Image Credit: BBC

ഭീമമായ ഇന്‍ഷൂറന്‍സ് തുക സ്വന്തമാക്കുന്നതിനായി ഇരുകാലുകളും സര്‍ജന്‍ സ്വയം മുറിച്ചു നീക്കി. ബ്രിട്ടീഷുകാരനായ നീല്‍ ഹോപ്പറാ(49)ണ് സ്വന്തം  ശരീരത്തോട് ഈ ക്രൂരത ചെയ്തത്. രക്തദൂഷ്യം ബാധിച്ചതിനാല്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നുവെന്നാണ് ഇയാള്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിച്ചത്. രണ്ട് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നായി അഞ്ചരക്കോടിയോളം രൂപ തട്ടിയെടുക്കുന്നതിനായിരുന്നു ഇത്തരത്തില്‍ ചെയ്തത്. 

2019 ജൂണ്‍ മൂന്നിനും 26നും ഇടയിലാണ് ചികില്‍സിച്ച് ഭേദമാക്കാനാവാത്ത രക്തദൂഷ്യം ബാധിച്ചതിനെ തുടര്‍ന്ന് കാലുകള്‍ മുറിച്ച് നീക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ നീല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിച്ചത്. എന്നാല്‍ 2018 ഓഗസ്റ്റ് 21 നും 2020 ഡിസംബര്‍ നാലിനും ശരീരത്തില്‍ മോഡിഫിക്കേഷന്‍ വരുത്തുന്നത് പ്രോല്‍സാഹിപ്പിക്കുന്നതരം വിഡിയോകള്‍  നീല്‍ വാങ്ങിയതായി കണ്ടെത്തി. ഇതാണ് കോടതി തെളിവായി സ്വീകരിച്ചത്. 

 2013 മുതല്‍ എന്‍എച്ച്എസിന്‍റെ റോയല്‍ കോണ്‍വാളിലാണ് സര്‍ജനായി നീല്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ടതിന് പിന്നാലെ 2023 മാര്‍ച്ചില്‍ നീലിനെ ജോലിയില്‍ നിന്നും പുറത്താക്കി. നിയമനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ മെഡിക്കല്‍ റജിസ്ട്രാറും നീലിനെ സസ്പെന്‍ഡ് ചെയ്തു. 

കാലുകള്‍ മുറിച്ചു മാറ്റിയതില്‍ തനിക്ക് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ലെന്നും മൂന്ന് മാസത്തിനുള്ളില്‍ താന്‍ നടന്ന് തുടങ്ങിയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ നീല്‍ വെളിപ്പെടുത്തിയിരുന്നു. വെറും മൂന്ന് മണിക്കൂര്‍ വീതം സമയമെടുത്താണ് താന്‍ കാല്‍പാദങ്ങള്‍ മുറിച്ച് നീക്കിയതെന്നും പക്ഷേ മുന്‍പത്തെക്കാള്‍ ഊര്‍ജസ്വലനായാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും നീല്‍ പറയുന്നു.

ENGLISH SUMMARY:

A shocking case of insurance fraud unfolds in the UK as Dr. Neil Hopper reportedly cut off his own legs over a 3-hour period, aiming for a huge insurance payout. Police arrested him and an accomplice after his online search history for self-amputation was discovered.