Image Credit: instagram.com/kalashnicole

Image Credit: instagram.com/kalashnicole

സംഗീതനിശ കാണാനെത്തിയവര്‍ ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് തിരികെ വേദിയിലെത്തി ടോപ്​ലെസ് ആയി പരിപാടി പൂര്‍ത്തിയാക്കി ഗായിക. ഫ്രഞ്ച് പോപ് ബാന്‍ഡായ ലുലു വാന്‍ ട്രാപിലെ പ്രമുഖ ഗായികയായ റെബേക്ക ബേബിയാണ് വേറിട്ട പ്രതിഷേധം നടത്തിയത്. ലൈവ് സംഗീതനിശയ്ക്കിടെ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിയതായിരുന്നു റെബേക്ക. ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങിയതും ഒരു കൂട്ടം പുരുഷന്‍മാര്‍ റെബേക്കയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു. പെട്ടെന്ന് നടുങ്ങിപ്പോയെങ്കിലും തിരികെ വേദിയിലെത്തിയ റെബേക്ക തന്‍റെ മേല്‍വസ്ത്രങ്ങള്‍ പൂര്‍ണമായും ഊരിയെറിഞ്ഞു. പരിപാടി പൂര്‍ത്തിയാക്കുകയും ചെയ്തു. 'സമ്മതം, സ്വയംനിയന്ത്രണം, പൊതുവിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ എന്നിവ ചര്‍ച്ചയാക്കുന്നതിനാണ്' താന്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചതെന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തി. 

ശനിയാഴ്ചയായിരുന്നു സംഭവം. ആളുകള്‍ കയറിപ്പിടിച്ചതിന് പിന്നാലെ തിരികെ വേദിയിലെത്തിയ റെബേക്ക തനിക്ക് നേരെ ഉണ്ടായ അതിക്രമത്തെ കുറിച്ച് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരോട് തുറന്ന് പറഞ്ഞു. 'ഒന്നുകില്‍  ഈ  പരിപാടി ഇവിടെ അവസാനിപ്പിക്കാം. എല്ലാവര്‍ക്കും, പ്രത്യേകിച്ചും എനിക്ക് അത് നഷ്ടമാണ്. അതുകൊണ്ട് ഞാന്‍ തുടരാന്‍ തീരുമാനിക്കുകയാണ്. കാര്യങ്ങള്‍ സാധാരണനിലയിലേക്ക് പോകുന്നത് വരെ ഞാന്‍ ടോപ്​ലെസ് ആയി തുടരും. ലൈംഗിക അവയവങ്ങളായി മാത്രം സ്ത്രീ ശരീരങ്ങളെ കാണുന്ന നിങ്ങളുടെ തലച്ചോറിന് അത് അങ്ങനെയല്ലെന്ന് ബോധ്യമാകും വരെ പ്രതിഷേധം തുടരു'മെന്നും വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് അവര്‍ കുറിച്ചിരുന്നു. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.  

റെബേക്കയ്ക്ക് നേരിട്ട ദുരനുഭവം നടുക്കുന്നതാണെന്നും ഗായികയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും ഫെസ്റ്റിവലിന്‍റെ സംഘാടകര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ' ഇത്തരം പെരുമാറ്റം വകവച്ച് കൊടുക്കാന്‍ കഴിയില്ല. പരസ്പര ബഹുമാനം, അനുകമ്പ, എല്ലാവരെയും ഉള്‍ക്കൊള്ളല്‍,  വൊളന്‍റിയേഴ്സ്, ആര്‍ടിസ്റ്റുകള്‍, പങ്കാളികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പുവരുത്തല്‍  തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ട നടപടിയാണിത്. ശക്തമായി അപലപിക്കുന്നു. ഈ ആഘോഷം സ്വാതന്ത്ര്യം പങ്കുവയ്ക്കാനും സുരക്ഷ അനുഭവിക്കാനും ഭയലേശമെന്യേ എല്ലാവര്‍ക്കും സന്തോഷിക്കാനുമുള്ള ഇടമാണ്. സംഗീതം എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്നും സംഘാടകര്‍ വിശദീകരിച്ചു. റെബേക്കയ്ക്ക് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങള്‍ നല്‍കുന്നത്. ഇത്രയും ധീരമായ പ്രവര്‍ത്തി അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലെന്നും ആളുകള്‍ കുറിച്ചു.

ENGLISH SUMMARY:

Pop star Rebecca Bay bravely protested sexual assault during a live concert by returning to the stage topless, aiming to spark essential discussions on consent. Her powerful act highlighted the critical need for women's safety and respect in public spaces