Image Credit: x.com/nabilajamal
ടേക്ക് ഓഫിന് പിന്നാലെ ബോയിങ് 787 വിമാനത്തിന്‍റെ എന്‍ജിന്‍ തകരാറിലായതോടെ മേയ് ഡേ സന്ദേശം നല്‍കേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലാണ് സംഭവം. വാഷിങ്ടണിലെ ഡാളസ് വിമാനത്താവളത്തില്‍ നിന്ന് മ്യൂണിച്ചിലേക്ക് പറന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ UA108 വിമാനമാണ് ആകാശദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
വിമാനം പറന്നുയര്‍ന്ന് 5000 അടി ഉയരെ എത്തിയതോടെയാണ് എന്‍ജിന്‍ തകരാര്‍ സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എടിസിയെ വിവരമറിയിച്ച് അടിയന്തര ലാന്‍ഡിങിന് അനുമതി തേടുകയായിരുന്നു. രണ്ട് മണിക്കൂര്‍ 38 മിനിറ്റ് പറന്ന വിമാനം ഇന്ധനം മുഴുവന്‍ എരിച്ച് കളഞ്ഞതിന് പിന്നാലെ തിരികെ ലാന്‍ഡ് ചെയ്തു. വിമാനത്തിന്‍റെ ഭാരം നിയന്ത്രണം സുഗമമാക്കുന്നതിനായി 6000 അടിയാണ് നിലനിര്‍ത്തിയത്.
ഇടത്തേ എന്‍ജിന്‍ പണിമുടക്കിയതോടെ ലാന്‍ഡിങില്‍ സ്വയം മുന്നോട്ട് നീങ്ങാന്‍ വിമാനത്തിന് കഴിഞ്ഞില്ല. ഒടുവില്‍ പുഷ്ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ചാണ് വിമാനത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അഹമ്മദാബാദ് വിമാനാപകടമുണ്ടായി ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് ബോയിങ് വിമാനത്തിന് ടേക്ക് ഓഫിന് പിന്നാലെ വീണ്ടും എന്‍ജിന്‍ തകരാര്‍ കണ്ടെത്തുന്നത്. 241 പേരാണ് അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊലപ്പെട്ടത്.