ടോള്‍ ബൂത്തില്‍ വാഹനം ഒന്നെടുക്കാന്‍ വൈകിയാല്‍ നമ്മുടെ നാട്ടില്‍ നീട്ടി ഹോണടിയും ചീത്തവീളിയും പതിവാണ്. ഈ സാഹചര്യത്തില്‍ ടോള്‍ ഗേറ്റ് പണിമുടക്കിയാലുള്ള അവസ്ഥ പറയണോ. ടോള്‍ പണിമുടക്കുന്ന അവസ്ഥ അങ്ങ് ജപ്പാനിലുണ്ടായി. കേടായ ടോള്‍ ബൂത്തിലൂടെ സൗജന്യ യാത്ര അനുവദിച്ചിട്ടും യാത്ര ചെയ്തതിന്‍റെ പണം നല്‍കിയ ജപ്പാന്‍കാര്‍ക്ക് കയ്യടിയാണ് സോഷ്യല്‍ ലോകത്ത്.
ജപ്പാനിലെ തിരക്കുള്ള പാതയിലെ ടോള്‍ സിസ്റ്റമാണ് തകരാറിലായത്. അതിനാല്‍ തന്നെ ടോള്‍ ഗേറ്റിലൂടെ വാഹനങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ശേഷം യാത്രക്കാര്‍ക്ക് ഓൺലൈനായി ഫീസ് അടയ്ക്കാൻ അവസരമൊരുക്കി. സൗജന്യ യാത്ര സ്വീകരിച്ചതില്‍ 24,000 പേർ പിന്നീട് പണം അടച്ചെന്നാണ് റിപ്പോര്‍ട്ട്. ജപ്പാൻ ടുഡേയിലെ റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ എട്ട്, ഒന്‍പത് തീയതികളിലാണ് തകരാര്‍ സംഭവിച്ചത്.
ഏകദേശം 38 മണിക്കൂർ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം തകരാറിലായി. ടോക്കിയോയിലെ ടോമി, ചുവോ എക്സ്പ്രസ് വേകളിലെയും കനഗാവ, യമനാഷി, നാഗാനോ, ഷിസുവോക്ക, ഐച്ചി, ഗിഫു, മീ എന്നിവിടങ്ങളിലെയും 106 ടോൾ ഗേറ്റുകളിലെ മെഷിനുകളാണ് പണി പറ്റിച്ചത്. ഇതോടെ എക്സ്പ്രസ് വേ ഓപ്പറേറ്ററായ സെൻട്രൽ നിപ്പോൺ എക്സ്പ്രസ് വേ കമ്പനി ടോൾ ഗേറ്റുകള്‍ തുറന്നു കൊടുത്തു.
ടോള്‍ സംവിധാനം തകരാറിലായ സമയത്ത് ഏകദേശം 9,20,000 കാറുകള്‍ എക്‌സ്പ്രസ് വേകളിലൂടെ ഓടുന്നുണ്ടായിരുന്നു. എന്നാലിവ തകരാറിലായ പ്രദേശങ്ങളിലൂടെയാണോ സഞ്ചരിച്ചിരുന്നത് എന്ന് വ്യക്തമല്ല. ഇതില്‍ 24,000 പേരാണ് പണമടയ്ക്കാന്‍ തയ്യാറായി വന്നത്. എന്നാല്‍ ടോള്‍ സംവിധാനം തകരാറിലായ സമയത്ത് കടന്നുപോയ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കുകയാണെന്ന് കമ്പനി പിന്നീട് അറിയിച്ചു. ടോള്‍ അടച്ച ഡ്രൈവര്‍മാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.