്ധദ്രവ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഐ ഫോണ്‍ ഉല്‍പാദനം, ടെക്സ്റ്റൈല്‍, റ ബര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാകും തീരുവ സാരമായി ബാധിക്കുക. 

ENGLISH SUMMARY:

US President Trump announced a US-Pakistan agreement for oil field development, suggesting Pakistan will eventually sell oil to India. This development comes as the US imposes new 25% tariffs on India, impacting various sectors of its economy.